കേന്ദ്രസര്‍ക്കാറിനെതിരെ സംഘ് പരിവാര്‍ സംഘടനകള്‍

Posted on: November 13, 2015 5:24 am | Last updated: November 13, 2015 at 12:24 am
SHARE

ന്യൂഡല്‍ഹി: വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സംഘ്പരിവാറിന് ആഭിമുഖ്യമുള്ള തൊഴിലാളി സംഘടനയായ ബി എം എസ് പരസ്യമായി രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി എം എസിന്റെ ഇടപെടല്‍. ബിഹാറിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ബി ജെ പി- ആര്‍ എസ് എസ് നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ബി എം എസിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.
വിദേശനിക്ഷേപ മേഖലയിലെ ഉദാരവത്ക്കരണ തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും ബി എം എസ് വക്താവ് ബ്രിജിഷ് ഉപാധ്യായ മുന്നറിയിപ്പ് നല്‍കി.
ബേങ്കിംഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉര്‍ത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമങ്ങളാണ് ഇപ്പോള്‍ ബി എം എസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. നേരത്തെ യു പി എ സര്‍ക്കാര്‍ 13 മേഖലകളിലേക്ക് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അത് കൂടുതല്‍ മേകലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതിനെതിരായ പ്രതിഷേധം ബി എം എസ് നേതൃത്വം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണ്. അതിനു ശേഷവും നയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പരസ്യമായ പ്രക്ഷോഭം നടത്തും. എഫ് ഡി ഐ വിഷയത്തില്‍ ഇതുവരെയുണ്ടായ ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ധവളപ്രതം പുറപ്പെടുവിക്കണം. വിഷയം ചര്‍ച്ചചെയ്യാനായി അടിയന്തരയോഗം വിളിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും അയച്ച കത്തില്‍ ബി എം എസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്രിജിഷ് ഉപാധ്യായ പറഞ്ഞു.
നിലവിലെ സാമ്പത്തിക രംഗത്തിനു ഭീഷണിയാണ് വിദേശനിക്ഷേപമെന്നും ഇത് ചില്ലറരംഗത്തെ അതു പാടേ തകര്‍ക്കുമെന്നുമാണ് സംഘ പരിവാര്‍ സംഘടനകള്‍ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. നേരത്തെ സര്‍ക്കാരിനും മോദിക്കുമെതിരെ വിമര്‍ശനമുന്നയിച്ച് സംഘടനയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ സി മിശ്ര രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ക്ക് അനുകൂലമായി നരേന്ദ്രമോഡി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കിലും അവകാശങ്ങള്‍ കൊള്ളയടിക്കാതിരിക്കുകയെങ്കിലും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here