ഫിഫ പ്രസിഡന്റ്: പ്ലാറ്റീനിയുടെ പത്രികക്ക് അനുമതിയായില്ല

Posted on: November 13, 2015 6:00 am | Last updated: November 13, 2015 at 11:13 am
SHARE

michel-platini_2238505bജനീവ: പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അഞ്ച് പേരുടെ നാമനിര്‍ദേശപത്രിക ഫിഫ ശരിവെച്ചു. അഴിമിതി ആരോപണത്തില്‍ കുരുങ്ങി താത്കാലികമായി ഫിഫ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മിഷേല്‍ പ്ലാറ്റീനിയുടെ പത്രികക്ക് ആദ്യ ഘട്ടപരിശോധനയില്‍ അനുമതി ലഭിച്ചില്ല.
അലി അല്‍ ഹുസൈന്‍, ഷെയ്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, ജെറോം ഷാംപേന്‍, ജിയാനി ഇന്‍ഫാന്റിനോ, ടോക്ക്യോ സെക്‌സ്വാലെ എന്നിവരുടെ പത്രികകളാണ് ഫിഫ ശരിവെച്ചത്. അതേ സമയം, പ്രാഥമിക അനുമതിയെല്ലാം ലഭിച്ചതിന് ശേഷം ലൈബീരിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി മൂസ ബിലിറ്റിയുടെ നോമിനേഷന് ഫിഫ അയോഗ്യത കല്‍പിച്ചു. എന്തുകൊണ്ടാണ് അയോഗ്യനാക്കിയതെന്ന് സംബന്ധിച്ച റിപ്പോര്‍ട്ട് ഫിഫ സ്വകാര്യമായി ബിലിറ്റിയെ അറിയിച്ചുവെന്നാണ് സൂചന. തഴയാനുള്ള കാരണം പരസ്യപ്പെടുത്തില്ലെന്ന് ഫിഫ വ്യക്തമാക്കി.
ഫിഫയില്‍ നിന്ന് 2011 ല്‍ രണ്ട് ദശലക്ഷം ഡോളര്‍ അനധികൃതമായി കൈപ്പറ്റിയ കേസിലാണ് യുവേഫ പ്രസിഡന്റായ മിഷേല്‍ പ്ലാറ്റീനി കുരുങ്ങിയിരിക്കുന്നത്. അന്വേഷണം നടക്കുന്നതിനാലാണ് പ്ലാറ്റീനിയെ മാറ്റി നിര്‍ത്തിയത്. കുറ്റക്കാരനെന്ന് കണ്ടാല്‍ പ്ലാറ്റീനിയുടെ ഫിഫ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കും. കുറ്റവിമുക്തനായി പ്ലാറ്റീനി മത്സരരംഗത്തേക്ക് തിരിച്ചെത്തിയാല്‍ യുവേഫയുടെ ഡമ്മി സ്ഥാനാര്‍ഥിയായ ഇന്‍ഫാന്റിനോ പത്രിക പിന്‍വലിക്കും.
ലോകത്തെ ഏറ്റവും ശക്തമായ ഫുട്‌ബോള്‍ ബോഡിയാണ് യൂറോപ്പിലെ യുവേഫ. അതിന്റെ കരുത്തുറ്റ മേധാവിയാണ് പ്ലാറ്റീനി. സെപ്ബ്ലാറ്ററെ താഴെയിറക്കാന്‍ കരുനീക്കിയത് ബ്ലാറ്ററും യൂറോപ്പ്യന്‍ പ്രതിനിധികളുമാണ്. എന്നാല്‍, ബ്ലാറ്റര്‍ക്കൊപ്പം പ്ലാറ്റീനിയും അഴിമതിയില്‍ കുടുങ്ങുന്ന കാഴ്ച ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു.
പ്ലാറ്റീനിക്ക് മത്സരിക്കാന്‍ വിലക്ക് വന്നാല്‍ മത്സരരംഗത്തുള്ള അഞ്ച് പേര്‍ക്കും തുല്യസാധ്യതയാകും.