കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍: പരാതികളുടെ എണ്ണത്തില്‍ വര്‍ധനവ്

Posted on: November 15, 2015 10:34 am | Last updated: November 15, 2015 at 10:34 am
SHARE

മലപ്പുറം: ബാലാവകാശങ്ങളുടെ സംരക്ഷണത്തിനുള്ള ചൈല്‍ഡ്‌ലൈനിന് ലഭിക്കുന്ന പരാതികള്‍ കൂടുന്നു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചൈല്‍ഡ് ലൈനിന് മുന്‍ വര്‍ഷത്തേക്കാള്‍ ജില്ലയില്‍ കൂടുതല്‍ ലഭിച്ചതായി ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍വരെയുള്ള കണക്കുകളെടുത്താല്‍ ലൈംഗീകാതിക്രമം മുതല്‍ ബാലവിവാഹം വരെയുള്ള കേസുകളുണ്ടായതായി കാണാം.
എന്നാല്‍ പലയിടത്തും ഫലപ്രദമായ ഇടപെടല്‍ നടത്താനായിട്ടുണ്ടെന്നും ചൈല്‍ഡ് ലൈന്‍ പറയുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ സംബന്ധിച്ച 130 പരാതികളാണ് ആറു മാസത്തിനിടെയുണ്ടായത്. ജനുവരിയില്‍ 10, ഫെബ്രുവരിയില്‍ 13, മാര്‍ച്ചില്‍ 14, ഏപ്രിലില്‍ 15, മെയില്‍ അഞ്ച്, ജൂണില്‍ 11 എന്നിങ്ങനെ പരാതികളാണുണ്ടായത്. ബാലവേലക്കേസ് ഓരോ മാസങ്ങളിലും യഥാക്രമം ഏഴ്, അഞ്ച്, നാല്, രണ്ട്, എന്നിങ്ങനെയാണ്. രണ്ട് മാസങ്ങളില്‍ കേസുകളില്ല. മൊത്തം 23 പരാതികള്‍. ശൈശവ വിവാഹം സംബന്ധിച്ച് 90 പരാതികളാണുണ്ടായത്. യഥാക്രമം ഏഴ്, ഒന്‍പത്, 10, 20, 10, അഞ്ച് എന്നിങ്ങനെയാണിതിന്റെ മാസം തിരിച്ചുള്ള കണക്ക്. കുട്ടികളുമായി ബന്ധപ്പെട്ട് ലഹരിമരുന്നു സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തത് 12 കേസുകളാണ്. ലഹരിമരുന്നു കുട്ടികള്‍ക്ക് നല്‍കിയതും ലഹരി വില്പനക്ക് കുട്ടികളെ നിയോഗിച്ചതുമാണിതിലേറെയും. ശാരീരിക പീഡനം സംബന്ധിച്ച് 111 കേസുകളാണ് മൊത്തമുണ്ടായത്. ചൈല്‍ഡ് ലൈനിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത ടോള്‍ഫ്രീ നമ്പറായ 1098ലേക്ക് കുട്ടികള്‍ നേരിട്ടും പീഡനവിവരം അറിയുന്നവരും വിളിക്കുന്നത് വര്‍ധിച്ചതാണ് പരാതികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടാന്‍ കാരണം.
കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തനം. മലപ്പുറം ജില്ലയില്‍ എട്ടുകൊല്ലം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം പിന്നിട്ടു. ശൈശവ വിവാഹങ്ങള്‍ താരമ്യേന കൂടുതല്‍ നടക്കുന്ന മലപ്പുറത്ത് കാര്യക്ഷമമായി നിരവധി പരാതികളില്‍ ചൈല്‍ഡ് ലൈനിന് ഇടപെടാനായിട്ടുണ്ട്. വിവാഹാലോചന നടക്കുമ്പോള്‍ തന്നെ കുട്ടികള്‍ നേരിട്ട് ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുന്ന സംഭവങ്ങള്‍ കൂടിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കോടതിയെ ഇടപെടുവിച്ച് തടയും. പെട്ടെന്ന് തീരുമാനിക്കുന്ന ശൈശവ വിവാഹങ്ങള്‍ അറിഞ്ഞാല്‍ പോലീസിനെ അറിയിച്ച് തടയുകയാണ് ചെയ്യുന്നത്.
ബാലാവകാശം; ജില്ലയില്‍ പ്രത്യേക ക്യാമ്പയിന്‍
മലപ്പുറം: ശിശുദിനം മുതല്‍ ബാലാവകാശദിനമായ 20 വരെ ജില്ലാ ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുട്ടികളുടെ അവകാശത്തെക്കുറിച്ച് അവരെയും സമൂഹത്തിലെ മറ്റുള്ളവരെയും ബോധവത്കരിക്കുകയാണ് ചൈല്‍ഡ് ലൈന്‍ സെ ദോസ്തി ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ ശിശുദിന റാലി നടത്തി. ഇന്ന് കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുജനത്തിന് കുട്ടികളുടെ അവകാശം സംബന്ധിച്ച പ്രദര്‍ശനം നടത്തും. നാളെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിനെതിരെയുള്ള കാര്‍ട്ടൂണ്‍ ഫിലിം തീയറ്ററുകളിലും ചാനലുകളിലും ശിശുസംരക്ഷണ കേന്ദ്രങ്ങളിലും മറ്റ് പൊതുസ്ഥലത്തും പ്രദര്‍ശിപ്പിക്കും. ശിശുസംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് 50 സ്‌കൂളുകളില്‍ ബോധവത്കരണം നടത്തുകയാണ് 16ലെ പരിപാടി.
17ന് പോലീസ് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൈത്തണ്ടയില്‍ സുരക്ഷാ ബന്ധന്‍-ബാന്റ് കെട്ടും. ബാലസംരക്ഷണത്തിന് ഇവരുടെ പിന്തുണ തേടുകയാണിതിലൂടെ ലക്ഷ്യമിടുന്നത്. 18ന് മേലാറ്റൂരിലെ ശേഷി സ്‌പെഷ്യല്‍ സ്‌കൂളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. 19ന് ബാലാവകാശവും സംരക്ഷണവും സംബന്ധിച്ച റോഡ് ക്യാമ്പയിനാണ് നടക്കുക. കെ എസ് ആര്‍ ടി സിയുടെ പ്രത്യേകം തയ്യാറാക്കിയ ബസ് ജില്ലയിലെത്തും. രാവിലെ 10ന് തിരൂര്‍ ഗവ. ബോയ്‌സ് എച്ച് എസ് എസില്‍ സി മമ്മുട്ടി എം എല്‍ എ റോഡ് ഷോ ഉദ്ഘാടനം ചെയ്യും. ബാലാവകാശ കമ്മീഷന്‍ ഗ്ലോറി ജോര്‍ജ് മുഖ്യാതിഥിയാവും. വൈകീട്ട് 4.30ന് റോഡ് ഷോ മലപ്പുറത്തെത്തും.
20ന് എന്‍ സി സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സൈക്കിള്‍ റാലി നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചൈല്‍ഡ് ലൈന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സി പി സലീം, കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, കൗണ്‍സിലര്‍മാരായ രാജുകൃഷ്ണന്‍, മുഹ്‌സിന്‍ പരി, പി ലജീഷ് ബാബു, എ പി റാശിദ് പങ്കെടുത്തു.