Connect with us

Editorial

ബി ജെ പിയിലെ പൊട്ടിത്തെറി

Published

|

Last Updated

ഡല്‍ഹിക്കും ഉത്തര്‍ പ്രദേശിനും പിറകെ ബീഹാറില്‍ കൂടി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ നരേന്ദ്ര മോദി- അമിത്ഷാ കൂട്ടുകെട്ടിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ബി ജെ പിയില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുകയാണ്. അമിത് ഷായാണ് മോദിയെ നിയന്ത്രിക്കുന്നതും അദ്വാനിയും ജോഷിയുമുള്‍പ്പെടെ പഴയ നേതാക്കളെ തഴഞ്ഞു തന്നിഷ്ടം നടപ്പാക്കാന്‍ പ്രേരിപ്പിക്കുന്നതുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിലെ പ്രബലായൊരു വിഭാഗം വിശ്വസിക്കുന്നത്. ഷായെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഇവര്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി പാര്‍ട്ടി ഈ മാസം 30ന് തുടങ്ങാനിരുന്ന ക്യാമ്പയിന്‍ മാറ്റിവെച്ചിരിക്കുകയാണ്.
ഭരണപരമായ കടമകള്‍ മറന്നു കൊണ്ടുള്ള മോദിയുടെ ഒറ്റയാള്‍ പ്രകടനത്തിനും എല്ലാ അധികാരങ്ങളും തന്റെ കൈകളില്‍ കേന്ദ്രീകൃതമായിരിക്കണമെന്ന അമിത് ഷായുടെ അഹന്തക്കുമെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. ബീഹാര്‍ പരാജയത്തോടെയാണ് ഇത് മറനീക്കി പുറത്തുവന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേദികളില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്ക് പോലും അര്‍ഹമായ സ്ഥാനം നല്‍കാതെ എല്ലാം നിയന്ത്രിച്ചതും കൈകാര്യം ചെയ്തതും ഷായായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സംഘത്തിനായിരുന്നു ഷാ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല നല്‍കിയത്. സംസ്ഥാന നിയമ സഭാ തിരഞ്ഞെടുപ്പായിരുന്നിട്ടും പോസ്റ്ററുകളിലല്ലാം നിറഞ്ഞു നിന്നതും മോദിയും അമിത് ഷായുമായിരുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സുശീല്‍ കുമാര്‍ മോദി, നന്ദ കിഷോര്‍ യാദവ്, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയ സംസ്ഥാനത്തെ ജനപ്രിയ നേതാക്കള്‍ തഴയപ്പെട്ടു. ബ്ലോക്ക് തല പ്രചാരണങ്ങളില്‍ പോലും മോദിയെ പങ്കെടുപ്പിച്ചു. എവിടെയും തങ്ങളുടെ കൈയൊപ്പ് പതിയണമെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അമിത് ഷാ. ഇതിന്റെയൊക്കെ പ്രതിഫലനമാണ് കനത്ത തോല്‍വിയെന്നും തോല്‍വിയുടെ ഉത്തരവാദിത്വം മോദിയും ഷായും ഏറ്റെടുക്കണമെന്നുമാണ് അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ശാന്തകുമാര്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന എതിര്‍ചേരിയുടെ പക്ഷം. നിലവിലെ പ്രവര്‍ത്തന ശൈലി കൈവെടിഞ്ഞ് പാര്‍ട്ടിയില്‍ കൂട്ടുത്തരവാദിത്വം നടപ്പാക്കാന്‍ ഇരുവരും തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്നും ഇവര്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ആര്‍ എസ് എസ് നേതൃത്വവും അവരുടെ സ്വേച്ഛാധിപത്യത്തില്‍ അസംതൃപ്തരാണ്. പാര്‍ട്ടിക്കുള്ളിലെ കൂട്ടുത്തരവാദിത്വത്തെക്കുറിച്ച് ആര്‍ എസ് എസ് നേതൃത്വവും ഇരുവരെയും ഓര്‍മപ്പെടുത്തിയെന്നാണ് വിവരം.
മോദിയെ സ്വാധീനിച്ച് പാര്‍ട്ടിയെ കൈക്കുള്ളിലൊതുക്കി അടുത്ത തവണയും നേതൃത്വത്തില്‍ തുടരാനായിരുന്നു ഷായുടെ പദ്ധതി. ബീഹാറിലെ തോല്‍വിയോടെ ഇതിനുള്ള സാധ്യതക്ക് മങ്ങലേറ്റിട്ടുണ്ട്. ഷായെ ഉടനടി മാറ്റണമെന്നാണ് വിരുദ്ധ പക്ഷത്തിന്റെ ആവശ്യം. പൊടുന്നനെയുള്ള മാറ്റം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ഷാ പ്രവര്‍ത്തന ശൈലി മാറ്റിയാല്‍ മതിയെന്നുമാണ് ആര്‍ എസ് എസ് നേതൃത്വത്തിന്റെ നിലപാട്. ഏതായാലും തന്റെ അഭിപ്രായവും ചിന്താഗതിയും പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുന്ന നിലപാടിലേക്ക് ഇറങ്ങി വരാന്‍ ഷാ നിര്‍ബന്ധിതാനായേക്കും. ഷാക്ക് മാത്രമല്ല, മോദിക്ക് കൂടിയാണ് ഇതിന്റെ ആഘാതം. ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കും തുടര്‍ന്ന് പാര്‍ട്ടിയുടെ അത്യുന്നത പദവിയിലേക്കും ഷായെ കൈപിടിച്ചുയര്‍ത്തിയത് മോദിയാണല്ലോ.
വിദ്വേഷ രാഷ്ട്രീയത്തിനും വക്ര മാര്‍ഗങ്ങളിലൂടെ നേടിയെടുത്ത പ്രതിച്ഛായക്കും ഏറെ കാലത്തെ നിലനില്‍പ്പില്ലെന്നാണ് ബി ജെ പിയിലെ പൊട്ടിത്തെറി ബോധ്യപ്പെടുത്തുന്നത്. ചരിത്രം വളച്ചൊടിച്ചും ബ്രിട്ടീഷുകാരുടെ കെട്ടിച്ചമച്ച ചരിത്രങ്ങള്‍ മുന്‍നിര്‍ത്തിയും ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ഹൈന്ദവര്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തി അത് വോട്ടാക്കി മാറ്റിയാണ് പാര്‍ട്ടി അധികാരത്തിലെത്തിയത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ അപ്രതീക്ഷിത വിജയത്തോടെ വിദ്വേഷ രാഷ്ട്രീയവും അസഹിഷ്ണുതയും പാര്‍ട്ടിയില്‍ പൂര്‍വോപരി രൂക്ഷമാകുകയായിരുന്നു. അതിന്റെ പ്രതിഫലനമാണ് ദാദ്രിയില്‍ കണ്ടത്. ഇതോടെ പൊതുസമൂഹം അവരുടെ ഒളിയജന്‍ഡയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിട്ടുണ്ട്. മാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് മോദി നേടിയെടുത്ത വികസന നായകന്റെ പ്രതിച്ഛായ പൊയ്മുഖമാണെന്ന വസ്തുതയും ഇതിനകം ജനം തിരിച്ചറിഞ്ഞു തുടങ്ങി. മാധ്യമ മണ്ഡലത്തില്‍ സ്ഥാനം നേടിയ വികസന നായകന്റെ മുഖത്തിലപ്പുറം ഭരണ രംഗത്ത് അദ്ദേഹം പരാജയമാണെന്ന് പ്രധാനമന്ത്രിപദത്തിലെ ഒന്നേകാല്‍ വര്‍ഷത്തെ പ്രകടനം വിളിച്ചറിയിക്കുന്നുണ്ട്. ഇത് മോദിയുടെ ജനപ്രീതിയിലും സാരമായ ഇടിവ് വരുത്തി. ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞ് സമൂലമായ ഒരു മാറ്റത്തിന് സര്‍ക്കാറും പാര്‍ട്ടി നേതൃത്വവും സന്നദ്ധമാകാത്ത പക്ഷം ആസന്നമായ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബീഹാര്‍ ആവര്‍ത്തിക്കാനാണ് സാധ്യത.