Connect with us

Kasargod

റഷ്യന്‍ യുവ മിഥുനങ്ങള്‍ക്ക് കേര നാട്ടില്‍ മിന്നുകെട്ട്‌

Published

|

Last Updated

തൃക്കരിപ്പൂര്‍: റഷ്യയില്‍ നിന്നെത്തിയ യുവ മിഥുനങ്ങള്‍ ഇടയിലക്കാട്ടില്‍ വെച്ച് വിവാഹിതരായപ്പോള്‍ പങ്കെടുക്കാന്‍ നാട്ടുകാരുമെത്തി. തനി കേരളീയ രീതിയിലാണ് സൂയാസ് കോളും ജൂലിയയും ഇന്നലെ രാവിലെ പത്തരയോടെ കതിര്‍ മണ്ഡപത്തിലെത്തിയത്.
കസവുള്ള തൂവെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ വരനും ചുവന്ന ബനാറസ് സാരിയുടുത്ത് മുല്ലപ്പൂവും ചൂടി കൈയിലെ താലത്തില്‍ പൂമാലയുമായി വധുവുമെത്തിയപ്പോള്‍ അത് തനി മലയാളിയുടെ വിവാഹ ചടങ്ങിന് തുല്യമായി. നാദസ്വരത്തിന്റെ അലയടികള്‍ വേദിയെ ഉണര്‍ത്തിയപ്പോള്‍ ആദ്യം പരസ്പരം പൂമാലയും പിന്നീട് താലിമാലയും മോതിരവും അണിയിച്ച് ഇരുവരും പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു. പൂജാരി ലക്ഷ്മി നാരായണ ഭട്ടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. പിന്നീട് പായസമടക്കമുള്ള വിഭവ സമൃദ്ധമായ സദ്യ. തൃക്കരിപ്പൂര്‍ ഇടയിലക്കാട്ടിലെ നാഗവനത്തോട് ചേര്‍ന്ന ആയുര്‍ ജീവനിലാണ് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നത്.
റഷ്യയിലും യൂറോപ്പിലും നക്ഷത്രങ്ങള്‍ക്കനുസരിച്ചുള്ള കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാരിയാണ് 42 കാരനായ വരന്‍ സൂയാസ് കോള്‍. മൂന്ന് വര്‍ഷത്തോളമായി ജ്യോതിഷത്തില്‍ ഗവേഷണം നടത്തിവരികയാണ് വധു ജൂലിയ. നേരത്തെ ഇന്ത്യ സന്ദര്‍ശിച്ച ജൂലിയ വൃന്ദാവനത്തില്‍ വെച്ച് ഒരു സ്വാമിയില്‍ നിന്നാണ് ഹൈന്ദവ കല്യാണവും പൂജാ വിധികളും അറിഞ്ഞത്.

---- facebook comment plugin here -----

Latest