ഒരുറാങ്ക് ഒരു പെന്‍ഷന്‍: കേന്ദ്രം വെള്ളം ചേര്‍ത്തെന്ന് അരവിന്ദ് കെജ്‌രിവാള്‍

Posted on: November 14, 2015 6:07 am | Last updated: November 14, 2015 at 11:09 am

kejriwalന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ നിലവിലുള്ള വിജ്ഞാപനം പിന്‍വലിച്ച് പരാതികള്‍ല പരിഹരിച്ച് ശരിയായ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജന്തര്‍ മന്തറില്‍ വിമുക്ത ഭടന്മാരുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രേരിതമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന റിട്ട.മേജര്‍ ജനറല്‍ സദ്ബീര്‍ സിംഗ് ആവശ്യപ്പെട്ടിരുന്നതിനാല്‍ കേജരിവാള്‍ സമരക്കാരെ ഔദ്യോഗികമായി അഭിസംബോധന ചെയ്തില്ല.
സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിജ്ഞാപനം പ്രഹസനമാണ്. പദ്ധതിയില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു. ഇത് വഞ്ചനയാണ്. വിമുക്ത ഭടന്മാരെ കമ്പളിപ്പിക്കരുത്. സൈനികര്‍ യാചിക്കുകയല്ല മറിച്ച് തങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്. രാജ്യത്തെ സൈനികര്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവില്‍ സമരം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ് കേജരിവാള്‍ പറഞ്ഞു. അതിനിടെ കേജരിവാളനെതിരെ പ്രതിഷേധവുമായി ചിലര്‍ കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി സമരപന്തലിന് സമീപത്തേക്ക് വരുവാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് ഇടപെട്ട് ഇവരെ മാറ്റുകയായിരുന്നു. നേരത്തെ വിമുക്ത ഭടന്മാര്‍ പ്രതിഷേധ സൂചകമായി തങ്ങള്‍ക്കു ലഭിച്ച മെഡലുകള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പിക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസ് ഇടപെട്ട് ഇവരെ തടഞ്ഞിരുന്നു.
അതേസമയം ഒരു റാങ്ക് ഒരു പെന്‍ഷന്‍ സമരം തുടരുന്ന വിമുക്ത ഭടന്മാര്‍ തങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമല്ല എന്ന് തെളിയിക്കണമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. മെഡലുകള്‍ കത്തിച്ച് പ്രതിഷേധിക്കാനുള്ള വിമുക്ത ഭടന്മാരുടെ ശ്രമങ്ങള്‍ രാജ്യത്തെയും സൈനികരെയും അപമാനിക്കുന്നതിന് തുല്യമാണ്. മെഡലുകള്‍ സേവനത്തിനും ധീരതക്കുമുള്ള അംഗീകരമാണ്. മെഡലുകള്‍ കത്തിക്കുന്നതും അത് തിരിച്ചു നല്‍കുന്നതും രാജ്യത്തെയും പ്രതിരോധ സേനയേയും അപമാനിക്കലാണ്.
മെഡലുകള്‍ക്ക് സര്‍വീസ് ചട്ടങ്ങളുമായി ബന്ധമൊന്നുമില്ല. എന്നാല്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ സര്‍വീസ് ചട്ടമാണ്. അതില്‍ സേവന വ്യവസ്ഥയായ വേതനത്തെ പറ്റിയും മറ്റ് അവകാശങ്ങളെ കുറിച്ചുമാണ് പറയുന്നത്. മെഡലുകളെപറ്റി അതില്‍ ഒന്നു പറയുന്നില്ല പരീക്കര്‍ പറഞ്ഞു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ വിജ്ഞാപനത്തില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ ജുഡീഷ്യല്‍ കമ്മീഷനെ സമീപിക്കുകയാണ് വേണ്ടതെന്നും പരീക്കര്‍ പറഞ്ഞു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം ബി.ജെ.പി പാലിച്ചതായും പാരീക്കര്‍ അവകാശപ്പെട്ടു.