മസ്ജിദുല്‍ അഖ്‌സയില്‍ ജൂതന്‍മാര്‍ക്കെന്ത് കാര്യം?

ലോകവിശേഷം
Posted on: November 15, 2015 4:38 am | Last updated: November 15, 2015 at 10:46 am
SHARE

masjidul aqsaഈ തലക്കെട്ട് അല്‍പ്പം പ്രകോപനപരവും ചരിത്രവിരുദ്ധവുമാണ്. കാരണം ജറൂസലമിലെ ബൈത്തുല്‍ മുഖദ്ദസ് സ്ഥിതിചെയ്യുന്ന 35 ഏക്കര്‍ വരുന്ന അഖ്‌സ കോമ്പൗണ്ടിലും പരിസരങ്ങളിലും ജൂത, ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുണ്യ സ്ഥലങ്ങള്‍ ഉണ്ട് എന്നത് തന്നെയാണ്. പക്ഷേ, ഈ ചരിത്ര വസ്തുതയെ രാഷ്ട്രീയ ആയുധമാക്കി മാറ്റാനും ജറൂസലമില്‍ നിന്ന് മുസ്‌ലിംകളെ പൂര്‍ണമായി ആട്ടിയോടിക്കാനും ക്രൂരമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഈ തലവാചകം അനുയോജ്യമായിത്തീരുന്നു. മതഭ്രാന്തന്‍മാരായ ജൂതന്‍മാര്‍ ഭക്തിപ്രകടനമല്ല ഇവിടെ നടത്തുന്നത്. മറിച്ച് ശക്തി പ്രകടനമാണ്. ജൂതന്‍മാര്‍ക്കിവിടെ എന്ത് കാര്യം എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അറബികളെ തുടച്ചു നീക്കുക.
ഫാസിസം എക്കാലത്തും എവിടെയും മതത്തെ രാഷ്ട്രീയ വ്യാമോഹങ്ങള്‍ക്കുള്ള ഉപാധിയാക്കി മാറ്റിയിട്ടുണ്ട്. വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും മിത്തുകളെയുമൊക്കെ അത് തന്ത്രപൂര്‍വം ഉപയോഗിക്കുന്നു. വൈകാരികമായ പ്രതികരണങ്ങളിലേക്ക് മനുഷ്യരെ തള്ളിവിടാനുള്ള ഉപാധികളാണ് ഫാസിസത്തിന് ഇവ. ഇന്ന് അഖ്‌സ പള്ളിക്ക് ചുറ്റും നടക്കുന്നതും കിഴക്കന്‍ ജറൂസലമിലും വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖലകളിലാകെയും വ്യാപിക്കുന്നതുമായ സംഘര്‍ഷത്തെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. പിഞ്ചു കുഞ്ഞുങ്ങളടക്കം നൂറോളം ഫലസ്തീനികള്‍ കഴിഞ്ഞ രണ്ട് മാസത്തിനകം കൊല്ലപ്പെട്ടു. മിക്കവരും ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റാണ് മരിച്ചത്. ആയിരക്കണക്കിന് ജൂതന്‍മാരെ ഈ മേഖലയിലേക്ക് അയക്കുകയാണ് ഇസ്‌റാഈല്‍ സര്‍ക്കാര്‍. അധിനിവേശ ഭവനങ്ങള്‍ കൊണ്ട് മേഖല നിറയുന്നു. ജറൂസലമിനെ സംഘര്‍ഷത്തിന്റെ നഗരമാക്കി മാറ്റുകയും ഫലസ്തീനികളെ മറ്റൊരു ഇന്‍തിഫാദയിലേക്ക് തള്ളിവിടുകയുമാണ് യഥാര്‍ഥ ലക്ഷ്യം. ഇതുവഴി യു എന്നടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ ഫലസ്തീന്‍ നേടിയിട്ടുള്ള നയതന്ത്ര വിജയങ്ങളെ അപ്രസക്തമാക്കുകയാണ് ലാക്ക്.
മസ്ജുദുല്‍ അഖ്‌സ മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ്. തിരുനബി(സ) ആകാശ ലോക യാത്ര നടത്തിയത് ഇവിടെ നിന്നാണ്. സുലൈമാന്‍ നബി(അ) പണിത പള്ളി ഇവിടെയാണ്. ഈ കോമ്പൗണ്ടിനുള്ളിലെ ഓരോ തരി മണ്ണും മഹത്തുക്കളുടെ പാദസ്പര്‍ശത്താല്‍ വിശുദ്ധമാണ്. പ്രപഞ്ചനാഥന്റെ സത്യം ലോകത്തോട് വിളിച്ചുപറയാന്‍ നിയുക്തരായ നിരവധി പേര്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ഫലസ്തീനെ പകുത്ത്, അറബികള്‍ക്ക് നടുവില്‍ ജൂതരാഷ്ട്രം നട്ടപ്പോള്‍ ബുദ്ധിയുള്ള മുഴുവന്‍ പേരും ഉന്നയിച്ച ആശങ്ക ഈ വിശുദ്ധ ഭൂമിയെക്കുറിച്ചായിരുന്നു. അത്‌കൊണ്ടാണ് ജൂതരാഷ്ട്ര സംസ്ഥാപനത്തിന് അടിത്തറ പാകിയ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ബ്രിട്ടീഷ് മേലാളന്‍മാര്‍ വിശുദ്ധ ഗേഹങ്ങളുടെ കാര്യത്തില്‍ സ്റ്റാറ്റസ്‌കോ പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ചത്. തികച്ചും ഫലസ്തീന്‍ വിരുദ്ധവും സയണിസ്‌ററ് അനുകൂലവുമായ ആ പ്രഖ്യാപനത്തില്‍ പോലും ഇങ്ങനെയൊരു നിഷ്‌കര്‍ഷ വേണ്ടി വന്നത് അത്രമേല്‍ ശക്തിമത്താണ് ചരിത്രത്തിലെ വേരുകളെന്നത് കൊണ്ടാണ്. ഭൗമരാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളിലൂടെ അതിര്‍ത്തികള്‍ മാറ്റിവരച്ചാലും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പാശങ്ങള്‍ അറുത്തുമാറ്റാനാകില്ലെന്ന് ഈ പ്രഖ്യാപനം വ്യക്തമാക്കുന്നു. ഇനി 1948ല്‍ ഇസ്‌റാഈല്‍ പിറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യു എന്‍ ഇറക്കിയ പ്രമേയം നോക്കൂ. 194ാം നമ്പര്‍ പ്രമേയത്തില്‍ ഇങ്ങനെ വായിക്കാം: ‘വിശുദ്ധ പ്രദേശങ്ങളും കെട്ടിടങ്ങളും അതേപടി സംരക്ഷിക്കേണ്ടിയിരിക്കുന്നു. അവിടേക്ക് മുസ്‌ലിംകള്‍ക്ക് പ്രവേശിക്കാനും ആരാധനാ കര്‍മങ്ങള്‍ നടത്താനും എല്ലാ സൗകര്യവും ഒരുക്കണം. നിലവിലുള്ളതും ചരിത്രപരമായി തുടര്‍ന്നു വരുന്നതുമായ ചട്ടങ്ങളിലും വിധിവിലക്കുകളിലും ഒരു മാറ്റവും പാടില്ല’.
ഈ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജൂത സംഘങ്ങള്‍ അല്‍ അഖ്‌സക്കു ചുറ്റും തമ്പടിക്കുന്നത്. മുസ്‌ലിംകളുടെ വാഹനങ്ങള്‍ തടയുക, റോഡുകള്‍ അടയ്ക്കുക, പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷത്തിന് വഴി മരുന്നിടുക. ഇതാണ് തന്ത്രം. 12ഓളം ഗേറ്റുകളുള്ള അല്‍ അഖ്‌സ ചത്വരത്തിന്റെ അകത്ത് കടക്കാതെ തന്നെ പടിഞ്ഞാറന്‍ ചുമരിനടുത്ത് പ്രാര്‍ഥന നടത്താനാണ് ജൂതന്‍മാര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇത് വര്‍ഷങ്ങളായി തുടരുന്ന ക്രമീകരണമാണ്. സെപ്തംബറില്‍ ജൂത പുതുവത്സരത്തോടനുബന്ധിച്ചാണ് ഇത്തവണ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഒരു സംഘം ജൂതയുവാക്കള്‍ ഇസ്‌റാഈലി പോലീസിന്റെ അകമ്പടിയോടെ ചത്വരത്തിന് പുറത്ത് എത്തുന്നു. മുസ്‌ലിംകളല്ലാത്തവര്‍ക്ക് പ്രവേശം നിരോധിച്ച ഗേറ്റിലൂടെ തന്നെ അകത്ത് കടക്കാന്‍ ശ്രമം. സാധാരണ നിലയില്‍ ഇത് തടയേണ്ടത് ഇസ്‌റാഈല്‍ പോലീസാണ്. മുകളില്‍ നിന്നുള്ള പരോക്ഷ പിന്തുണയും തങ്ങളുടെ ഉള്ളിലെ ജൂതവികാരവും ഒരുമിച്ചപ്പോള്‍ ചട്ടങ്ങളെല്ലാം മരവിച്ചു നിന്നു. അകത്ത് കടക്കാനുള്ള ശ്രമം മുസ്‌ലിംകള്‍ തടഞ്ഞതോടെ രംഗം സംഘര്‍ഷഭരിതമായി. അപ്പോഴും പോലീസ് ശ്രമിച്ചത് ചത്വരത്തില്‍ പ്രവേശിക്കാനും പ്രാര്‍ഥന നടത്താനും നിയമപരമായി അനുമതിയുള്ള മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് നീക്കാനാണ്. പിന്നെ വരും ദിവസങ്ങളിലെല്ലാം ജൂത കുടിയേറ്റക്കാര്‍ ഇവിടെ കൂട്ടം കൂട്ടമായി എത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും തുടരുന്നു. 45 വയസ്സിന് താഴെയുള്ള ഫലസ്തീനികള്‍ ഇവിടെ പ്രാര്‍ഥനക്കെത്തുന്നത് നിരോധിച്ചു. ഗേറ്റുകളിലെല്ലാം മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി. ആയിരക്കണക്കിന് പോലീസുകാരെ പുതുതായി നിയോഗിച്ചു. ബൈത്തുല്‍ മുഖദ്ദസിന് ചുറ്റും സ്‌ഫോടനാത്മകമായ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ഇസ്‌റാഈല്‍ വിജയിച്ചിരിക്കുന്നു.
ഹറം അല്‍ ശരീഫ് അടക്കമുള്ള അല്‍ അഖ്‌സ കോമ്പൗണ്ടിന്റെ സുരക്ഷാ ചുമതല ഇസ്‌റാഈല്‍ സൈന്യത്തിനും നടത്തിപ്പ് ചുമതല ഫലസ്തീന്‍ ഔഖാഫിനുമാണ്. ജോര്‍ദാന്‍ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഔഖാഫ് പ്രവര്‍ത്തിക്കുന്നത്. ഔപചാരികമായി ജോര്‍ദാന്‍ രാജാവാണ് അല്‍ അഖ്‌സ സംബന്ധിച്ച അവസാന വാക്ക്. 1967ലെ ആറ് ദിന യുദ്ധത്തില്‍ കിഴക്കന്‍ ജറൂസലമും വെസ്റ്റ്ബാങ്കും ഇസ്‌റാഈല്‍ പിടിച്ചടക്കിയതോടെയാണ് അല്‍ അഖ്‌സ മസ്ജിദിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ശക്തമായത്.
ചരിത്രത്തിലെ ചോര
അല്‍ അഖ്‌സ പരിസരത്തും വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും നടന്നു കൊണ്ടിരിക്കുന്ന ജൂത കുടിയേറ്റവും അതിക്രമങ്ങളും പൊടുന്നനെ സംഭവിക്കുന്നതോ ഇസ്‌റാഈല്‍ അനുകൂല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ഫലസ്തീനില്‍ നിന്നുള്ള പ്രകോപനത്തില്‍ നിന്ന് ഉണ്ടാകുന്നതോ അല്ല. മറിച്ച് ദീര്‍ഘകാല ലക്ഷ്യത്തിന്റെ തന്ത്രപരമായ നടത്തിപ്പാണിത്. സയണിസ്റ്റ് സൈദ്ധാന്തികനും ഇസ്‌റാഈലിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ഡേവിഡ് ബെന്‍ഗൂറിയന്‍ 1939ല്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. സയണിസ്റ്റുകളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു: ഭാഗികമായ ജൂത രാഷ്ട്രം ഒരവസാനമല്ല, മറിച്ച് തുടക്കമാണ്. അന്താരാഷ്ട്ര ശക്തികള്‍ നമുക്ക് അനുവദിച്ച് തന്നിട്ടുള്ള ഭൂവിഭാഗത്തില്‍ നിന്ന് പുറത്തേക്ക് കുടിയേറിപ്പാര്‍ക്കുന്നതില്‍ നിന്ന് ഒരു ശക്തിക്കും നമ്മെ തടയാനാകില്ല. സയണിസ്റ്റ് മോഹങ്ങളുടെ അതിരുകള്‍ ജൂത ജനതയുടെ ഉത്കണ്ഠയാണ്. യാതൊരു ബാഹ്യ.ഘടകത്തിനും അവരെ യാതൊന്നിലേക്കും പരിമിതപ്പെടുത്താനാകില്ല’ ദേര്‍ യാസീന്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ഇസ്‌റാഈല്‍ എല്‍ദാദ് 1967ല്‍ പറഞ്ഞത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം: ‘വീണ്ടെടുപ്പിനെ പ്രതീകവത്കരിക്കുന്ന ഏറ്റവും ആഴത്തിലുള്ളതും മഹത്തുമായ പ്രത്യാശ ജൂതരുടെ ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ദിവസം, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രണ്ട് മുസ്‌ലിം പള്ളികളും (അല്‍ ഹറമുശ്ശരീഫും അല്‍ അഖ്‌സയും) അപ്രത്യക്ഷമാകുമെന്ന് ഉറപ്പാണ്’ ഈ ആഹ്വാനം നടപ്പില്‍ വരുത്താനായി നിരവധി തവണ ജൂത തീവ്രവാദികള്‍ അല്‍ അഖ്‌സ കോമ്പൗണ്ടില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 1929ല്‍ തന്നെ ഫലസ്തീനികള്‍ ഇത് തിരിച്ചറിഞ്ഞതാണ്. അന്ന് ഇസ്‌റാഈല്‍ രാഷ്ട്രം ബ്രിട്ടന്റെ ആലയില്‍ പരുവപ്പെടുന്നേയുണ്ടായിരുന്നുള്ളൂ. അന്ന് അല്‍ ബുറാഖ് ഗേറ്റിലൂടെ അഖ്‌സ സമുച്ചയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ജൂതന്‍മാരെ ഫലസ്തീനികള്‍ തടഞ്ഞു. ഈ പ്രതിരോധം വലിയ ഏറ്റുമുട്ടലിന് വഴി വെച്ചു. നിരവധി പേര്‍ മരിച്ചു വീണു. ഈ സംഭവമാണ് പിന്നീട് അല്‍ ബുറാഖ് വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടത്. ഫലസ്തീന്‍ മണ്ണ് സംരക്ഷിക്കാനായി നടന്ന ആദ്യ സംഘടിത ശ്രമമെന്ന നിലയിലാണ് ഈ സംഭവത്തെ ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നത്. 1969ല്‍ ആസ്‌ത്രേലിയന്‍ ക്രിസ്ത്യാനി കോമ്പൗണ്ടില്‍ ഇരച്ച് കയറി തീവെച്ചു. അന്ന് അത്യന്തം ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ കത്തി നശിച്ചു. 1990ല്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ 20 ഫലസ്തീനികളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. 1996ല്‍ പടിഞ്ഞാറന്‍ കവാടത്തിലേക്ക് ജൂതന്‍മാര്‍ തുരങ്കം പണിതപ്പോള്‍ അത് ചെറുക്കാന്‍ ഫലസ്തീനികള്‍ ഇറങ്ങി. 63 പേര്‍ രക്തസാക്ഷികളായി. 2000ത്തില്‍ ഇസ്‌റാഈല്‍ നേതാവ് ഏരിയല്‍ ഷാരോണ്‍ ആയിരക്കണക്കിന് സൈനികരുടെ അകമ്പടിയോടെ അല്‍ അഖ്‌സ സന്ദര്‍ശിക്കാനെത്തി. അന്ന് ഫലസ്തീന്‍ ഗ്രൂപ്പുകള്‍ നടത്തിയ പ്രതിരോധമാണ് രണ്ടാം ഇന്‍തിഫാദക്ക് വഴിവെച്ചത്.
നെതന്യാഹുവിനെ വിശ്വസിക്കാമോ?
പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജോര്‍ദാന്‍ രാജാവിനെ സന്ദര്‍ശിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് അല്‍ അഖ്‌സയില്‍ നിലവിലുള്ള സ്ഥിതിയില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്നാണ്. പക്ഷേ അത് വിശ്വാസത്തിലെടുക്കാന്‍ ഫലസ്തീനികള്‍ക്ക് സാധ്യമല്ല. നെതന്യാഹുവിനെയെന്നല്ല, ഒരു ഇസ്‌റാഈല്‍ നേതാവിനെയും വിശ്വസിക്കരുതെന്നാണ് ചരിത്രം അവരെ പഠിപ്പിച്ചിട്ടുള്ളത്. വെസ്റ്റ്ബാങ്കിലെ ചരിത്ര പ്രസിദ്ധമായ ഇബ്‌റാഹിമി പളളി പിടിച്ചടക്കിയതുമായി ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കൃത്യമായ സാമ്യമുണ്ട്. ഹീബ്രോണ്‍ (അല്‍ ഖലീല്‍) പട്ടണത്തിലെ പള്ളിയില്‍ 1990കളില്‍ ജൂതന്‍മാര്‍ കൂട്ടമായി വരാന്‍ തുടങ്ങി. ആദ്യമൊക്കെ പള്ളി പരിസരത്തായിരുന്നു കര്‍മങ്ങള്‍. സാവധാനം പള്ളിക്കകത്തേക്ക് കയറാന്‍ തുടങ്ങി. ഇടക്കിടക്ക് ഫലസ്തീനികളുമായി ഉരസലുകളുണ്ടായി. 1994 ഫബ്രുവരി 25ന് ജൂത തീവ്രവാദി ബറൂച്ച് ഗോള്‍ഡ്സ്റ്റിന്‍ പള്ളിയില്‍ ഇരച്ച് കയറി തലങ്ങും വിലങ്ങും വെടിവെച്ചു. നിസ്‌കാരത്തിലായിരുന്ന 30 ഫലസ്തീനികളാണ് തത്ക്ഷണം മരിച്ചത്. ഇസ്‌റാഈലി സൈന്യം ഉടന്‍ പള്ളി വളഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് പള്ളി അടച്ചിടുകയാണ് പിന്നെ ചെയ്തത്. ഇസ്‌റാഈല്‍ സര്‍ക്കാര്‍ ദുഃഖം നടിച്ചു. പള്ളി മുസ്‌ലിംകള്‍ക്ക് തന്നെ തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. കൊടും ചതിയായിരുന്നു അത്. പള്ളി സമുച്ചയം വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒരു ഭാഗം ജൂതര്‍ക്ക് മറുഭാഗം മുസ്‌ലിംകള്‍ക്ക്. ഇതേ തന്ത്രമാണ് അല്‍ അഖ്‌സയുടെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നതെന്ന് ജറൂസലം മുഫ്തി ശൈഖ് ഇക്‌രിമ സബ്‌രി പറയുന്നു. മൂന്ന് ലക്ഷ്യങ്ങളാണ് ഇസ്‌റാഈലിനുള്ളതെന്ന് അല്‍ അഖ്‌സ മാനുസ്‌ക്രിപ്റ്റ് വകുപ്പിന്റെ മേധാവി നജാ ബകീറാത്ത് വിലയിരുത്തുന്നുണ്ട്. ഒന്ന് സംഘര്‍ഷത്തിന്റെ പേരില്‍ മേഖലയില്‍ കൂടുതല്‍ ചെക് പോയിന്റുകള്‍ സ്ഥാപിക്കുക. അതുവഴി കൂടുതല്‍ മേഖലകളിലേക്ക് ജൂത അധിനിവേശം വ്യാപിപ്പിക്കുക. രണ്ട്, അല്‍ അഖ്‌സ പള്ളി സമുച്ചയം വിഭജിക്കുക. മൂന്ന്, ഇത് ദീര്‍ഘകാല ലക്ഷ്യമാണ്, അല്‍ അഖ്‌സ കോമ്പൗണ്ടില്‍ ഒരു സിനഗോഗ് പണിയുക.
ജൂതരാഷ്ട്രമെന്ന ആശയം അവതരിപ്പിച്ച തിയോഡര്‍ ഹെര്‍സല്‍ വിഭാവനം ചെയ്തത് പോലുള്ള അതിര്‍ത്തി വ്യാപനം സാധ്യമായിട്ടില്ലെന്ന വിലയിരുത്തലാണ് ഇന്നത്തെ സയണിസ്റ്റ് നേതാക്കള്‍ക്കുള്ളത്. അറബ്‌രഹിതമായ ഭൂവിഭാഗമാണ് അവരുടെ സ്വപ്‌നം. ജറൂസലമില്‍ മുസ്‌ലിം ജനസംഖ്യ കുറച്ചു കൊണ്ടുവരികയും ജൂതസാന്നിധ്യം പതിന്‍മടങ്ങാക്കുകയുമാണ് തന്ത്രം. ആ സ്വപ്‌നത്തെ ഓരോ നിമിഷവും വെല്ലുവിളിക്കുന്ന വിശുദ്ധ സാന്നിധ്യമാണ് അല്‍ അഖ്‌സ. ഈ വിശുദ്ധഗേഹം ഫലസ്തീനികളെയും ലോകത്താകെയുള്ള മുസ്‌ലിംകളെയും അങ്ങോട്ട് ആകര്‍ഷിച്ചു കൊണ്ടേയിരിക്കുന്നു. സയണിസ്റ്റ്- പാശ്ചാത്യ കൂട്ടുകെട്ടിലൂടെ സാധ്യമാകുന്ന മത-രാഷ്ട്രീയ- സാമ്പത്തിക ശക്തി ഉപയാഗിച്ച് ഈ ചരിത്ര ശേഷിപ്പുകള്‍ തുടച്ചു നീക്കണമെന്ന് ഇസ്‌റാഈല്‍ തീരുമാനിക്കുന്നത് അത്‌കൊണ്ടാണ്.
മതപരമായ ലക്ഷ്യങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളേക്കാള്‍ പ്രഹര ശേഷിയുള്ളവയാണെന്ന് സയണിസ്റ്റുകള്‍ക്കറിയാം. തങ്ങളുടെ രാഷ്ട്രം ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി വളര്‍ന്നു കഴിഞ്ഞിട്ടും സയണിസം ജൂത വിശ്വാസികളെ അരക്ഷിതരായി അവതരിപ്പിക്കുകയാണ്. ഇന്നും അവര്‍ ഹോളോകോസ്റ്റിന്റെ ഭീതിയിലാണത്രേ. പുതിയ ഹോളോകോസ്റ്റ് മുസ്‌ലിംകളില്‍ നിന്നാണത്രേ വരാന്‍ പോകുന്നത്. പാഞ്ഞടുക്കുന്ന യുദ്ധടാങ്കുകള്‍ക്ക് നേരെ ചെറു കല്ലുകളെടുത്തെറിയാന്‍ വിധിക്കപ്പെട്ട നിരായുധരായ കുട്ടികളിലാണ് ഇവര്‍ ഹിറ്റ്‌ലറെ ആരോപിക്കുന്നത്. ബൈത്തുല്‍ മുഖദ്ദസിന് ചുറ്റും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ഇത്തരം നുണകള്‍ ലോകത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here