Connect with us

Gulf

ഖത്വറില്‍ കാറുകളുടെ വില ഉയര്‍ന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട്

Published

|

Last Updated

ദോഹ: ഇതര ജി സി സി രാജ്യങ്ങളെ അപേക്ഷിച്ച് ഖത്വറില്‍ കാറുകള്‍ക്ക് വില കൂടുതലെന്ന് സര്‍വേഫലം. വാണിജ്യ മന്ത്രാലയം നയത്തിയ ഉപഭോക്തൃ സംതൃപ്ത പരിശോധനയില്‍ പങ്കെടുത്തവരാണ് കാര്‍ വിലക്കൂടുതല്‍ അഭിപ്രായപ്പെട്ടത്.
4,000 പേര്‍ പങ്കെടുത്ത സര്‍വേയില്‍ 94 ശതമാനം പേരും ഖത്വറില്‍ കാറുകള്‍ക്ക് വില കൂടുതലാണെന്ന് പരാതിപ്പെട്ടു. വാറന്റിക്കു ശേഷമുള്ള സര്‍വീസ് ചെലവ് കൂടുതലാണെന്നും ഭൂരിഭാഗം പേരും പറയുന്നു. കാറുകളുടെ പാര്‍ട്‌സുകളുടെ വിലയും ഉയര്‍ന്നതാണെന്ന് 95 ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ട്. കാറുകളെ സംബന്ധിച്ചുള്ള ശരിയായ വിവരങ്ങള്‍ ഷോറൂമുകള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് നല്ലൊരു ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ട്. അതേസമയം ഔദ്യോഗിക കാര്‍ ഏജന്റുമാര്‍ തങ്ങളുടെ ഷോറൂമിന്റെയും സര്‍വീസ് സെന്ററുകളുടെയും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കുന്നതായും ബഹുഭൂരിഭാഗം പേരും സമ്മതിക്കുന്നു. സര്‍വീസ് സെന്റര്‍ ജീവനക്കാര്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവരാണെന്ന അഭിപ്രായമുള്ളത് 51.3 ശതമാനം പേര്‍ക്കു മാത്രമാണ്. അതേസമയം രാജ്യത്ത് ഔദ്യോഗിക ഏജന്റുമാര്‍ വില്‍ക്കുന്ന സ്‌പെയര്‍പാര്‍ട്‌സുകളില്‍ ഉപഭോക്താക്കളില്‍ 63.7 ശതമാനം പേര്‍ സംതൃപ്തരാണ്. അതേസമയം കേടുവന്ന ഘടകം മാത്രം മാറ്റുന്നതിനു പകരം കൂടുതല്‍ പാര്‍ട്‌സുകള്‍ മാറ്റുന്നതിന് സര്‍വീസ് സെന്ററുകള്‍ ശ്രമിക്കുന്നുവെന്ന അഭിപ്രായമുള്ളവര്‍ 78.68 ശതമാനം പേരുണ്ട്. കാറുകള്‍ തിരിച്ചു വിളിക്കുമ്പോള്‍ അതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെടുകയാണെന്നു വിശ്വസിക്കുന്നവരും കൂടുതലാണ്.
കാര്‍ ഉപഭോക്താക്കള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പെടുത്തിയാണ് എകണോമി ക്‌സ് ആന്‍ഡ് കൊമേഴ്‌സ് മന്ത്രാലയം സര്‍വേ നടത്തിയത്. പുതിയ കാറുകളുടെയും യൂസ്ഡ് കാറുകളുടെയും ഉപഭോക്താക്കളെ സര്‍വേയില്‍ ഉള്‍പെടുത്തി. വാറന്റി സേവനം സംബന്ധിച്ചും വിവരങ്ങള്‍ സമാഹരിച്ചു. സര്‍വേയുടെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ അവകാശങ്ങള്‍ സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കും. ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ ആശയവിനിമയം നടത്താന്‍ സഹായകമാകും ഇത്. വില്‍പന, വാറന്റി, സര്‍വീസ്, തിരിച്ചു വിളിക്കല്‍ തുടങ്ങി കാറുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇതില്‍ ഉള്‍പെടുത്തും. ഉപഭോക്താക്കളോടുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് സര്‍വേ.

Latest