Connect with us

Kerala

തടിയന്റവിട നസീറിന്റെ സന്ദേശവാഹകന്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: ബംഗളുരു സ്‌ഫോടന കേസില്‍ ബംഗളുരു ജയിലില്‍ കഴിയുന്ന മുഖ്യപ്രതി തടിയന്റവിട നസീറിന്റെ സന്ദേശവാഹകനായി പ്രവര്‍ത്തിച്ചുവന്ന യുവാവിനെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി അബ്ദുല്ല എന്ന പി എ ഷഹനാസിനെ(22)യാണ് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നസീര്‍ എഴുതിയതും നസീറിന് കൈമാറാനായി എഴുതിയതുമായ എട്ടു കത്തുകളും നസീറിന് കൈമാറാനായി കൊണ്ടുവന്ന 8000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ തീവ്രവാദ നിരോധന നിയമമായ യു എ പി എ ചുമത്തി. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഷഹനാസിനെ ചോദ്യം ചെയ്തു.
വെള്ളിയാഴ്ച കോലഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തടിയന്റവിട നസീറിനെ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഷഹനാസ് കത്ത് കൈമാറാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നസീറിനെ കൊണ്ടു പോകുന്ന സ്ഥലങ്ങളിലെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ നിരീക്ഷിക്കാറുളള പോലീസ്, കോലഞ്ചേരി കോടതി പരിസരത്തും പിന്നീട് നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലും നസീര്‍ വന്ന സമയത്ത് ഒരു നമ്പര്‍ പിന്തുടരുന്നതായി കണ്ടെത്തി. ഷഹനാസിന്റേതാണ് നമ്പറെന്ന് മനസ്സിലാക്കിയ പോലീസ് നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
നസീര്‍ എഴുതിയ കത്തുകളില്‍ ബംഗളുരു സ്‌ഫോടന കേസിലെ സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റുന്നതടക്കമുള്ള നിര്‍ദേശങ്ങളാണുള്ളതെന്ന് പോലീസ് പറയുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ സംഘടിപ്പിച്ചു തരണമെന്നും വ്യാജ സിംകാര്‍ഡ് എടുത്തു നല്‍കണമെന്നും നസീറിന്റെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കത്ത് നോര്‍ത്ത് പറവൂരിലുള്ള താജുദ്ദീന്‍ എന്നയാള്‍ക്ക് കൈമാറാനുള്ളതായിരുന്നു. ഷാനവാസ് എഴുതിയ കത്തില്‍ പുറത്തുള്ള സ്ഥിതിഗതികള്‍ സംബന്ധിച്ച വിവരങ്ങളാണ്. മലയാളത്തിലും അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമാണ് കത്തുകള്‍ എഴുതിയിട്ടുള്ളത്. എല്ലാ കത്തുകളിലും ചില രഹസ്യ കോഡുകള്‍ ഉള്ളതായും ഇത് വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
ഒരു വര്‍ഷത്തിനിടയില്‍ ഷഹനാസ് നസീറിനെ എട്ടു തവണ ബംഗളുരു ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കേരളത്തിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരുന്നപ്പോഴും ഷഹനാസ് നസീറിനെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് വിവരം. 18 വയസ്സു മുതല്‍ ഷഹനാസ് തടിയന്റവിട നസീറിന്റെ സന്ദേശ വാഹകനായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കുന്ന ഷഹനാസിനെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങും. കേസ് എന്‍ ഐ എക്ക് കൈമാറുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വെള്ളിയാഴ്ച വൈകീട്ട് ഷാനവാസ് പിടിയിലായതിനെ തുടര്‍ന്ന് ഇയാളുടെ അല്ലപ്രയിലെ വീട്ടിലും പറവൂര്‍ സ്വദേശി താജുദ്ദീന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്.

Latest