മന്ത്രി ശിവകുമാറിനെതിരെ യൂത്ത് കോണ്‍.യോഗത്തില്‍ വിമര്‍ശം

Posted on: November 14, 2015 11:36 pm | Last updated: November 14, 2015 at 11:36 pm
SHARE

Sivakumarകൊച്ചി: ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പി യോട് കാണിച്ച മൃദു സമീപനമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അപമാനകരമായ പരാജയത്തിന് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിമര്‍ശം. തിരുവനന്തപുരം ജില്ലയില്‍ അടക്കം ബി ജെ പി വന്‍ വിജയം നേടിയത് ഇത് മൂലമാണ്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞു പിടിച്ച് തോല്‍പ്പിച്ചെന്നും വിമര്‍ശനമുയര്‍ന്നു. വിഴിഞ്ഞത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍. എസ് നുസൂര്‍ ആണ് തിരുവനന്തപുരത്തെ പരാജയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. മന്ത്രി വി എസ് ശിവകുമാറിനെതിരെ രൂക്ഷ വിമര്‍ശമാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്. തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അന്തകനാണ് ശിവകുമാര്‍ എന്ന് വരെ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു.
അരുവിക്കരയിലെ വിജയം നല്‍കിയ അമിതാഹ്ലാദമാണ് ഇത്ര ദയനീയമായ തോല്‍വിക്ക് പ്രധാന കാരണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കിയ ശേഷം റിബലുകളെ നിര്‍ത്തി തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്തും പാലക്കാട്ടും ബി ജെ പി ക്കുണ്ടായ മുന്നേറ്റത്തില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. എസ് എന്‍ ഡി പിയും ബി ജെ പി യുമായുള്ള കൂട്ടുകെട്ടിനെ ഫലപ്രദമായി ചെറുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചില്ലെന്നും വിലയിരുത്തി. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിചയ സമ്പത്തുള്ളവരെ പരിഗണിക്കണമെന്ന് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ തമ്പി സുബ്രഹ്മണ്യം, ജെബി മേത്തര്‍ എന്നിവര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കണമെന്ന് കെ പി സി സി യോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
18 സംസ്ഥാന ഭാരവാഹികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ 9 പേര്‍ മാത്രമാണ് വിജയിച്ചത്. ഡിസംബര്‍ ആദ്യ വാരം സംസ്ഥാന പ്രസിഡന്റിന്റെ വാഹന പ്രചാരണ ജാഥ നടത്താനും കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.