ജിഹാദി ജോണിനെ ലക്ഷ്യമിട്ട് യു എസ് ഡ്രോണ്‍ ആക്രമണം

Posted on: November 14, 2015 6:07 am | Last updated: November 14, 2015 at 10:07 am
SHARE

വാഷിംഗ്ടണ്‍: യു എസ്, ബ്രിട്ടീഷ് പൗരന്മാരെ തലയറുത്ത് കൊന്ന് വീഡിയോ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പങ്കാളിയായ ഇസില്‍ തീവ്രവാദി നേതാവ് ജിഹാദി ജോണിനെ ലക്ഷ്യമാക്കി യു എസ് സൈന്യത്തിന്റെ ആക്രമണം. ഇസിലിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ സിറിയയിലെ റഖയിലാണ് ആക്രമണം നടന്നതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. എന്നാല്‍ ജിഹാദി ജോണിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല. ആവശ്യമായ സമയത്ത് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് വ്യക്തമാക്കി. ബ്രിട്ടീഷ് പൗരത്വമുള്ള മുഹമ്മദ് എംവാസിയെന്ന ജിഹാദി ജോണ്‍ യു എസ് മാധ്യമപ്രവര്‍ത്തകരായ സ്റ്റീവന്‍ സോട്ട്‌ലോഫ്, ജെയിംസ് ഫോലി എന്നിവരുടെയും യു എസ് സന്നദ്ധ സേനാംഗം അബ്ദുര്‍റഹ്മാന്‍ കാസ്സിഗ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകരായ ഡേവിഡ് ഹെയിന്‍സ്, അലന്‍ ഹെന്നിംഗ്, ജപ്പാന്‍ മാധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ എന്നിവരുള്‍പ്പെടെ നിരവധി പേരുടെ കൊലക്കുപിന്നില്‍ പ്രവര്‍ത്തിച്ചയാളാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ജിഹാദി ജോണിനെ ലക്ഷ്യം വെച്ച് ഡ്രോണ്‍ ആക്രമണമാണ് നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രണണത്തിന്റെ ഫലം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഓഫീസ് വ്യക്തമാക്കി. തങ്ങളുടെ പൗരന്മാരെ കൊലപ്പെടുത്തിയവരെ വധിക്കുക തന്നെ ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. അതേസമയം ജിഹാദി ജോണിനെ ലക്ഷ്യമിട്ട് റഖയില്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരിലൊളാള്‍ ബ്രിട്ടീഷ് അംഗമാണെന്ന് മനുഷ്യാവകാശ സംഘടനയുടെ മേധാവി റമി അബ്ദുര്‍റഹ്മാന്‍ അറിയിച്ചു. കുവൈത്തില്‍ ജനിച്ച് ലണ്ടനില്‍ വളര്‍ന്ന എംവാസി ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്. എംവാസിയുടെ ആറാം വയസ്സില്‍ 1993ലാണ് കുടുംബം ലണ്ടനിലേക്ക് ചേക്കേറിയത്. ചെറുപ്പം മുതല്‍ക്ക് തന്നെ കടുത്ത ഫുട്‌ബോള്‍ ആരാധകനായിരുന്ന എംവാസിക്ക് പാശ്ചാത്യ മാധ്യമങ്ങളാണ് ജിഹാദി ജോണ്‍ എന്ന പേര് നല്‍കിയത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഫോളിയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് എംവാസി വാര്‍ത്തകളില്‍ നിറയുന്നത്. 2012ല്‍ സിറിയയില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ തലയറുക്കുന്ന ചിത്രം 2014 ആഗസ്റ്റിലാണ് പുറത്തുവിട്ടത്. അമേരിക്കക്കെതിരെയുള്ള സന്ദേശമാണിതെന്ന മുഖവുരയോടെയാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. വടക്കന്‍ ഇറാഖില്‍ ഇസിലിനെ ആക്രമിക്കാന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഫോലിയെ വധിക്കുന്നതെന്നായിരുന്നു വീഡിയോയിലെ സന്ദേശം. രണ്ട് ആഴ്ചകള്‍ക്ക് ശേഷം സ്റ്റീവന്‍ സോട്ട്‌ലോഫിനെയും സമാനമായ രീതിയില്‍ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here