Connect with us

Kannur

നെഹ്‌റു യുവ കേന്ദ്രയില്‍ കേന്ദ്ര സര്‍ക്കാറിന്റെ അപ്രഖ്യാപിത നിയമന നിരോധം

Published

|

Last Updated

കണ്ണൂര്‍: യുവജനങ്ങളുടെ കാര്യശേഷി വര്‍ധിപ്പിക്കുക, രാഷ്ട്ര പുനര്‍നിര്‍മാണത്തിനായി യുവജനശേഷി ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര യുവജന കായിക മന്ത്രാലയത്തിനു കീഴില്‍ നാല് പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന നെഹ്‌റു യുവകേന്ദ്രയുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാന്‍ നീക്കം. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട കോ- ഓര്‍ഡിനേറ്റമാരെയും മറ്റു പ്രധാന ജീവനക്കാരെയും നിയമിക്കുന്നത്് നിര്‍ത്തി വെച്ചാണ് യുവകേന്ദ്രയുടെ സജീവ പ്രവര്‍ത്തനം ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്. ഏത് കാലത്തും നിക്ഷ്പക്ഷ നിലപാട് പുലര്‍ത്തിപ്പോന്ന നെഹ്‌റു യുവകേന്ദ്രയെ പൂര്‍ണമായി രാഷ്ട്രീയ വത്കരിക്കുകയെന്ന ലക്ഷ്യമാണ്് ഒരു വര്‍ഷമായിത്തുടരുന്ന അപ്രഖ്യാപിത നിയമന നിരോധത്തിനു കാരണമെന്നാണ് ആക്ഷേപം.
യുവകേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി നടക്കുന്ന കേരളത്തില്‍ ഏഴ് ജില്ലകളില്‍ കോ- ഓര്‍ഡിനേറ്റര്‍മാരെയും മറ്റു അനുബന്ധ ജീവനക്കാരെയും നിയമിക്കാനും ഒരു വര്‍ഷത്തിലധികമായി നടപടിയുണ്ടായിട്ടില്ല. 29 മേഖലകളിലായി ഓരോജില്ലകളിലും യുവകേന്ദ്രയുമായി ബന്ധപ്പെട്ട് നൂറ്കണക്കിന് സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറിയ കൂറും ഗ്രാമങ്ങളിലാണ്. യുവജനങ്ങളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ- സാമൂഹിക മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങളും പരിപാടികളുമാണ് നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കാറുള്ളത്. യുവജനങ്ങളില്‍ ദേശീയത വളര്‍ത്തുന്നതിനും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനുമെല്ലാം വര്‍ഷാവര്‍ഷം ദേശീയോദ്ഗ്രഥന ക്യാമ്പുകളും നടത്തിവരാറുണ്ട്്.എല്ലാത്തരം പ്രവര്‍ത്തനങ്ങളും കൃത്യമായി കേന്ദ്ര സഹായം ലഭിക്കാറുണ്ടെന്നതിനാല്‍ ഏറെ കാര്യക്ഷമമായിത്തന്നെ മുന്‍കാലങ്ങളില്‍ സന്നദ്ധ സംഘടനകള്‍ പരിപാടികള്‍ നടത്തിവരാറുണ്ട്.
ഓരോവര്‍ഷവും വിവിധ പദ്ധതികള്‍ക്കായി ഒരു ജില്ലക്ക് ചുരുങ്ങിയത് ഏഴ് ലക്ഷം രൂപയെങ്കിലും നല്‍കിവരാറുണ്ട്്.യുവകേന്ദ്രയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ കോഡിനേറ്റര്‍, അക്കൗണ്ടന്റ്്, പ്യൂണ്‍ എന്നിങ്ങനെ മൂന്ന് തസ്തികകളാണ് കേന്ദ്ര സര്‍ക്കാര്‍ ഓരോജില്ലയിലും അനുവദിച്ചു പോരുന്നത്. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കലക്ടറും മറ്റുമടങ്ങുന്ന ഉപദേശക സമിതിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി രാജ്യത്തെ യുവകേന്ദ്രങ്ങളില്‍ ഒഴിവു വന്ന തസ്്തികളില്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ മെനക്കെടുന്നില്ല. 350 കേന്ദ്രങ്ങളിലാണ് കോ-ഓര്‍ഡിനേറ്റര്‍മാരുള്‍പ്പെടെ പ്രധാന തസ്തികകളിലെ ഒഴിവു നികത്താന്‍ നടപടിയില്ലാത്തത്. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, എറണാകുളം, കോട്ടയം,പത്തനംതിട്ട, കാസര്‍കോഡ് എന്നീ യിടങ്ങളിലും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോ- ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുണ്ട്. ഇവിടങ്ങളിലൊന്നും നിയമനം നടത്താന്‍ പലപ്പോഴായി സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. മൂന്ന് വൈസ് ചെയര്‍മാന്‍മാരും മെമ്പര്‍ സെക്രട്ടറിമാരുമടക്കം ഉന്നത പദവികള്‍ വഹിക്കുന്നവരാണ് നെഹ്‌റു യുവ കേന്ദ്രയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. ഇതില്‍ വൈസ് ചെയര്‍മാന്‍ ക്യാബിനറ്റ് പദവിയുള്ളയാളായിരിക്കും.
രാജ്യ സഭയിലെയും ലോക സഭയിലെയും അംഗങ്ങളടങ്ങിയ സമിതിക്കും ഇതിന്റെ മേല്‍നോട്ട ചുമതലയുണ്ട്. ഭരണ മാറ്റത്തിനനുസരിച്ച മേല്‍ത്തട്ടു മുതല്‍ ജില്ലാഘടങ്ങളില്‍ വരെ രാഷ്ട്രീയ പ്രതിനിധികളുണ്ടാകാറുണ്ടെങ്കിലും അതൊന്നും യുവകേന്ദ്രയുടെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇതിന്റെ പ്രവര്‍ത്തനം പലയിടങ്ങളിലും സ്തംഭിച്ച നിലയിലാണ്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട കൂടുതല്‍ രാഷ്ട്രീയ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് യുവകേന്ദ്രയുടെ പ്രവര്‍ത്തനത്തിന്റെ തന്ന ദിശമാറ്റാനാണ് ഇപ്പോഴുള്ള നിയമന നിരോധമെന്നാണ് ആക്ഷേപം. നിലവില്‍ ഒഴിവുള്ള തസ്തികകളില്‍ ഭരണ കക്ഷിയുമായി ബന്ധമുള്ളവരെ ഉള്‍പ്പെടുത്താനും അതു വഴി നിലവിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ പ്രവര്‍ത്തനത്തിന്റെ ശൈലി മാറ്റാനുമാണ് ശ്രമമെന്നാണ് പൊതുവെ പരാതിയുയര്‍ന്നിട്ടുള്ളത്.അതേ സമയം, ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം മിക്ക കേന്ദ്രങ്ങളിലും യുവ കേന്ദ്രയുടെ പ്രവര്‍ത്തനം വഴിപടായി മാറി.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest