ഇന്ത്യ-ബ്രിട്ടന്‍ ഊര്‍ജ സഹകരണം

Posted on: November 15, 2015 4:37 am | Last updated: November 14, 2015 at 11:37 pm
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയും യു കെയും തമ്മില്‍ നടന്ന ചര്‍ച്ചകളിലെ മുഖ്യമായൊരു ഇനം ഊര്‍ജ സഹകരണമായിരുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികസനത്തിലും പരമ പ്രധാനമാണ് സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഊര്‍ജ ലഭ്യത. രാജ്യത്തിന് താങ്ങാന്‍ കഴിയുന്ന ചെലവില്‍ ഊര്‍ജം ലഭ്യമായില്ലെങ്കില്‍ വികസനം മുരടിക്കും. ലോകം സാങ്കേതികമായി വളരുന്തോറും ഊര്‍ജാവശ്യം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ള ലോകത്തിന്റ ഊര്‍ജാവശ്യത്തില്‍ 95 ശതമാനത്തോളം വര്‍ധനവുണ്ടായി. അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇത് 60 ശതമാനം കൂടി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനനുസൃതമായി ഊര്‍ജ സ്രോതസ്സുകള്‍ വളരുന്നില്ലെന്നത് ഏതൊരു രാജ്യവും നേരിടുന്ന മുഖ്യ പ്രതിസന്ധിയാണ്. ഊര്‍ജാവശ്യത്തിന്റെ വര്‍ധിതമായ ഈ ഉയര്‍ച്ച കണക്കിലെടുത്ത് ഈ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ബ്രിട്ടനും ഇന്ത്യയും തമ്മില്‍ ധാരണയിലെത്തിയതായി യു കെ ഊര്‍ജ സെക്രട്ടറി ആംബര്‍ റൂഡ് വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യയിലെ പോലെ ഊര്‍ജ പ്രതിസന്ധി രൂക്ഷമാണ് ബ്രിട്ടനിലുമെന്നതിനാല്‍ ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണപ്രദമായിരിക്കും ഈ കരാര്‍.
പെട്രോളിയം, കല്‍ക്കരി, ജലവൈദ്യുത പദ്ധതികള്‍ തുടങ്ങി ഏറെക്കുറെ സുരക്ഷിതമായ ഊര്‍ജ സ്രോതസ്സുകള്‍ സാങ്കേതികമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമല്ല. ഇതിന് ബദലുകള്‍ തേടിയുള്ള അന്വേഷണത്തില്‍ ശാസ്ത്ര ലോകം എത്തിപ്പെട്ട ഒരു മേഖല ആണവ നിലയങ്ങളാണ്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ഇവ സ്ഥാപിതമായിട്ടുണ്ട്. എന്നാല്‍ ഇത് ചെലവേറിയതാണെന്നതിന് പുറമെ സുരക്ഷിതവുമല്ല. 9,200 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള തേജാപ്പുര്‍ പദ്ധതിക്ക് മാത്രമായി ഇന്ത്യ ചെലവിടുന്നത് ഒരു ലക്ഷം കോടി രൂപയാണ്. ഇത്രയും ഭീമമായ സംഖ്യ ചെലവിട്ട് സ്ഥാപിക്കുന്ന പദ്ധതികള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി അതിഭീതിദവുമാണ്. റഷ്യയിലെ ചെര്‍ണോബില്‍, ജപ്പാനിലെ ഫുക്കുഷിമ തുടങ്ങിയ ആണവ പ്ലാന്റുകള്‍ സൃഷ്ടിച്ച വന്‍ ദുരന്തങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ആണവ മാലിന്യങ്ങള്‍ അപകടരഹിതമായി നിര്‍മാര്‍ജനം ചെയ്യാനുള്ള മാര്‍ഗങ്ങളും ലോകം ഇന്നു വരെ കണ്ടെത്തിയിട്ടില്ല. ഇതെല്ലാം കാരണമായി അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങള്‍ ആണവ നിലയങ്ങളില്‍ നിന്ന് പിന്‍മാറിക്കൊണ്ടിരിക്കുകയാണ്.
ജൈവ ഇന്ധനങ്ങളാണ് ലോകം പരീക്ഷിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു മാര്‍ഗം. ചോളം കരിമ്പ് തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും മരത്തില്‍ നിന്നും മറ്റും ഊര്‍ജം ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തിയതോടെ പല രാജ്യങ്ങളും ഈ മാര്‍ഗം അവലംബിക്കുന്നുണ്ട്. എന്നാല്‍ ജൈവ ഇന്ധനം ഉത്പാദിപ്പിക്കണമെങ്കില്‍ വന്‍തോതില്‍ കാര്‍ഷിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇത് രാഷ്ട്രങ്ങളുടെ ഭക്ഷ്യാവശ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാത്രമല്ല, ഇവയില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കണമെങ്കില്‍ വന്‍തോതില്‍ മറ്റ് ഊര്‍ജം വിനിയോഗിക്കണം. ഈ ഊര്‍ജ വിനിയോഗവും മറ്റ് ഉത്പാദന ചെലവുകളും കണക്കിലെടുക്കുമ്പോള്‍ അതൊരു നഷ്ടക്കച്ചവടമായിരിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്.
2012ല്‍ ഐക്യരാഷ്ട്രസഭ ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് സജീവ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. നിലവിലുള്ള പല ഊര്‍ജ സ്രോതസ്സുകളുടെയും ഗുരുതരമായ പ്രത്യാഘാതങ്ങളും പാരിസ്ഥിതിക ഭീഷണിയും കണക്കിലെടുത്ത് സൂര്യതാപം, കാറ്റ്, കടല്‍ത്തിര തുടങ്ങി പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന നിരുപദ്രവകരമായ ഊര്‍ജ സ്രോതസ്സുകളെ കൂടുതലായി ഉപയോഗപ്പെടുത്താനാണ് അന്ന് യു എന്‍ ലോകത്തോടാഹ്വാനം ചെയ്തത്. കാറ്റാടി പാടങ്ങളിലൂടെ ലോകമെമ്പാടും വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഈ മാര്‍ഗേണയുള്ള ഊര്‍ജോത്പാദനം വര്‍ഷാന്തം രണ്ട് ശതമാനം വീതം വര്‍ധിച്ചു വരികയാണ്. സൗരോര്‍ജത്തെ ആശ്രയിച്ചുള്ള വൈദ്യുതോത്പാദനവും വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നു. 2002 മുതല്‍ 20 ശതമാനമായിരുന്നു ഇതിന്റെ വാര്‍ഷിക വളര്‍ച്ചയെങ്കില്‍ 2007 മുതല്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 50 വര്‍ഷം കൊണ്ട് ലോകത്തിന്റെ മുഴുവന്‍ ആവശ്യത്തിനുമുള്ള വൈദ്യുതി സൗരോര്‍ജത്തിലൂടെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.
ബ്രിട്ടനുമായുള്ള ഊര്‍ജ സഹകരണത്തിന്റെ സ്വഭാവമെന്തെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. സൗരോര്‍ജം, തിരമാലകള്‍, കാറ്റ് തുടങ്ങി ഊര്‍ജ സ്രോതസ്സുകള്‍ യഥേഷ്ടം ലഭ്യമായ രാജ്യമാണ് ഇന്ത്യ. ഇത്തരം പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാജ്യാന്തര കരാറുകളും സഹകരണങ്ങളുമാണ് നമുക്കാവശ്യം. മറിച്ച് ആണവ ശക്തിയായി മാറിയ പല രാജ്യങ്ങളും തങ്ങളുടെ ആണവ റിയാക്ടറുകള്‍ എങ്ങനെ പ്രവര്‍ത്തന രഹിതമാക്കാമെന്നും കാലാവധി കഴിഞ്ഞ റിയാക്ടറുകള്‍ സുരക്ഷിതമായി അടച്ചു പൂട്ടാനുള്ള മാര്‍ഗങ്ങളെന്തെന്നും ചിന്തിച്ചു കൊണ്ടിരിക്കെ അത്തരം പദ്ധതികളെ ക്ഷണിച്ചു വരുത്താനുള്ളതാകരുത് പുതിയ കരാറുകള്‍. ശാക്തിക രാജ്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്ത് പല ആണവ നിലയങ്ങളും സ്ഥാപിച്ചത്. ഇനിയും അത്തരം സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങാതിരിക്കാനുള്ള ആര്‍ജവം ഭരണ നേതൃത്വം പ്രകടിപ്പിക്കേണ്ടതുണ്ട്.