Connect with us

Kerala

മത്സ്യത്തൊഴിലാളികളെ ലോറിയിടിച്ച് കൊന്നു

Published

|

Last Updated

ചേര്‍ത്തല: ബൈക്കില്‍ ലോറിയിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകമെന്ന് തെളിഞ്ഞു. തീരദേശ റോഡില്‍ ഒറ്റമശ്ശേരിയില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് കൂട്ടുങ്കല്‍ തൈയ്യില്‍ യോഹന്നാന്റെ മകന്‍ ജോണ്‍സണ്‍ (40), 19-ാം വാര്‍ഡ് കളത്തില്‍ പാപ്പച്ചന്റെ മകന്‍ സുബിന്‍ (27) എന്നിവര്‍ മരിച്ചത്. ലോറി ഡ്രൈവര്‍ ചേര്‍ത്തല നഗരസഭ പത്താം വാര്‍ഡ് ഇല്ലത്തുവെളി പുരുഷന്റെ മകന്‍ ഷിബു (തുമ്പി ഷിബു-34) വിനെ പിടികൂടി വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്.
മത്സ്യത്തൊഴിലാളികളായ ജോണ്‍സണും സുബിനും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ പിന്നാലെ പാഞ്ഞെത്തിയ ലോറി ഇടിക്കുകയായിരുന്നു. യുവാക്കളെ ഇടിച്ചുതെറിപ്പിച്ച ലോറി നിര്‍ത്താതെ പോയത് ദുരൂഹതക്കിടയാക്കി. അപകടത്തെതുടര്‍ന്ന് മറ്റൊരു കാറിനെയും ഇടിച്ച ലോറി തുടര്‍ന്ന് ചാവടിയില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. മരിച്ച ജോണ്‍സന്റെ സമീപവാസിയായ പോള്‍സണ്‍ വധഭീഷണി മുഴക്കിയിട്ടുള്ളതിന്റെ സൂചനയില്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇയാള്‍ ഈ സമയം മദ്യലഹരിയിലായിരുന്നെന്ന് കുത്തിയതോട് സി ഐ. കെ ആര്‍ മനോജ് പറഞ്ഞു. മരിച്ച ജോണ്‍സണ്‍ അയല്‍വാസിയായ തയ്യില്‍ പോള്‍സണ്‍, ഇയാളുടെ സഹോദരന്‍ ടാലീഷ് എന്നിവരുമായി ശത്രുതയിലായിരുന്നു. ഒറ്റമശ്ശേരി പള്ളിയിലെ പ്രാര്‍ഥനാ സമൂഹത്തിന്റെ ചടങ്ങ് ജോണ്‍സന്റെ വീട്ടില്‍ നടക്കുമ്പോള്‍ ചില വിഷയങ്ങളില്‍ തര്‍ക്കം ഉണ്ടാകുകയും പോള്‍സണ്‍ ചടങ്ങില്‍ ഉണ്ടായിരുന്ന വൈദികനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സമയം പോള്‍സന് മര്‍ദനമേറ്റിരുന്നു. ടാലീഷിന് വിവാഹപത്രിക നല്‍കാന്‍ പള്ളി അധികൃതര്‍ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം. പിന്നീട് ഇതേചൊല്ലി ജോണ്‍സണുമായി പോള്‍സണും സഹോദരനും പലകുറി ഏറ്റുമുട്ടിയിട്ടുണ്ട്. ഒരിക്കല്‍ വഴക്കിനിടെ ജോണ്‍സനെ കൊല്ലുമെന്ന് പോള്‍സണ്‍ വിളിച്ചുപറയുകയും ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ പോള്‍സണ്‍ കാപ്പ നിയമപ്രകാരം ജയിലിലാകുകയും ജയില്‍ മോചിതനായ ശേഷം ജോണ്‍സനെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്ന് നീക്കം നടത്തുകയും ചെയ്തിരുന്നു. പലകുറി ശ്രമം പരാജയപ്പെട്ടു. ഒടുവില്‍ വെള്ളിയാഴ്ച സുബിനൊപ്പം ജോലിക്ക് പോയ ജോണ്‍സനെ പിന്തുടര്‍ന്ന് വൈകും വരെ കാത്തുകിടന്ന് കൊലപാതകം നടത്തുകയായിരുന്നു. പോലീസ് പിടിയിലായ ഡ്രൈവര്‍ സിബുവിന് പുറമേ പോള്‍സണ്‍, ടാലീഷ് എന്നിവരും സിബുവിന്റെ സുഹൃത്തുക്കളും ചേര്‍ത്തല സ്വദേശികളുമായ അജീഷ്, ബിജീഷ് എന്നിവരും ലോറിയില്‍ ഉണ്ടായിരുന്നു.
നാട്ടുകാരും പോലീസും ചേര്‍ന്ന് ലോറി പിടികൂടിയപ്പോള്‍ സിബു ഒഴിച്ച് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.കൊലപാതകത്തിന് ഉപയോഗിച്ച ലോറി കൊല്ലം കുണ്ടറ സ്വദേശി അബ്ദുര്‍റസാഖിന്റേതാണ്. ചാലക്കുടിയില്‍ വ്യാപാരകേന്ദ്രത്തിലെ മാലിന്യം നീക്കാന്‍ ഉപയോഗിക്കുന്ന ലോറിയാണിത്. മൂന്ന് നാള്‍ മുന്‍പാണ് ഇയാള്‍ ഉടമയില്‍ നിന്നും ലോറി ഏറ്റെടുത്തത്. ലോറിയുടെ മുന്‍ ഡ്രൈവറാണ് ഇയാളെ ഉടമക്ക് പരിചയപ്പെടുത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ത്തല സി ഐയെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് സിബു. മറ്റുള്ള പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
കൊലപാതകത്തെ തുടര്‍ന്ന് ഒറ്റമശ്ശേരി പ്രദേശത്ത് ജനങ്ങള്‍ ദുഖസൂചകമായി ഹര്‍ത്താല്‍ ആചരിച്ചു. മരിച്ച ജോണ്‍സന്റെയും സുബിന്റെയും മൃതദേഹങ്ങള്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകീട്ട് അഴീക്കല്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ സംസ്‌കരിച്ചു.

Latest