Connect with us

Malappuram

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു; സ്റ്റേഷന്‍ ഉപരോധവുമായി മുസ്‌ലിം ലീഗ്

Published

|

Last Updated

മഞ്ചേരി: പോലീസിനെ അക്രമിച്ചുവെന്ന കേസില്‍ സംശയിക്കപ്പെടുന്നയാളെ തേടി അര്‍ധ രാത്രി വീട്ടിലെത്തിയ എസ് ഐയെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മഞ്ചേരി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30 നാണ് സംഭവം. ലീഗ് പ്രവര്‍ത്തകനും മുള്ളമ്പാറ വരിയാല്‍ പാറക്കാടന്‍ അബ്ദുര്‍റഹ്മാന്റെ മകനുമായ റിഷാദ് മൊയ്തു (21) ആണ് കിണറ്റില്‍ വീണത്. മലപ്പുറത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയ റിഷാദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരഞ്ഞെടുപ്പ് വിജയാഹ്ലാദം അക്രമാസക്തമായതോടെ സ്ഥലത്തെത്തിയ പോലീസിന് നേരെ കല്ലേറുണ്ടായിരുന്നു. എസ് ഐ പി വിഷ്ണുവിനടക്കം പോലീസുകാര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിരുന്നു. മലപ്പുറം ഡി വൈ എസ് പിയുടെ വാഹനവും കല്ലേറില്‍ തകര്‍ക്കപ്പെട്ടു. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല്‍പ്പതോളം പേര്‍ക്കെതിരെ പോലീസ് പി ഡി പി പി വകുപ്പനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികള്‍ പലരും ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെന്ന് സംശയിക്കപ്പെടുന്ന റിഷാദിനെ പിടികൂടുന്നതിനായി എസ് ഐ പി വിഷ്ണുവും വനിതാ പോലീസുള്‍പ്പെടെയുള്ള സംഘവും രാത്രി 1.15ന് മുള്ളമ്പാറ വരിയാലിലുള്ള വീട്ടിലെത്തുകയായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റിഷാദിനെ എസ് ഐ പിന്തുടരുകയും ഇതിനിടയില്‍ അയല്‍പക്കത്തെ കിണറ്റില്‍ വീഴുകയുമായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി നൂറോളം വരുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെ മഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും കുത്തിയിരിപ്പ് സമരവും നടത്തി. എസ് ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം അഡ്വ. യു എ ലത്വീഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം ഉമ്മര്‍ എം എല്‍ എ, അഡ്വ. എം റഹ്മത്തുല്ല, വല്ലാഞ്ചിറ മുഹമ്മദലി, അന്‍വര്‍ മുള്ളമ്പാറ പ്രസംഗിച്ചു.
മലപ്പുറം ഡി വൈ എസ് പി ശറഫുദ്ദീന്‍, മഞ്ചേരി സിഐ സണ്ണി ചാക്കോ എന്നിവരുമായി ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ എസ് ഐ യെ താത്കാലികമായി മലപ്പുറത്തേക്ക് മാറ്റി നിര്‍ത്താന്‍ ധാരണയായി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നവംബര്‍ 18 കഴിയാതെ ഇക്കാര്യത്തില്‍ എസ് ഐക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡി വൈ എസ് പി പറഞ്ഞു. മലപ്പുറം അഡ്മിനിസ്‌ട്രേറ്റീവ് ഡി വൈ എസ് പി മുമ്പാകെ റിപ്പോര്‍ട്ട് നല്‍കാന്‍ എസ് ഐക്ക് നിര്‍ദേശം നല്‍കി. ചികിത്സയില്‍ കഴിയുന്ന റിഷാദില്‍ നിന്ന് ആശുപത്രിയിലെത്തി സി ഐ മൊഴിയെടുക്കുമെന്നും 18 ന് ശേഷം എസ് ഐക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാര്‍ പിന്‍വാങ്ങിയത്.

---- facebook comment plugin here -----

Latest