ബി ജെ പി വിരുദ്ധ സഖ്യം ശക്തിപ്പെടുത്താന്‍ നീക്കം

Posted on: November 13, 2015 6:01 am | Last updated: November 13, 2015 at 12:22 am
SHARE

ന്യൂഡല്‍ഹി: ബീഹാറില്‍ മഹാസഖ്യസര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ പ്രമുഖരുടെ നീണ്ടനിരയെത്തുന്നു. ബി ജെ പി വിരുദ്ധ ചേരിയിലെ പ്രമുഖരെയാണ് നീതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരാണ് ഈ മാസം 20ന് പാട്‌നയിലെ ഗാന്ധി മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കെത്തുന്ന പ്രമുഖര്‍. കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, അസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, എന്നിവരും ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യംവഹിക്കാനെത്തുമെന്ന് മഹാസഖ്യ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിമാരായ ബാബുലാല്‍ മറാന്‍ഡി, ഹേമന്ദ് സോറന്‍, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ തലവന്‍ അഭയ് ചൗട്ടാല എന്നിവരും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ആര്‍ ജെ ഡി 16, ജെ ഡി യു 15 കോണ്‍ഗ്രസ് 5 എന്നിങ്ങനെ 36 അംഗ മന്ത്രിസഭയാണ് ബീഹാറില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
ബി ജെ പിക്കെതിരെ ദേശീയതലത്തില്‍ പുതിയ സഖ്യങ്ങള്‍ രൂപവത്കരിക്കുന്നതിന് ഈ നീക്കം ഇടയാക്കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ദേശീയ തലത്തില്‍ നിതീഷിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടത്തുന്ന പുതിയ നീക്കം. ബി ജെ പി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തങ്ങള്‍ രാജ്യത്തെ പ്രമുഖരായ വ്യക്തികളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് മഹാസഖ്യ വക്താവ് പറഞ്ഞു. ദേശീയ തലത്തില്‍ ബീ ജെ പി വിരുദ്ധ സഖ്യം ശക്തിപ്പെടുത്താന്‍ നീക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ ജെ ഡി തലവന്‍ ലാലു പ്രസാദ് യാദവ്, ജെഡിയു അധ്യക്ഷന്‍ ശരത് യാദവ് എന്നിവരാണ് ചടങ്ങിലെ പ്രധാന അതിഥികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here