Connect with us

Kerala

മലപ്പുറത്തെ കുരുക്കഴിക്കാന്‍ യു ഡി എഫ് നേതൃത്വം താഴേതട്ടിലേക്ക്

Published

|

Last Updated

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു ഡി എഫിനേറ്റ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍കൊണ്ട് മുന്നണി നേതൃത്വം പ്രശ്‌ന പരിഹാരത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ്- മുസ്‌ലിംലീഗ് ഒരുമിച്ച് മത്സരിച്ച പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ആദ്യപടി. ഇതിന്റെ ഭാഗമായി പ്രാദേശിക ഘടകങ്ങളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുന്നതിനാണ് നേതൃത്വം പ്രശ്‌ന പരിഹാരവുമായി രംഗത്തിറങ്ങുന്നത്. യു ഡി എഫ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ മന്ത്രി എ പി അനില്‍കുമാര്‍, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു. രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു. പ്രശ്‌നം തുടര്‍ന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കരുതിയാണ് തിരക്കിട്ട് പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങുന്നത്. എന്നാല്‍ പ്രാദേശിക ഘടകങ്ങളുടെ നിലപാട് എന്താകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണി നിലപാടിനെതിരെ പ്രവര്‍ത്തിച്ചതിന് മുസ്‌ലിംലീഗിലെയും കോണ്‍ഗ്രസിലെയും നിരവധി പ്രവര്‍ത്തകരെ ഇരുനേതൃത്വവും പുറത്താക്കിയിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങുകയും ചെയ്തു. ഇതും യു ഡി എഫിനേറ്റ തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. പുറത്താക്കിയവരുടെ നേതൃത്വത്തിലാണ് ജനകീയ വികസന മുന്നണിയും മതേതര മുന്നണിയുമെല്ലാം രൂപം കൊണ്ടത്. മലപ്പുറത്തെ 24 പഞ്ചായത്തുകളിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ മത്സരമുണ്ടായത്. ഇവിടെയെല്ലാം ലീഗിനും കോണ്‍ഗ്രസിനും നഷ്ടമുണ്ടായപ്പോള്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാകുകയും ചെയ്തു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍ എന്നിവരുടെ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോറ്റപ്പോള്‍ ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ അവര്‍ക്കും തിരിച്ചടിയുണ്ടായി. മുസ്‌ലിംലീഗിന്റെ എക്കാലത്തെയും കോട്ടയായ കൊണ്ടോട്ടിയിലെ പരാജയം ഇനിയും ഉള്‍കൊള്ളാനായിട്ടില്ല നേതൃത്വത്തിന്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതലെന്ന നിലയിലാണ് ജില്ലാ നേതൃത്വം താഴെ തട്ടിലേക്കിറങ്ങുന്നത്. ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന നേതൃത്വം തന്നെ നേരിട്ടെത്തി യോജിപ്പിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനാണ് തീരുമാനമുളളത്.

Latest