സഉൗദിയിൽ മഴക്കാലം വരുന്നു ; മുൻകരുതലിനു നിർദ്ദേശം 

Posted on: November 15, 2015 8:11 pm | Last updated: November 16, 2015 at 10:40 pm
SHARE
saudi rain
റിയാദ്: സൗദിയില്‍ അടുത്തയാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണമെന്നു വിദഗ്ദര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി അനുഭവപ്പെടുന്ന കനത്ത ചൂട് കുറഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍. ഗള്‍ഫ്‌ മേഖലയില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗത്തും താപനില കുറയും. അടുത്തയാഴ്ച പല ഭാഗത്തും ശക്തമായ മഴയ്ക്ക്‌ സാധ്യത ഉള്ളതായാണു റിപ്പോര്‍ട്ട്.
ഇടി മിന്നലോടു കൂടിയ മഴയും, തണുത്ത കാറ്റും പല ഭാഗത്തും ഉണ്ടാകുമെന്നു കാലാവസ്ഥാ ഗവേഷകനായ മുഹമ്മദ്‌ അല്‍ ഗാംദി പറഞ്ഞു. വടക്കന്‍ ഭാഗത്തും തീരദേശങ്ങളിലും ആണ് ഇത് കൂടുതല്‍ അനുഭവപ്പെടുക. തബൂക്ക്, കൊറിയാത്, അല്ജൂഫ്, ഹായില്‍, മദീന, ഹഖല്‍, റാബിഗ്, മക്ക, ജിദ്ദ, ഖുന്ഫുദ തുടങ്ങിയ സ്ഥലങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ദവാദ്മി, ഖസീം, അഫീഫ് തുടങ്ങിയ ഭാഗങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലെ ചില ഭാഗത്തും, തെക്ക് പടിഞ്ഞാറന്‍ മലമ്പ്രദേശങ്ങളിലും മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. റിയാദിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത കുറവാണ്. കാലാവസ്ഥാ വ്യതിയാനം, മഴ തുടങ്ങിയവ കണക്കിലെടുത്ത് എല്ലാവരും മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഗാംദി നിര്‍ദേശിച്ചു.
മരുഭൂമികളിലും, മലകളിലും നില്‍ക്കുന്നത് ഒഴിവാക്കണം. ഒറ്റയ്ക്ക് തുറന്ന സ്ഥലത്ത് വാഹനം ഓടിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here