Connect with us

Kerala

ബാബുവിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തെ ചൊല്ലി എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ നിലപാട് പ്രതിപക്ഷം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മന്ത്രി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള എം എല്‍ എമാരുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ നിന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ പിന്മാറി. മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന യാത്രയില്‍ മാറ്റംവരുത്തി ബാബുവിനെ സംഘത്തലവനാക്കിയതില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. എം എല്‍ എമാരായ കെ ടി ജലീലും സി ദിവാകരനുമായിരുന്നു പ്രതിപക്ഷത്ത് നിന്ന് സംഘത്തിലുള്‍പ്പെട്ടിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ലെജിസ്ലേറ്റീവ് അസോസിയേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള പരിപാടിയുടെ ഭാഗമായാണ് കേരള നിയമസഭയുടെ പ്രതിനിധി സംഘം ബ്രിട്ടനിലേക്ക് പോകാനിരുന്നത്. ഈ മാസം 19നായിരുന്നു യാത്ര. നേരത്തെ പാര്‍ലിമെന്ററികാര്യ മന്ത്രി കെ സി ജോസഫിനെയായിരുന്നു സംഘത്തലവനായി നിയമിച്ചിരുന്നത്. എന്നാല്‍, ജോസഫ് അസൗകര്യത്തെ തുടര്‍ന്ന് പിന്മാറിയതോടെ ബാബുവിനെ സംഘത്തലവനാക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ ബാബുവിനൊപ്പം ഒരു യാത്രക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് എം എല്‍ എമാര്‍ പിന്മാറിയത്. യാത്രക്കില്ലെന്ന് വ്യക്തമാക്കി സി പി ഐ പ്രതിനിധിയായ സി ദിവാകരനും സി പി എം പ്രതിനിധിയായ കെ ടി ജലീലും സര്‍ക്കാറിന് കത്ത് നല്‍കി.
കെ ശിവദാസന്‍ നായര്‍, മോന്‍സ് ജോസഫ്, ഡൊമിനിക് പ്രസന്റേഷന്‍, ജോസഫ് വാഴക്കന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ശരിയല്ലെന്ന് വ്യക്തിപരമായി തോന്നിയതുകൊണ്ടാണ് പിന്മാറിയതെന്ന് സി ദിവാകരന്‍ പ്രതികരിച്ചു. കെ സി ജോസഫിനെ സംഘത്തലവന്റെ സ്ഥാനത്തുനിന്ന് മാറ്റിയത് തങ്ങളുമായി ആലോചിച്ചില്ല. കെ ബാബുവിനെ തലവനാക്കിയത് അറിയിച്ചില്ലെന്നും സംഘത്തെ കെ സി ജോസഫ് നയിക്കുകയാണെങ്കില്‍ പ്രതിപക്ഷം സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷം വിട്ടുനിന്നതുകൊണ്ടല്ല യാത്ര റദ്ദാക്കിയതെന്ന് മന്ത്രി കെസി ജോസഫ് വിശദീകരിച്ചു. സംഘത്തിലെ ചില ഭരണപക്ഷ എം എല്‍ എമാര്‍ അസൗകര്യം അറിയിച്ചതാണ് കാരണമെന്നും മന്ത്രി പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാറിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ബാര്‍കോഴ കേസില്‍ കെ ബാബുവിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറാന്‍ ഇടത് അംഗങ്ങള്‍ക്ക് എല്‍ ഡി എഫ് നിര്‍ദേശം നല്‍കിയെന്നാണ് വിവരം.