Connect with us

Wayanad

കൊഴിഞ്ഞുപോയവരെയും ചേരാത്തവരെയും ലക്ഷ്യമിട്ട് ആള്‍ ബാക്ക് ടു സ്‌കൂള്‍ പദ്ധതിയുമായി എസ് എസ് എ

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: സകൂളില്‍ ഇതുവരെ ചേരാത്തകുട്ടികളെയും ചേര്‍ന്നിട്ട് വരാതിരിക്കുന്ന കുട്ടികളെയും സ്‌കൂളില്‍ തിരിച്ചെത്തിക്കാന്‍ എസ്.എസ്.എയുടെ നേതൃത്വത്തില്‍ പുതിയപദ്ധതി ആരംഭിച്ചു.
“ആള്‍ ബാക്ക് ടു സ്‌കൂള്‍” എന്ന പേരിലാണ് പാതിവഴിയിലും അല്ലാതെയും പഠനം മുടങ്ങിയ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ എസ്.എസ്.എ ശ്രമിക്കുന്നത്. ഇതിായി 10 ജില്ലകള്‍ കേന്ദ്രീകരിച്ച് വളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്നതാണ് പദ്ധതി കൊണ്ട് എസ്.എസ്.എ ലക്ഷ്യമിടുന്നത്. ആറ് വയസ്സ് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ഇതുവരെ സ്‌കൂളില്‍ ചേരാത്തതും ചേര്‍ന്നതിന് ശേഷം പാതിവഴിയില്‍ പഠനമുപേക്ഷിച്ചവരെയും സ്‌കൂളില്‍ എത്തിക്കാനള്ള പദ്ദതിക്ക് മുഖ്യമായും ഗോത്രവര്‍ഗ്ഗ കുട്ടികളെ ഉദ്ദേശിച്ചാണ് ആരംഭിച്ചിരിക്കുന്നത്. സ്‌കൂള്‍ ചലേ ഹം എന്ന ദേശീയ പദ്ധതിയുടെ ഭാഗം കൂടിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്ന ഈ പദ്ധതി. നിലവില്‍ 2775ഓളം കുട്ടികള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലും സ്‌കൂളില്‍ ചേരാത്തവരായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അന്യസംസ്ഥാന കുട്ടികളും ഉള്‍പ്പെടും. അന്യസംസ്ഥാന കുട്ടികള്‍ക്ക് അവരുടെ ഭാഷകളില്‍ തന്നെ പഠനം നടത്താനാവുന്ന തരത്തിലാണ് പദ്ധതിയെന്ന് എസ്.എസ്.എ സംസ്ഥാന പ്രൊ ജക്ട് ഓഫീസര്‍ ഇ പി മോഹന്‍ദാസ് പറഞ്ഞു. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ല എന്ന നിലയില്‍ കഴിഞ്ഞ ഓഗസ്റ്റിലെ കണക്ക് പ്രകാരം 1463 കുട്ടികളെ പദ്ധതിയിലൂടെ വയനാട്ടില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ പറഞ്ഞു. ഇതില്‍ 69 കുട്ടികള്‍ സ്‌കൂളില്‍ ചേരാത്തവരാണ്.
ബാക്കി 1384 കുട്ടികള്‍ ചേര്‍ന്നിട്ട് പിന്നീട് വരാത്തവരാണ്. പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ കുട്ടികളാണ് ഇവരില്‍ അധികവും. പദ്ധതിയിലൂടെ ഇതിനോടകം 212 കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ കഴിഞ്ഞതായും ഇ.പി മോഹന്‍ദാസ് പറഞ്ഞു. പ്ലസ്ടു മുതല്‍ വിദ്യഭ്യാസമുള്ള ഗോത്രവര്‍ഗ വിഭാഗത്തിലുള്ളവരാണ് ഇതിന്റെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്.
വയനാട് ജില്ലയില്‍ എല്ലാ പഞ്ചായത്തുകളില്‍ നിന്നും വളണ്ടിയര്‍മാരെ കണ്ടെത്തി എസ്.എസ്.എ, ബി ആര്‍ സി, ഡയറ്റ് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നടത്തിവരികയാണ്. പദ്ധതിയുടെ സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ അബ്ദുള്ള ബാബു, അജ്മല്‍, മഹേഷ്, അബ്ദുറഹ്മാന്‍, സെന്തില്‍ എന്നിവരാണ് സംസഥാനത്തെ വിവിധയിടങ്ങളില്‍ മന്നൂ ദിവസത്തെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.