Connect with us

Ongoing News

നൂറ് മേനി തേടി ഡിവില്ലേഴ്‌സ്‌

Published

|

Last Updated

ബെംഗളുരു: നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്കയുടെ ഏഴാമത്തെ താരം എന്ന നിലയില്‍ ഡിവില്ലേഴ്‌സ് നാളെ മുതല്‍ അറിയപ്പെടും. ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് വേദിയാകുന്നത് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയമാണ്. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ഡിവില്ലേഴ്‌സിന്റെ നൂറാം മത്സരത്തില്‍ ജയിച്ച് ഗംഭീര തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ്.
165 മത്സരങ്ങള്‍ കളിച്ച ആള്‍ റൗണ്ടര്‍ ജാക്വിസ് കാലിസിന്റെ പേരിലാണ് ദക്ഷിണാഫ്രിക്കന്‍ റെക്കോര്‍ഡ്. മാര്‍ക് ബൗചര്‍ (146), ഗ്രെയിം സ്മിത് (116), ഷോണ്‍ പൊള്ളോക്ക് (108), ഗാരി കേര്‍സ്റ്റന്‍, മഖായ എന്റിനി (101) എന്നിവരാണ് ഡിവില്ലേഴ്‌സിന്റെ മുന്‍ഗാമികള്‍.
മുപ്പത്തൊന്നുകാരനായ ഡിവില്ലേഴ്‌സ് 2004 ല്‍ പോര്‍ട് എലിസബത്തിലാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഇംഗ്ലണ്ടിനെതിരെ ഒന്നാമിന്നിംഗ്‌സില്‍ 28ഉം രണ്ടാമിന്നിംഗ്‌സില്‍ പതിനാല് റണ്‍സുമായിരുന്നു ആദ്യ ടെസ്റ്റില്‍ ഡിവില്ലേഴ്‌സിന്റെ സ്‌കോറിംഗ്. മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിനൊപ്പം ഓപണറുടെ റോളിലായിരുന്നു ഡിവില്ലേഴ്‌സിന്റെ അരങ്ങേറ്റമെന്നതും ശ്രദ്ധേയം. ക്രിക്കറ്റ് ലോകത്തെ മഹാ അപകടകാരിയായ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ടെസ്റ്റില്‍ ഓപണറുടെ റോളില്‍ അരങ്ങേറിയതെന്ന് അന്ന് ആരും തിരിച്ചറിഞ്ഞില്ല.
അരങ്ങേറ്റ മത്സരത്തില്‍ ടീം തോല്‍ക്കുന്നത് നിരാശയോടെ ഡിവില്ലേഴ്‌സിന് കണ്ട് നില്‍ക്കേണ്ടി വന്നു. ഏഴ് വിക്കറ്റിന് ഇംഗ്ലണ്ട് മത്സരം ജയിച്ചു. ടെസ്റ്റിലെ ആദ്യ സെഞ്ച്വറി അഞ്ചാം മത്സരത്തില്‍ സംഭവിച്ചു. അതും ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. ഒന്നാമിന്നിംഗ്‌സില്‍ 92 റണ്‍സിന് പുറത്തായതിന്റെ നിരാശ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയടിച്ച് തീര്‍ക്കുകയായിരുന്നു ഡിവില്ലേഴ്‌സ്. അന്ന് മുതല്‍ക്കാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ താരോദയമായി ഡിവില്ലേഴ്‌സ് വിശേഷിപ്പിക്കപ്പെടാന്‍ തുടങ്ങിയത്.
ഏത് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെയും ആക്രമിച്ച് കീഴടക്കുക എന്ന തന്ത്രമാണ് ഡിവില്ലേഴ്‌സ് പയറ്റുക. രണ്ട് ഡബിള്‍ സെഞ്ച്വറികളാണ് ടെസ്റ്റില്‍ താരം നേടിയത്. ആദ്യത്തേത് 2008 ഏപ്രിലില്‍ അഹമ്മദാബാദില്‍ ഇന്ത്യക്കെതിരെ. 217 നോട്ടൗട്ട് ആയിരുന്നു സ്‌കോര്‍. മത്സരം ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ജയിച്ചു. രണ്ടാം ഡബിള്‍ 2010 നവംബറില്‍ അബൂദബിയില്‍ പാക്കിസ്ഥാനെതിരെ. കരിയര്‍ബെസ്റ്റ് ആയ 278 നോട്ടൗട്ട് ഡിവില്ലേഴ്‌സ് അവിടെ നേടി. 33ന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക തപ്പിത്തടയുമ്പോഴാണ് കാലിസിനൊപ്പം ചേര്‍ന്ന് ഡിവില്ലേഴ്‌സ് തകര്‍ത്താടിയത്.
ചില സെഞ്ച്വറികള്‍ അപാരമായിരുന്നു. 2010 ല്‍ സെഞ്ചൂറിയനില്‍ ഇന്ത്യക്കെതിരെ 112 പന്തില്‍ 129, 2008 ഡര്‍ബനില്‍ വെസ്റ്റിന്‍ഡീസിനെതിരെ 109 പന്തില്‍ പുറത്താകാതെ 103, 2012 ല്‍ പെര്‍ത്തില്‍ ആസ്‌ത്രേലിയക്കെതിരെ 184 പന്തില്‍ 169, 2009 ല്‍ കേപ്ടൗണില്‍ ആസ്‌ത്രേലിയക്കെതിരെ 196 പന്തില്‍ 163, എന്നീ സെഞ്ച്വറികള്‍ ദക്ഷിണാഫ്രിക്കക്ക് ജയം കൊണ്ടു വന്നു. ഈ മത്സരങ്ങളിലെ ബാറ്റിംഗ് ശരാശരി 65.93.
ഡിവില്ലേഴ്‌സ് 21 സെഞ്ച്വറികള്‍ നേടിയതില്‍ പതിനഞ്ചിലും ടീം ജയിച്ചു. ഇതില്‍ എട്ടിലും 150 റണ്‍സിന് മുകളിലായിരുന്നു. ആണ്. 99 ടെസ്റ്റുകളില്‍ 23 തവണ നോട്ടൗട്ടായിരുന്നു. അപ്പോഴത്തെ ബാറ്റിംഗ് ശരാശരി 58.92. ഇതാകട്ടെ, ഡിവില്ലേഴ്‌സിന്റെ മൊത്തം ടെസ്റ്റ് ശരാശരിയേക്കാള്‍ (51.92) മുകളിലാണ്. 99 ടെസ്റ്റുകളില്‍ അഞ്ച് തവണ മാന്‍ ഓഫ് ദ മാച്ചും നാല് തവണ മാന്‍ ഓഫ ദ സീരീസുമായി തിരഞ്ഞെടുക്കപ്പെട്ടു.
നൂറാമത് ടെസ്റ്റില്‍ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ഡിവില്ലേഴ്‌സില്‍ നിന്നുണ്ടാകുമോ? പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദ് ഇന്ത്യക്കെതിരെ 145ഉം, വെസ്റ്റിന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ് ഇംഗ്ലണ്ടിനെതിരെ 149ഉം, പാക്കിസ്ഥാന്റെ ഇന്‍സമാമുല്‍ഹഖ് ഇന്ത്യക്കെതിരെ 184ഉം നേടിയത് നൂറാം ടെസ്റ്റിലാണ്. ഗ്രെയിംസ്മിത്, അലക് സ്റ്റുവര്‍ട്, കോളിന്‍ കൗഡ്രി എന്നിവരും നൂറാം ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചു. എന്നാല്‍, റിക്കി പോണ്ടിംഗ് നൂറാം ടെസ്റ്റിലെ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടി ചരിത്രം കുറിച്ചു.