അക്ഷരങ്ങളെ കൊല്ലാമെന്നത് ഫാഷിസത്തിന്റെ മൂഢവിചാരം: പി ജെ ജെ ആന്റണി

Posted on: November 15, 2015 8:20 pm | Last updated: November 15, 2015 at 8:20 pm
SHARE
pjj antony
ജുബൈലില്‍ നടന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സൗദി നാഷനല്‍ സാഹിത്യോത്സവ് പ്രമുഖ എഴുത്തുകാരന്‍ പി.ജെ.ജെ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

ജുബൈല്‍: അക്ഷരങ്ങളെയും എഴുത്തിനെയും ഉന്മൂലനം ചെയ്യാമെന്നത് ഫാഷിസത്തിന്റെ മൂഢവിചാരമാണെന്നും ചിന്തകളെ ഭയക്കുന്നവര്‍ വര്‍ത്തമാന ഭാരതത്തിന്റെ ശാപമാണെന്നും പ്രമുഖ എഴുത്തുകാരന്‍ പി.ജെ.ജെ ആന്റണി പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ജുബൈലില്‍ സംഘടിപ്പിച്ച സൗദി നാഷനല്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലക്കും സാഹിത്യത്തിനും മനുഷ്യരാശിയോളം പഴക്കമുണ്ട്. ചെറുത്തു നില്പുകളുടെ ഇന്ധനം അക്ഷരമാണ്. ആധുനിക സാങ്കേതിക വിദ്യകളുടെയും കണ്ടുപിടുത്തങ്ങളുടെയും സ്വാധീനം നിരാകരിക്കാനാവില്ലെങ്കിലും സമൂഹത്തില്‍ മാനവികതയും നന്മയും സംഭാവന ചെയ്യുന്നത് സാഹിത്യ കൃതികളാണെന്നും അദ്ദേഹം പറഞ്ഞു.

കലയും സാഹിത്യവും നവീകരണം തേടുന്നുണ്ട് എന്നത് നേരു തന്നെ. വിമര്‍ശനങ്ങള്‍ക്ക് അതീതവും അല്ല; നിരൂപണങ്ങളും തിരുത്തുകളും സര്‍ഗാത്മകമാവുമ്പോഴേ അത് സാംസ്‌കാരികവും ഉദാത്തവുമാവൂ- പി ജെ ജെ കൂട്ടിച്ചേര്‍ത്തു. സാഹിത്യോത്സവിന്റെ ഭാഗമായി ആര്‍.എസ്.സി സാംസ്‌കാരിക സമിതി കലാലയം വായനാകൂട്ടം പുറത്തിറക്കിയ പ്രത്യേക പതിപ്പ് ‘സകല’ യുടെ പ്രകാശനം കര്‍മ്മവും വേദിയില്‍ അദ്ദേഹം നിര്‍വ്വഹിച്ചു.

ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപല്‍ ഡോ. സയ്യിദ് ഹമീദ് മുഖ്യാതിഥിയായിരുന്നു. ആര്‍.എസ്.സി ഗള്‍ഫ് കൗസില്‍ കവീനര്‍ ജാബിറലി പത്തനാപുരം സന്ദേശ പ്രഭാഷണം നടത്തി. അബ്ദുല്‍ ബാരി നദ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ഇര്‍ഫാനുല്ല ഹബീബ്, സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുല്‍ കരീം ഖാസിമി, അബ്ദുര്‍ റഹ്മാന്‍ സഖാഫി നെടിയനാട്, ടി.പി.അലിക്കുഞ്ഞി മുസ്‌ലിയാര്‍, ശൗഖത്ത് സഖാഫി, ശരീഫ് മണ്ണൂര്‍, സിറാജുദ്ദീന്‍ മാട്ടില്‍, അബ്ദുസ്സലാം മരഞ്ചാട്ടി, ഖമറുദ്ദീന്‍, ശുകൂറലി ചെട്ടിപ്പടി സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here