Connect with us

Kerala

സി പി എമ്മിനോടും ബി ജെ പിയോടും സഖ്യം പാടില്ലെന്ന് കെ പി സി സി

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിന് കെ പി സി സിയുടെ മാര്‍ഗരേഖ. ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി അംഗങ്ങള്‍ക്കായി കാലാവധി വെച്ച് പങ്കുവെക്കാന്‍ പാടില്ലെന്നതാണ് പ്രധാന നിര്‍ദേശം.
തിരഞ്ഞടുക്കപ്പെടുന്നവര്‍ തന്നെ കാലാവധി മുഴുവന്‍ സ്ഥാനത്ത് തുടരണം. തികച്ചും ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം സ്ഥാനങ്ങള്‍ കാലാവധിവെച്ച് പങ്കുവെക്കേണ്ടി വന്നാല്‍ അക്കാര്യത്തിന് കെ പി സി സിയുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണം. എന്നാല്‍, പാര്‍ട്ടി എപ്പോള്‍ ആവശ്യപ്പെട്ടാലും സ്ഥാനം ഒഴിയാന്‍ അംഗങ്ങള്‍ തയ്യാറാകണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
പാര്‍ട്ടിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കണം അധ്യക്ഷ സ്ഥാനങ്ങളിലേക്ക് മത്സരിക്കേണ്ടത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മുതിര്‍ന്ന നേതാക്കളെയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരാക്കാവുന്നതാണ്. പ്രവര്‍ത്തന പാരമ്പര്യവും അനുഭവസമ്പത്തും ഉള്ളവരുണ്ടെങ്കില്‍ പാര്‍ട്ടി, പാര്‍ലിമെന്ററി പശ്ചാത്തലമില്ലാതെ ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നവരെ ഒഴിവാക്കണം.
വനിതാ സംവരണം നിലവില്‍ അമ്പത് ശതമാനം ഉള്ളതിനാല്‍ ജനറല്‍ വിഭാഗത്തില്‍ വരുന്ന അധ്യക്ഷ സ്ഥാനത്തേക്ക് വനിതകളെ പരിഗണിക്കേണ്ടതില്ല. എന്നാല്‍, ജനറല്‍ വിഭാഗത്തില്‍ കെ പി സി സി മാനദണ്ഡപ്രകാരം പൂര്‍ണമായും യോഗ്യരായവരെ ജനറല്‍ വിഭാഗത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിയാത്ത അസാധാരണ സാഹചര്യം വന്നാല്‍ അവിടങ്ങളില്‍ വനിതകള്‍ക്ക് കെ പി സി സിയുടെ അനുമതിയോടെ അധ്യക്ഷ സ്ഥാനങ്ങള്‍ നല്‍കാവുന്നതാണ്. സി പി എമ്മും ബി ജെ പിയും ഉള്‍പ്പെടെയുള്ള യു ഡിഎഫ് ഇതര കക്ഷികളുമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പ്രത്യക്ഷമായോ പരോക്ഷമായോ സഹകരണമോ സഖ്യമോ ഉണ്ടാക്കരുതെന്ന കര്‍ശ നിര്‍ദേശവും നല്‍കി.
അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ഏകകണ്ഠമായി തീരുമാനിച്ചാല്‍ അത് അംഗീകരിക്കണം. ഒന്നില്‍ കൂടുതല്‍ ആളുകളുടെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടാല്‍ ഗ്രാമപഞ്ചായത്തിലെ മേല്‍കമ്മിറ്റി നേതാവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനമെടുക്കണം. ഇക്കാര്യത്തില്‍ വേണമെങ്കില്‍ രഹസ്യ ബാലറ്റും ഉപയോഗിക്കാം.
അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനു മുമ്പ് വിപ്പ് നല്‍കാന്‍ ഡി സി സി പ്രസിഡന്റുമാര്‍ നടപടി സ്വീകരിക്കണമെന്നും കെ പി സി സി മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.

Latest