സിന്‍ജാര്‍ കുര്‍ദ് നിയന്ത്രണത്തില്‍; ഇസില്‍ സംഘം പിന്‍മാറി

Posted on: November 14, 2015 6:06 am | Last updated: November 14, 2015 at 10:06 am
SHARE

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാനമായ സിന്‍ജാര്‍ പട്ടണം കുര്‍ദ് പെഷ്മര്‍ഗ സൈനികര്‍ തിരിച്ചു പിടിച്ചു. ഇസില്‍ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള നഗരത്തിന്റെ കേന്ദ്രത്തില്‍ കുര്‍ദ് സൈന്യം പ്രവേശിച്ചുവെന്നും ഇസില്‍ സംഘം പിന്‍വാങ്ങിയെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്‍ജാറില്‍ നിന്ന് നിരന്തരം വെടിയൊച്ച കേട്ടുവെന്നും റോക്കറ്റില്‍ നിന്ന് തൊടുത്തു വിടുന്ന ഗ്രനേഡുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കുര്‍ദ് സൈനികര്‍ മുന്നേറിയെന്നും ദൃക്‌സാക്ഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ പട്ടണത്തില്‍ പെഷ്മര്‍ഗ സൈനികര്‍ പ്രവേശിച്ചപ്പോള്‍ ഇസില്‍ സംഘം വലിയ പ്രതിരോധത്തിന് മുതിര്‍ന്നില്ലെന്ന് അല്‍ ജസീറ ലേഖകന്‍ പറഞ്ഞു.
ഇസില്‍ സംഘത്തില്‍ നിന്ന് കടുത്ത ചെറുത്തു നില്‍പ്പ് പ്രതീക്ഷിച്ചതാണ്. എന്നാല്‍ വ്യാഴാഴ്ച നടന്ന രൂക്ഷ പോരാട്ടത്തില്‍ വന്‍ നഷ്ടം സംഭവിച്ച ഇസില്‍ സംഘം അതിന് മുതിര്‍ന്നില്ല. ബുധനാഴ്ച തന്നെ ഇസില്‍ സംഘം പിന്‍മാറ്റം തുടങ്ങിയിരുന്നു.
അവശേഷിച്ചവരാണ് വ്യാഴാഴ്ച ചെറുത്തു നിന്നത്. തന്ത്രപരമായ പിന്‍മാറ്റമാണ് നടന്നത്- അല്‍ ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസില്‍ സംഘത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക മുന്നേറ്റമായാണ് സിന്‍ജാര്‍ വിജയത്തെ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണമാണ് കുര്‍ദുകള്‍ക്ക് വഴിയൊരുക്കിയത്. യസീദിവിഭാഗം തിങ്ങിപ്പാര്‍ക്കുന്ന പര്‍വത പ്രവേശം ഉള്‍പ്പെടുന്ന സിന്‍ജാര്‍ മേഖലയില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് ഇസില്‍ സംഘം ചുവടുറപ്പിച്ചത്. ഇവിടെ നിരവധി യസീദികള്‍ കൊല്ലപ്പെട്ടിരുന്നു.
ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഇറാഖില്‍ യു എസ് സൈന്യം വ്യോമാക്രമണം തുടങ്ങിയത്.
പിശാചിനെ ആരാധിക്കുന്നുവെന്നാരോപിച്ച് യസീദി ന്യൂനപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുകയായിരുന്നു ഇസില്‍ സംഘം. ഇതേതുടര്‍ന്ന് കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ്, സിന്‍ജാര്‍ റസിസ്റ്റന്‍സ് തുടങ്ങിയ ഗ്രൂപ്പുകള്‍ ഇസില്‍ സംഘത്തിനെതിരെ നിരന്തരം ഒളിയാക്രമണങ്ങള്‍ നടത്തി വരികയായിരുന്നു. ഇതില്‍ സിന്‍ജാര്‍ റസിസ്റ്റന്‍സ് യസീദി ഗ്രൂപ്പാണ്.