പരാജയം: ഡി സി സി അംഗത്തിനെതിരെ പ്രവര്‍ത്തകര്‍ രംഗത്ത്‌

Posted on: November 13, 2015 11:47 am | Last updated: November 13, 2015 at 11:47 am
SHARE

പനമരം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം കണിയാമ്പറ്റ കോണ്‍ഗ്രസ്സ് നേതാക്കളുടെ പിടിപ്പു കേടാണെന്ന് ആക്ഷേപിച്ച് പ്രവര്‍ത്തകര്‍ രംഗത്ത്
മുന്‍ തെരഞ്ഞെടുപ്പില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് 7 അംഗങ്ങളാണ് ഉണ്ടായിരിന്നത്. കോണ്‍ഗ്രസ്സ് പ്രസിഡണ്ടായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 7 സീറ്റില്‍ മത്സരിച്ചതില്‍ 3 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. കോണ്‍ഗ്രസ്സിലെ കാലു വാരല്‍ രാഷ്ട്രീയമാണ് സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്ക് കാരണം. കണിയാമ്പറ്റയിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന റോസ്‌ലി തോമസ് 316 വോട്ടിനാണ് തോറ്റത്. എല്‍.ഡി എഫിലെ മേരി ഐമനക്കര വിജയിച്ചു.
യു.ഡി.എഫിന്റെ ഉറച്ച കോട്ടയായഇവിടെ കോണ്‍ഗ്രസ്സ് കാലുവാരിയതാണ് യു.ഡി.എഫ് തോല്‍ക്കാന്‍ കാരണം. 14-ാം വാര്‍ഡ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി സിസിലി മൈക്കിള്‍ തോറ്റത് 54 വോട്ടിനാണ്.എല്‍.ഡി.എഫിലെ ജോണിയാണ് ജയിച്ചത്. ഇവിടെയും കോണ്‍ഗ്രസ്സുകാര്‍ മറിച്ച് വോട്ട് ചെയ്തു. 18 വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ 88 വോട്ടിന് എല്‍.ഡി.എഫിലെ സ്ഥാനാര്‍ത്ഥിയായ സരിത ജയിച്ചത്. യു.ഡി.എഫിലെ സിന്ധു രവീന്ദ്രനാണ് സ്ഥാനാര്‍ത്ഥി.ഇവിടെയും കോണ്‍ഗ്രസ്സ് കാലുവാരിയതാണ് തോല്‍വിക്ക് കാരണം. എന്നാല്‍ കോണ്‍ഗ്രസ്സിലെ അപചയത്തിന് കാരണം കണിയാമ്പറ്റയിലെ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവിന്റെ പങ്ക് പുറത്തായതോടെയാണ് പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. കണിയാമ്പറ്റ പഞ്ചായത്ത് ഭരണം ഇത്തവണ യു.ഡി.എഫ് നിലനിര്‍ത്തിയെങ്കിലും കോണ്‍ഗ്രസ്സ് മെമ്പര്‍മാരുടെ അംഗബലം വളരെ കുറവാണ്.