Connect with us

Kozhikode

അര്‍ബുദരോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കും: മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് 18 വയസിന് മുകളിലുളള അര്‍ബുദരോഗികള്‍ക്ക് സൗജന്യമായി ക്യാന്‍സര്‍ മരുന്നുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചാത്തമംഗലത്തിനടുത്ത് ചൂലൂരില്‍ നിര്‍മിക്കുന്ന എം വി ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
18 വയസുവരെയുളള ക്യാന്‍സര്‍ രോഗികള്‍ക്ക് ഇപ്പോള്‍ത്തന്നെ ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്. മരുന്നുകളും സൗജന്യ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് നിര്‍മിക്കുന്ന പ്രത്യേക ക്യാന്‍സര്‍ സെന്ററിന്റെ പ്രവൃത്തി ഇതിനകം ആരംഭിച്ചു. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുളള അര്‍ബുദ ചികിത്സ വിഭാവനം ചെയ്തുകൊണ്ട് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ഉപഘടകമായ കെയര്‍ഫൗണ്ടേഷനാണ് 400 കോടി രൂപ ചെലവില്‍ ആറ് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മിക്കുന്നത്. പതിനഞ്ചര ഏക്കര്‍ ക്യാമ്പസിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. കെട്ടിടത്തിന്റെ മൂന്ന് ലക്ഷം ചതുരശ്രയടി നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രോഗികളില്‍ 30 ശതമാനം പേര്‍ക്ക് ഇവിടെ ചികിത്സ സൗജന്യമായിരിക്കും. പ്രവര്‍ത്തനമാരംഭിച്ച് പത്ത് വര്‍ഷത്തിനുശേഷം ചികിത്സ പൂര്‍ണമായും സൗജന്യമാക്കുകയാണ് ലകഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റും കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സി എന്‍ വിജയകൃഷ്ണന്‍ പറഞ്ഞു. അമേരിക്കയിലെ കെന്നഡി ക്യാന്‍സര്‍ സെന്ററിന് സമാനമായ ചികിത്സാ സങ്കേതങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പാലിയേറ്റീവ് ബ്ലോക്കിന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, റേഡിയേഷന്‍ ബ്ലോക്കിന് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, സ്റ്റാഫ് ബ്ലോക്കിന് എം കെ രാഘവന്‍ എം പി, സര്‍വ്വീസ് ബ്ലോക്കിന് പി ടി എ റഹീം എം എല്‍ എ, കമ്മ്യൂണിറ്റി സെന്ററിന് മുന്‍ സഹകരണ മന്ത്രി ജി സുധാകരന്‍ എന്നിവര്‍ ശിലയിട്ടു. കെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ഐഷ ഗുഹരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സി പി ജോണ്‍, സഹകരണ രജിസ്ട്രാര്‍ ലളിതാംബിക, കെ സി അബു, വി കെ സി മമ്മദ്‌കോയ, ടി വി ബാലന്‍, ടി സിദ്ദിഖ്, എം ഭാസ്‌കരന്‍, അഡ്വ. എം ബീരാന്‍കുട്ടി, അഡ്വ. പി ശങ്കരന്‍, മനയത്ത് ചന്ദ്രന്‍ സംബന്ധിച്ചു.