നിതീഷിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

Posted on: November 15, 2015 12:08 am | Last updated: November 15, 2015 at 12:08 am
SHARE

nitheesh kumarപാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രിപദത്തില്‍ മൂന്നാം വട്ടമുറപ്പിച്ച് ജെ ഡി യു നേതാവ് നിതീഷ് കുമാറിനെ മഹാസഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ആര്‍ ജെ ഡിയുടെ പാര്‍ലിമെന്ററി ബോര്‍ഡ് നേതാവും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിയാണ് നിതീഷിന്റെ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി പി ജോഷി പിന്താങ്ങി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് എം എല്‍ എമാര്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. കാലിത്തീറ്റ കുംഭകോണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടുള്ള ലാലുപ്രസാദ് യാദവും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഇദ്ദേഹത്തെ കൂടാതെ ജെ ഡി യു പ്രസിഡന്റ് ശരദ് യാദവ്, ജനറല്‍ സെക്രട്ടറി കെ സി ത്യാഗി എന്നിവരും പങ്കെടുത്തു. വോട്ടര്‍മാര്‍ തങ്ങളില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം പ്രാവര്‍ത്തികമാക്കാന്‍ കഠിനപ്രയത്‌നം ആവശ്യമാണെന്ന് നിതീഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞു.
നേരത്തെ നിതീഷ് കുമാറിന്റെ വസതിയില്‍ ചേര്‍ന്ന ജെ ഡി യു നിയമസഭാംഗങ്ങളുടെ യോഗത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് ബസിഷ്ഠ നാരായണ്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കിയ സര്‍ക്കാറിലെ മുതിര്‍ന്ന അംഗവും മന്ത്രിയുമായ ബ്രിജേന്ദ്ര പ്രസാദ് യാദവാണ് നിതീഷ് കുമാറിന്റെ പേര് നിര്‍ദേശിച്ചത്. മറ്റ് അംഗങ്ങള്‍ ഇത് അംഗീകരിക്കുകയും ചെയ്തു.
16ാമത് സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിലേക്കായി കാലാവധി പൂര്‍ത്തിയാക്കിയ തന്റെ മന്ത്രിസഭ പിരിച്ചുവിടണമെന്ന് ഗവര്‍ണറെ കണ്ട് അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് ലെജിസ്ലേറ്റ് കൗണ്‍സിലിന്റെ അനുബന്ധ കെട്ടിടത്തില്‍ നിയുക്ത എം എല്‍ എമാരുടെ യോഗം നടന്നത്. ബീഹാറിലെ നിലവിലെ നിയമസഭ പിരിട്ടുവിടാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. ഇത് പ്രകാരം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണര്‍ റാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കുകയും ചെയ്തു. നിതീഷിന്റെ രാജി സ്വീകരിച്ച ഗവര്‍ണര്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ താത്കാലിക ഭരണച്ചുമതല വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന്റെ മുന്നോടിയായി സഖ്യ കക്ഷികളും പ്രത്യേകം യോഗവും ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളുടെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് പാര്‍ട്ടി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചുമതലപ്പെടുത്തി. ആര്‍ ജെ ഡിയുടെ നേതാവിന്റെ കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല. ലാലുവിന്റെ രണ്ട് മക്കളില്‍ ഒരാള്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചനകളുണ്ട്.
വൈകാതെ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ റാം നാഥ് കോവിന്ദിന് മുന്നില്‍ സര്‍ക്കാറുണ്ടാക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here