കല്‍പ്പാത്തിി രഥോത്സവം: രഥങ്ങള്‍ പ്രയാണം ആരംഭിച്ചു

Posted on: November 15, 2015 10:46 am | Last updated: November 15, 2015 at 10:46 am

പാലക്കാട്: വേദമന്ത്രങ്ങളുടേയും താളവാദ്യങ്ങളുടേയും അകമ്പടിയില്‍ അഗ്രഹാര വീഥികളെ ഭക്തിസാന്ദ്രമാക്കി മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന ചരിത്ര പ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് തുടക്കമായി.
ഒന്നാം തേരുദിവസമായ ഇന്നലെ ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്നു രഥങ്ങളാണ് പ്രദിക്ഷണത്തിനിറങ്ങിയത്. ഇന്ന് പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥം രാവിലെ പത്തിനും പതിനൊന്നിനുമിടയ്ക്ക് പ്രയാണം തുടങ്ങും.
തിങ്കളാഴ്ച പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന ഗണപതിക്ഷേത്രത്തിലെ രഥങ്ങളും ഗ്രാമപ്രദക്ഷിണത്തിനിറങ്ങും.
അന്നു വൈകുന്നേരം അഞ്ചുമണിയോടെ രഥോത്സവത്തിന്റെ പ്രധാന കേന്ദ്രമായ ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയില്‍ ദേവരഥ സംഗമത്തോടെ രഥോത്സവത്തിന് സമാപനമാകും.
ഒന്നാം തേരുദിവസം തേരുവലിക്കാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ഭക്തജനങ്ങളെത്തിയിരുന്നു. തേര് വലിക്കുന്നതില്‍ പങ്കാളിളാകുന്നത് പുണ്യകര്‍മായാണ് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നത്.
പാലക്കാട് ജില്ലയിലെ 96 അഗ്രഹാരങ്ങളുടേയും ആചാരനുഷ്ഠാന പ്രകാരമുള്ള സങ്കലനം കൂടിയാണ് രഥോത്സവം. കല്‍പ്പാത്തി രഥോത്സവത്തോടെയാണ് ജില്ലയിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അടുത്ത ഏപ്രില്‍ മാസത്തിലെ വിഷുവരെ ഉത്സവക്കാലം നീളും.