ഖത്തറില്‍ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് അനുമതി

Posted on: November 15, 2015 8:35 pm | Last updated: November 15, 2015 at 8:35 pm
SHARE

doctorദോഹ: സ്വദേശികളായ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ക്ക് ഒന്നിലധികം സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ സുപ്രീം കൗണ്‍സില്‍. സുപ്രീം കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്വര്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേഴ്‌സ് ഇതു സംബന്ധിച്ച് സര്‍കുലര്‍ പുറത്തിറക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ലൈസന്‍സിംഗ് സമിതിയാണ് ഖത്വരി ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തത്. ഫിസിഷ്യന്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കുമുള്‍പ്പെടെയുള്ള സ്വദേശി ഡോക്ടര്‍മാര്‍ക്കാണ് ഒന്നിലധികം സ്വകാര്യ ആശപത്രികളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതു ചില നിബന്ധനകള്‍ക്കു വിധേയമായായിരിക്കും എന്ന് സര്‍കുലര്‍ പറയുന്നു. സ്‌പെഷ്യലിസ്റ്റ് ഖത്വരി ഡോക്ടര്‍മാര്‍ കാലാവധിയുള്ള മെഡിക്കല്‍ ലൈസന്‍സ് ഉള്ളവരായിരിക്കണമെന്നും അഞ്ചു വര്‍ഷമെങ്കിലും ചുരുങ്ങിയത് സ്‌പെഷ്യലിസ്റ്റായി പ്രവര്‍ത്തിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
കൂടാതെ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന അധികാരികളില്‍ നിന്നും മറ്റൊരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി രേഖാമൂലം ലഭിച്ചിരിക്കണം. രണ്ടു വര്‍ഷത്തേക്കായിരിക്കും പെര്‍മിറ്റ് നല്‍കുക. ശേഷം പുതുക്കാം. എന്നാല്‍ നിബന്ധനകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ അനുമതി റദ്ദ് ചെയ്യുന്നതിന് അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. സ്‌പെഷ്യലിസ്റ്റിന്റെ സേവനം ആവശ്യമുള്ള സ്ഥാപനത്തിന്റെ മാനേജ്‌മെന്റില്‍ നിന്നും റജിസ്‌ട്രേഷന്‍ വിഭാഗത്തിന് ഔദ്യോഗിക അപേക്ഷ ലഭിക്കുന്ന മുറക്കാണ് ഡോക്ടര്‍മാര്‍ക്ക് ഒന്നിലധികം സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കുക. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തമ്മില്‍ പ്രവര്‍ത്തന സമയം സംബന്ധിച്ച് തര്‍ക്കമുണ്ടാകാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിക്കുന്നു.
ഇങ്ങനെ രണ്ടു സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ ആദ്യത്തെ സ്ഥാപനത്തില്‍ മാത്രമേ സ്ഥിരം ജീവനക്കാരനായി പരിഗണിക്കൂ. ഡോക്ടര്‍മാരുടെ മെഡിക്കല്‍ ലൈസന്‍സ് കാലാവധി വരെ മാത്രമേ പാര്‍ട് ടൈം പ്രവര്‍ത്തനത്തിനും ലൈസന്‍സ് നല്‍കൂ. മെഡിക്കല്‍ ലൈസന്‍സ് പുതുക്കുമ്പോള്‍ ഇതും പുതുക്കണം. നിബന്ധനകള്‍ ലംഘിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കും. തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. പിന്നീട് ആറു മാസത്തിനു ശേഷം മാത്രമേ പാര്‍ട്ട്‌ടൈം പ്രാക്ടീസിന് അപേക്ഷിക്കാനാകൂ. ഇത്തം ഡോക്ടര്‍മാര്‍ക്ക് യഥാര്‍ഥ സ്റ്റാഫായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നിന്നു മാത്രമേ സിക്ക് ലീവ് അനുവദിക്കാനുള്ള അവകാശമുണ്ടാകൂ എന്നും സര്‍കുലറില്‍ പറയുന്നു.