ചക്രക്കസേരയില്‍ ആയാലും ക്രിക്കറ്റിനെ പ്രണയിക്കും: ക്രിസ് ഗെയില്‍

Posted on: November 13, 2015 5:45 pm | Last updated: November 13, 2015 at 5:45 pm
SHARE

GAILദുബൈ: ക്രിക്കറ്റ് ഏറ്റവും മികച്ച കായിക വിനോദങ്ങളില്‍ ഒന്നാണെന്നും ജീവിതയാത്രയില്‍ ചക്രക്കസേരയില്‍ അഭയം തേടേണ്ട അവസ്ഥ വന്നാലും ക്രിക്കറ്റിനോടുള്ള പ്രണയം അവസാനിപ്പിക്കില്ലെന്നും എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരമായ ക്രിസ് ഗെയില്‍. ജീവിതത്തോട് കാണിക്കുന്ന അതേ ആവേശമാണ് ക്രിക്കറ്റിനോടെന്നും ദുബൈയില്‍ കെ പി എല്‍ (കേരള ക്രിക്കറ്റ് ലീഗ്) സംഘാടകര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
14 വര്‍ഷം മുമ്പാണ് ആദ്യമായി യു എ ഇയില്‍ എത്തുന്നത്. അന്ന് തികച്ചും അപരിചിതമായ ഒരു രാജ്യമായിരുന്നു തനിക്ക് യു എ ഇ. മത്സരത്തില്‍ പങ്കെടുത്തു മടങ്ങിയതോടെ മറ്റേതൊരു രാജ്യവും പോലെ ഇഷ്ടപ്പെട്ടതായി മാറിയെന്നും ശാന്തനായ കളിക്കാരനെന്ന് ക്രിക്കറ്റ് ലോകത്ത് ഖ്യാതി തീര്‍ത്ത കെ പി എല്ലിന്റെ അംബാസഡര്‍ കൂടിയായ ക്രിസ് പറഞ്ഞു. ഇന്ത്യക്കെതിരെ വെസ്സ്റ്റിന്‍ഡീസിനായി കളത്തിലിറങ്ങിയ ഈ പ്രതിഭയുടെ പ്രകടനം സാക്ഷിയായ ആരാധകര്‍ക്കെല്ലാം ഇന്നും മായാത്ത ഓര്‍മയാണ്. 2007-08 കാലത്ത് സൗത്ത് ആഫ്രിക്കക്കെതിരെ പട നയിച്ചതും ക്രിസിന്റെ നേതൃത്വത്തിലായിരുന്നു.
സ്വന്തം മണ്ണില്‍ 100 ടെസ്റ്റ് മത്സരം കളിക്കാനും സാധിച്ചിട്ടുണ്ട്. ഒരൊറ്റ ടെസ്റ്റില്‍ മൂന്നു സെഞ്ച്വറി നേടിയ ലോകത്തെ നാലു ക്രിക്കറ്റര്‍മാരില്‍ ഒരാളുമാണ് ക്രിസ് ഗെയില്‍. 2005ല്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ മനൂക്ക ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നായി മൂന്നു സെഞ്ച്വറികള്‍ പിറന്നത്.
കാണികളെ രോമാഞ്ചം കൊള്ളിച്ച ആ മത്സരത്തില്‍ 317 റണ്‍സായിരുന്നു ക്രിസ് വാരിക്കൂട്ടിയത്. ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ 66 പന്തില്‍ നിന്ന് പുറത്താവാതെ 175 റണ്‍സ് നേടിയ മിന്നുന്ന റെക്കാര്‍ഡും ഈ ജമൈക്കക്കാരന്റെ പേരിലാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. 17 സിക്‌സും 13 ഫോറുമായിരുന്നു മത്സരത്തില്‍ ക്രിസിന്റെ സമ്പാദ്യം. ഇതേ മത്സരത്തില്‍ രണ്ടു വിക്കറ്റുകളും ക്രിസിന്റെ പേരിലുണ്ട്. മത്സരത്തിന് സാക്ഷിയായവര്‍ ഒരിക്കലും ത്രസിപ്പിക്കുന്ന ആ ഓര്‍മകള്‍ മറക്കില്ല.
ജമൈക്കന്‍ സ്വദേശിയായ ക്രിസ് ഐ പി എല്ലി(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും ജേഴ്‌സി അണഞ്ഞിട്ടുണ്ട്. ഐ പി എല്ലില്‍ ക്രിസിന്റെ പ്രകടനം ഇന്ത്യക്കാര്‍ക്കിടയില്‍ സ്വന്തം താരമെന്ന പരിവേഷം വളര്‍ത്തിയിരുന്നു. ബാറ്റ്‌സ്മാന്‍മാരെയും ബൗളര്‍മാരെയും ഒരു പോലെ ഞെട്ടിക്കുന്ന താരമാണ് ക്രിസ്.
ഇന്നും എതിര്‍ നിരയില്‍ പാഡണയുന്നവര്‍ക്ക് ക്രിസ് പേടിസ്വപ്‌നമാണ്.