സൂകി വന്നാല്‍ തീരുമോ റോഹിംഗ്യകളുടെ ദുരിതം?

Posted on: November 13, 2015 6:00 am | Last updated: November 13, 2015 at 10:14 am
SHARE

SIRAJ.......25 വര്‍ഷത്തിനിടെ മ്യാന്മറില്‍ നടന്ന ആദ്യ സ്വതന്ത്ര പൊതുതിരഞ്ഞെടുപ്പില്‍ പട്ടാളം നേതൃത്വം നല്‍കുന്ന ഭരണ കക്ഷി സോളിഡാരിറ്റി ഡെവലപ്പ്‌മെന്റ് പാര്‍ട്ടിയെ (യു എസ് ഡി പി) പരാജയപ്പെടുത്തി ആംഗ് സാന്‍ സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍ എല്‍ ഡി)പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടിയിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ സൂകിയുടെ കക്ഷി അധികാരത്തിലേറുമെന്നും 1990ലെ ദുരനുഭവം ആവര്‍ത്തിക്കുകയില്ലെന്നുമാണ് പ്രതീക്ഷിക്കുന്നത്. ആ വര്‍ഷത്തെ തിരഞ്ഞെടുപ്പിലും എന്‍ എല്‍ ഡി ഭൂരിപക്ഷം നേടിയതാണ്. അന്ന് സൈന്യം തിരഞ്ഞെടുപ്പ് റദ്ദാക്കി സൂകിയെ വീട്ടുതടങ്കലിലാക്കുകയാണുണ്ടായത്. ഇത്തവണ എന്‍ എല്‍ ഡി വിജയിച്ചാല്‍ അധികാരം കൈമാറുമെന്നും 1990 ആവര്‍ത്തിക്കില്ലെന്നും സൈനിക നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നതാണ് ആശ്വാസകരം.
സൂകിയുടെ പാര്‍ട്ടി അധികാരത്തിലേറിയാല്‍ തന്നെ മ്യാന്‍മറില്‍ ശരിയായ ജനാധിപത്യം പുലരുമോയെന്നും റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ദുരിതത്തിന് അറുതിവരുമോ എന്നും അറിയാന്‍ കാത്തിരിക്കുകയാണ് ലോകം. രാഷ്ട്രീയ പ്രതിയോഗികളെ ജയിലിലടച്ചു നിശ്ശബ്ദരാക്കിയും കൊന്നൊടുക്കിയുമാണ് മ്യാന്‍മറിലെ പട്ടാള നേതൃത്വം രാജ്യത്ത് ആധിപത്യം സ്ഥാപിച്ചത്. സൂകിയുടെ ജനകീയാടിത്തറ തങ്ങള്‍ക്ക് ഭീഷണിയാണെന്നറിഞ്ഞപ്പോള്‍ അവരെ 20 വര്‍ഷം വീട്ടുതടങ്കലിലാക്കി. ജനഹിതം മാനിച്ചു അധികാരം മറ്റൊരു പാര്‍ട്ടിക്ക് കൈമാറേണ്ടിവന്നാലും പട്ടാളത്തിന് സ്വാധീനം നിലനിര്‍ത്താന്‍ സഹായകമാം വിധമാണ് ഭരണവ്യവസ്ഥകള്‍ തയ്യാറാക്കിയിട്ടുള്ളത്. പാര്‍ലിമെന്റിലെ 25 ശതമാനം സീറ്റ് പട്ടാളത്തിനായി നീക്കിവെച്ചിട്ടുണ്ട്. 30 ലക്ഷം പ്രവാസികള്‍ക്കും 10 ലക്ഷം റോഹിംഗ്യകള്‍ക്കും വോട്ടവകാശം നിഷേധിക്കുകയും ചെയ്തു. ഈ അടിസ്ഥാനത്തില്‍ പുതിയ സര്‍ക്കാറിന് എത്രമാത്രം സ്വതന്ത്രമായും നിര്‍ഭയമായും ഭരണം കൈയാളാനാകുമെന്ന് കണ്ടറിയണം.
ബുദ്ധ മതസ്ഥര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്മറില്‍ 11 ലക്ഷം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ താമസിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണെന്നാരോപിച്ചു ഇവരെ നിരന്തരം അക്രമിക്കുകയും വംശഹത്യ നടത്തുകയുമാണ് അഹിംസയുടെ വക്താക്കളെന്നവകാശപ്പെടുന്ന ബുദ്ധവിഭാഗം. പട്ടാള ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് ഈ കൊടും ക്രൂരതകള്‍ അരങ്ങേറുന്നതെന്ന് അമേരിക്കയിലെ യേല്‍ യൂനിവേഴ്‌സിറ്റി വിഭാഗം അല്‍ ജസീറയുടെ സഹായത്തോടെ ഈയിടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഘട്ടം ഘട്ടമായി റോഹിംഗ്യന്‍ വംശജരെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം. പട്ടാള ഭരണകൂടം തന്നെയാണ് രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി റോഹിംഗ്യകള്‍ക്കെതിരെ നിരന്തരം സാമുദായിക സംഘര്‍ഷത്തിന് പ്രേരണ നല്‍കുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആയിരക്കണക്കിന് റോഹിംഗ്യര്‍ വധിക്കപ്പെടാനും ഒരു ലക്ഷത്തിലേറെ പേര്‍ വീടുകളുപേക്ഷിച്ചു അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാനും ഇടയാക്കിയ മ്യാന്മറില്‍ 2012ലെ മുസ്‌ലിംവരുദ്ധ കലാപം ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് പോലെ സാമുദായിക സംഘര്‍ഷമായിരുന്നില്ലെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ പെന്നി ഗ്രീന്‍ ചൂണ്ടിക്കാട്ടുന്നു.
സമാധാനത്തിനുള്ള നൊബല്‍ സമ്മാനം നേടിയ നേതാവാണ് ആംഗ് സാന്‍ സൂകിയെങ്കിലും ബുദ്ധ തീവ്രവാദികളുടെ പിന്തുണ നഷ്ടമാകുമെന്ന് ഭയന്ന് മ്യാന്മറില്‍ അരങ്ങേറിയ വംശഹത്യക്കെതിരെ അവര്‍ മൗനം പാലിക്കുകയാണുണ്ടായത്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന മത ന്യൂനപക്ഷമാണ് റോഹിംഗ്യന്‍ മുസ്‌ലികള്‍. എന്നിട്ടും അവര്‍ക്ക് വേണ്ടി ശബ്ദിക്കാനുള്ള മാനുഷികമായ കടപ്പാട് അവര്‍ പ്രകടിപ്പിച്ചില്ല. പട്ടാള ഭരണകൂടത്തിന്റ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തകയുടെ മേലങ്കി അണിഞ്ഞ സൂകിയുടെ ഈ ഇരട്ടത്താപ്പ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോഴാണ് അവസാനം ഒഴുക്കന്‍ മട്ടില്‍ പ്രതിഷേധിക്കാന്‍ അവര്‍ മുന്നോട്ടുവന്നത്. തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നിഷേധിച്ചതിലൂടെ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ പൊയ്മുഖത്തിന് പിന്നിലുള്ള സൂകിയുടെ യഥാര്‍ഥ മുഖം വീണ്ടും അനാച്ഛാദനം ചെയ്യപ്പെട്ടു. പ്രാദേശിക, ദേശീയ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 1,151 എന്‍ എല്‍ ഡി സ്ഥാനാര്‍ഥികളില്‍ രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന മുസ്‌ലിംകളില്‍ നിന്ന് ഒരാള്‍ പോലും സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയില്ല.
ബുദ്ധതീവ്രവാദികളുടെ അനിഷ്ടം സമ്പാദിക്കാതിരിക്കാന്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ ഒഴിവാക്കണമെന്ന് സൂകി തന്നെയാണ് പാര്‍ട്ടിക്ക് നിര്‍ദേശം നല്‍കിയതെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മുതിര്‍ന്ന പാര്‍ട്ടി അംഗം അല്‍ജസീറ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ റോഹിംഗ്യകളും രാജ്യത്തെ മറ്റ് മുസ്‌ലിം വിഭാഗങ്ങളും പുതുതായി അധികാരത്തിലേറുന്ന എന്‍ എല്‍ ഡി സര്‍ക്കാറില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.