നാവികസേനയുടെ ശിശുദിനാഘോഷം: പടക്കപ്പലുകള്‍ കുട്ടിപ്പട്ടാളം കൈയടക്കി

Posted on: November 14, 2015 11:43 pm | Last updated: November 14, 2015 at 11:43 pm

children's dayകൊച്ചി: ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത യുദ്ധക്കപ്പലുകളില്‍ കയറാന്‍ പോലും മടിച്ചും പേടിച്ചും മാറി നില്‍ക്കുന്ന കുട്ടിക്കൂട്ടം. ഒടുവില്‍ യൂനിഫോമണിഞ്ഞ സേനാംഗങ്ങളുടെ സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങി കയറിപ്പറ്റിയപ്പോഴാകട്ടെ പിന്നെ ആട്ടവും പാട്ടും മേളവും. ഇന്ത്യന്‍ നാവിക കപ്പലുകളായ ഐ എന്‍ എസ് സുജാതയും, ഐ എന്‍ എസ് തിര്‍, ഐ സി ജി എസ് വരുണയും അപൂര്‍വ കൂട്ടായ്മക്ക് വേദിയായി.
നാവിക സേനാ വാരാഘോഷത്തോടനുബന്ധിച്ച് ദക്ഷിണ നാവിക സേനയാണ് കൊച്ചിയിലെ ആസ്ഥാനത്ത് ശിഷുദിനമായ ഇന്നലെ ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായി വൈവിദ്യമായ പരിപാടികളൊരുക്കിയത്. പത്ത് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി 97 കുട്ടികളും 23 അധ്യാപകരുമാണ് നാവിക സേനാംഗങ്ങള്‍ക്കൊപ്പം ആടിപ്പാടി ഉല്ലസിച്ചത്. മൃദുലസ്പര്‍ശം, റീന മെമ്മോറിയല്‍ സംരക്ഷണ സൊസൈറ്റി, ആശാകേന്ദ്രം, വൈ എം സി എ, സ്മൃതി, നാവിക സേനയുടെ സങ്കല്‍പ്പ്, കോട്ടലെങ്ങൊ, എന്‍ എം എം എം ഇ എസ്, സ്‌നേഹനിലയം, രക്ഷ സൊസൈറ്റി എന്നീ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നാണ് കുട്ടികള്‍ എത്തിയത്. മധുര പലഹാരങ്ങളുമായാണ് ഐ എന്‍ എസ് തിര്‍ കമാഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ എസ് ആര്‍ അയ്യരുടെ നേതൃത്വത്തിലുള്ള നാവിക സേനാംഗങ്ങള്‍ കുട്ടികളെ വരവേറ്റത്. ഇവര്‍ക്കായി മജീഷ്യന്‍ കെ എം കുട്ടിയുടെ മാജിക് ഷോയും ഒരുക്കിയിരുന്നു.
ഐ എന്‍ എസ് തിറില്‍ കുട്ടിക്കൂട്ടം ഒത്തുകൂടിയപ്പോള്‍ തൊട്ടടുത്ത് തന്നെ ചേര്‍ത്തിട്ട ഐ എന്‍ എസ് സുജാതയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി മറ്റൊരു കൂട്ടായ്മയുമൊരുക്കിയിരുന്നു. 147 വയോധികരാണ് ഇവിടെ യുദ്ധക്കപ്പലില്‍ ഒത്തുകൂടിയത്. നാവികസേനാംഗങ്ങളും മുതിര്‍ന്ന പൗരന്‍മാരും പാട്ടുകള്‍ പാടിയും കളിചിരികള്‍ പറഞ്ഞും സന്തോഷവും സൗഹൃദവും പങ്കിട്ടു. ഒരുമാസം നീണ്ടു നില്‍ക്കുന്ന നേവി ഫെസ്റ്റ് ആണ് ഇപ്പോള്‍ ദക്ഷിണ മേഖല നാവിക സേനാ ആസ്ഥാനമായ കൊച്ചിയില്‍ വിവിധ പരിപാടികളായി നടക്കുന്നത്. ഡിസംബര്‍ ആറിന് നാവികസേനയുടെ അഭ്യാസപ്രകടനങ്ങളോടെയാണ് സമാപനം. വിദേശികള്‍ ഒഴികെയുള്ള പൊതുജന സന്ദര്‍ശകര്‍ക്ക് വിവിധ പരിപാടികളിലായി യുദ്ധക്കപ്പലുകള്‍ കാണാനും മറ്റുമായി സേനാ ആസ്ഥാനത്ത് അവസരമൊരുക്കിയിട്ടുണ്ട്.