അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ ആഫ്രിക്കന്‍ യൂനിയന് ഇ യു സമ്മര്‍ദം

Posted on: November 13, 2015 5:27 am | Last updated: November 13, 2015 at 12:27 am
SHARE

ബ്രസല്‍സ്: അനധികൃതമായി എത്തിയ അഭയാര്‍ഥികളെ തിരിച്ചെടുക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നു. അഭയാര്‍ഥികളെ തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ വേലി സ്ഥാപിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടി പുരോഗമിക്കുന്നതിനിടെയാണ് ഈ ആവശ്യം. അഭയാര്‍ഥികളെ തടയുന്നതിന് വേണ്ടി സ്ലോവേനിയ ക്രൊയേഷ്യയോട് ചേര്‍ന്നുള്ള അവരുടെ അതിര്‍ത്തികളില്‍ വേലി സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. അഭയാര്‍ഥികളുടെ പ്രവാഹം തടയുന്നതിന് വേണ്ടി തങ്ങളും അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുമെന്ന് യൂറോപ്യന്‍ യൂനിയനിലെ മറ്റൊരംഗമായ സ്വീഡനും പ്രഖ്യാപിച്ചിട്ടുണ്ട്. കണക്കുകള്‍ അനുസരിച്ച്, ഇതുവരെ എട്ട് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ ഇപ്പോള്‍ തന്നെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്. 2017ഓടെ ഇവരുടെ എണ്ണം 30 ലക്ഷം കവിയുമെന്നാണ് യൂറോപ്യന്‍ യൂനിയന്റെ വിലയിരുത്തല്‍. കൂടുതല്‍ ആഫ്രിക്കന്‍ അഭയാര്‍ഥികളും എത്തുന്നത് ജോലിക്ക് വേണ്ടിയാണെന്നും ഇവരെ തിരിച്ചയക്കല്‍ അനിവാര്യമാണെന്നും യൂറോപ് പറയുന്നു. ഇവരില്‍ നിരവധി പേര്‍ക്ക് മതിയായ രേഖകള്‍ കൈവശമില്ല. നൈജീരിയയില്‍ നിന്ന് ലിബിയ വഴി മെഡിറ്ററേനിയന്‍ സമുദ്രം കടന്നാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ യൂറോപ്പിലെത്തുന്നത്.
അഭയാര്‍ഥി പ്രവാഹം തടയുന്നതിന് ഏറ്റവും നല്ല മാര്‍ഗം അഭയാര്‍ഥികളാകാന്‍ നിര്‍ബന്ധിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണെന്നും യൂറോപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണിയും സംഘര്‍ഷങ്ങളും വ്യാപകമായതിനാല്‍ ഇതിനൊരു പരിഹാരം തേടിയാണ് പലരും അഭയാര്‍ഥികളാകുന്നത്. ഈ പ്രശ്‌നം എളുപ്പം പരിഹരിക്കാനാകുമെന്ന് പ്രതീക്ഷയുമില്ല.
ലിബിയയിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ നൈജീരിയയുമായി യൂറോപ്യന്‍ യൂനിയന്‍ കൂടിയാലോചനകള്‍ നടത്തും.
അതേസമയം, അഭയാര്‍ഥികളെ തിരിച്ചെടുക്കണമെന്ന യൂറോപ്യന്‍ യൂനിയന്റെ ആവശ്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്ന് ആഫ്രിക്കന്‍ യൂനിയന്‍ ആശങ്കപ്പെട്ടു. അഭയാര്‍ഥികളായ സ്ത്രീകളെയും കുട്ടികളെയും ഇത്തരമൊരു നീക്കം മോശമായി ബാധിക്കുമെന്നും യൂറോപ്യന്‍ യൂനിയന്റെ ഈ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ആഫ്രിക്കന്‍ യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കി.
സ്ലോവേനിയയിലേക്ക് കഴിഞ്ഞ മാസം മധ്യം മുതല്‍ 1,70,000 അഭയാര്‍ഥികള്‍ കടന്നതായാണ് കണക്കുകള്‍. ഹംഗറി ക്രൊയേഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം അടച്ചതോടെയാണ് സ്ലോവേനിയയിലേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here