വോണിന് മുന്നില്‍ സച്ചിന്‍ തോറ്റു

Posted on: November 13, 2015 6:00 am | Last updated: November 13, 2015 at 11:10 am
SHARE

226707ഹൂസ്റ്റന്‍: പ്രഥമ ക്രിക്കറ്റ് ആള്‍ സ്റ്റാര്‍ ട്വന്റി20 പരമ്പര ഷെയിന്‍ വോണിന്റെ വാരിയേഴ്‌സ് സ്വന്തമാക്കി. നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബ്ലാസ്റ്റേഴ്‌സിനെ 57 റണ്‍സിന് തോല്‍പ്പിച്ചു. മൂന്ന് മത്സര പരമ്പരയില്‍ 2-0ന് മുന്നിലെത്തിയ വാരിയേഴ്‌സ് അവസാന മത്സരം അപ്രസക്തമാക്കി. ഞായറാഴ്ച ലോസാഞ്ചലസിലാണ് പരമ്പരയിലെ അവസാന മത്സരം.
സ്‌കോര്‍: വാരിയേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 262. ബ്ലാസ്റ്റേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 205.
വാരിയേഴ്‌സിനായി 30 പന്തില്‍ 70 റണ്‍സടിച്ച കുമാര സങ്കക്കാരയാണ് മാന്‍ ഓഫ് ദ മാച്ച്. ആറ് സിക്‌സറും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു സങ്കക്കാരയുടെ വെടിക്കെട്ട്.
ടോസ് ജയിച്ചിട്ടും എതിരാളികളെ ബാറ്റിംഗിനയച്ച ബ്ലാസ്റ്റേഴ്‌സ് നായകന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തീരുമാനം പിഴച്ചെന്ന് വാരിയേഴ്‌സിന്റെ മുന്‍നിരക്കാര്‍ വന്ന് തെളിയിച്ച് പോയി. ഓപണ്‍ ചെയ്തത് ഇംഗ്ലണ്ടിന്റെ മൈക്കല്‍ വോഗനും ആസ്‌ത്രേലിയയുടെ മാത്യു ഹെയ്ഡനുമായിരുന്നു. വോഗന്‍ 22 പന്തില്‍ 30ഉം ഹെയ്ഡന്‍ 15 പന്തില്‍ 32 റണ്‍സുമടിച്ചു.
വണ്‍ഡൗണില്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് 23 പന്തുകളില്‍ 45 റണ്‍സെടുത്തു. 16 പന്തില്‍ 46 റണ്‍സടിച്ച ആസ്‌ത്രേലിയന്‍ താരം റിക്കി പോണ്ടിംഗും ഉറഞ്ഞു തുള്ളി. ആന്‍ഡ്രൂ സൈമണ്ട്‌സ് ആറ് പന്തില്‍ 19ഉം ജോണ്ടി റോഡ്‌സ് എട്ട് പന്തില്‍ പതിനെട്ടും നേടി പുറത്താകാതെ നിന്നു. വാരിയേഴ്‌സിന്റെ ബാറ്റ്‌സ്മാന്‍മാരെല്ലാം സിക്‌സറടിച്ചാണ് മടങ്ങിയത്. കാണികള്‍ക്ക് ശരിക്കും വിരുന്നൊരുക്കി വാരിയേഴ്‌സ്. സൈണ്ട്‌സും റോഡ്‌സും രണ്ട് സിക്‌സറുകള്‍ വീതം നേടിയപ്പോള്‍ പോണ്ടിംഗ് മൂന്ന് സിക്‌സറും അഞ്ച് ഫോറുകളും നേടി. കാലിസ് മൂന്ന് ഫോറും നാല് സിക്‌സറും പറത്തി. ഹെയ്ഡന്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുകളും നേടിയപ്പോള്‍ വോഗന്‍ ഒരു സിക്‌സറും നാല് ഫോറുകളും നേടി.
സച്ചിനും സെവാഗും ഓപണ്‍ ചെയ്ത ബ്ലാസ്റ്റേഴ്‌സ് ഇന്നിംഗ്‌സിന് ഒട്ടും വേഗമില്ലായിരുന്നു. ഏഴാമതായെത്തിയ ഷോണ്‍ പൊള്ളോക്ക് 22 പന്തുകളില്‍ 55 റണ്‍സടിച്ചതാണ് ബ്ലാസ്റ്റേഴ്‌സ് സ്‌കോര്‍ ഇരുനൂറ് കടത്തിയത്.
സെവാഗ് (16), സച്ചിന്‍ (33), ഗാംഗുലി (12), ലാറ (19), ജയവര്‍ധനെ (5), ക്ലൂസ്‌നര്‍ (21) എന്നീ മുന്‍നിരക്കാരെല്ലാം ദൗത്യമേറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടു. എട്ട് പന്തില്‍ പുറത്താകാതെ 22 റണ്‍സടിച്ച ഗ്രെയിം സ്വാനും ബ്ലാസ്റ്റേഴ്‌സിന്റെ പരാജയഭാരം കുറച്ചു. ശുഐബ് (0), മുത്തയ്യ മുരളീധരന്‍ (8) നോട്ടൗട്ട്).
ബ്ലാസ്റ്റേഴ്‌സ് ബൗളര്‍മാരെല്ലാം കണക്കിന് തല്ല് വാങ്ങി. അക്തര്‍ നാല് ഓവറില്‍ 48ഉം മെഗ്രാത് രണ്ടോവറില്‍ 28ഉം ഷോണ്‍ പൊള്ളോക്ക് രണ്ടോവറില്‍ 32ഉം റണ്‍സ് വഴങ്ങി. സ്പിന്‍ മാന്ത്രികരായ മുത്തയ്യ (നാല് ഓവറില്‍ 46)ക്കും സ്വാനി (നാല് ഓവറില്‍40)നും രക്ഷയുണ്ടായില്ല. ക്ലൂസ്‌നര്‍ മൂന്നോവറില്‍ 45ഉം സെവാഗ് ഒരോവറില്‍ പത്തൊമ്പത് റണ്‍സും വിട്ടുകൊടുത്തു.