ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനപ്പെരുപ്പം; വ്യോമ പാതയിലും താവളങ്ങളിലും തിരക്ക്

Posted on: November 12, 2015 9:36 pm | Last updated: November 12, 2015 at 9:36 pm
SHARE

ദോഹ: ഗള്‍ഫ് നാടുകളില്‍ വ്യോമഗതാഗത രംഗത്തുണ്ടാകുന്ന അതിവേഗ വികസനം റോഡുകളെപ്പോലെ ആകാശത്തും ഗതാഗതക്കുരുക്കുണ്ടാക്കുന്നതായി വിദഗ്ധര്‍. വിമാനത്താവളങ്ങളും തിരക്ക് അനുഭവപ്പെടുന്നു. എമിറേറ്റ്‌സ്, സഊദി അറേബ്യന്‍ എയര്‍ലൈന്‍, ഖത്വര്‍ എയര്‍വേയ്‌സ് തുടങ്ങിയ വിമാനങ്ങളുടെ വളര്‍ച്ചയാണ് പ്രധാനമായും ഗള്‍ഫ് മാനത്ത് തിരക്കുണ്ടാക്കുന്നതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനങ്ങള്‍ വലുതാക്കുന്നതും വിമാനങ്ങളുടെ എണ്ണം കൂടൂന്നതും തിരക്കു വര്‍ധിപ്പിക്കുന്നു. സമീപകാലത്ത് യുദ്ധ വിമാനങ്ങള്‍കൂടി അറേബ്യന്‍ കടലിനു മുകളില്‍ പതിവായത് ട്രാഫിക് ജാം കൂട്ടിയെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക്ക് പറഞ്ഞു. ജിദ്ദ, ദുബൈ നഗരങ്ങള്‍ക്കിടയിലാണ് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നത്. രണ്ടു നഗരങ്ങളേയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ്, സഊദി വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ജെറ്റ് വിമാനങ്ങള്‍ കൂടി വരുന്നതോടെ ഇത് ശക്തമാകും. ദുബൈ എയര്‍പോര്‍ട്ടിലെ സൗകര്യം പരിഗണിച്ചു മാത്രം എമിറേറ്റ്‌സ് 100 എയര്‍ബസ് എ380 സൂപ്പര്‍ ജംബോ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും റെക്കോര്‍ഡ് ഓര്‍ഡറാണ് വിമാനങ്ങള്‍ക്കുണ്ടായത്. എയര്‍ബസ് നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് മിഡില്‍ ഈസ്റ്റില്‍ 2,400 ജെറ്റ് വിമാനങ്ങളുടെ സാന്നിധ്യത്തിലേക്കാണ് വികസിക്കപ്പെടുന്നത്. 20 വര്‍ഷത്തിനുള്ളില്‍ 590 ബില്യന്‍ ഡോളറിന്റെ വിമാനങ്ങളാണ് മിഡില്‍ ഈസ്റ്റില്‍ വരുക. ഗള്‍ഫില്‍ ദുബൈ, ദോഹ, അബുദാബി, ജിദ്ദ വിമാനത്താവളങ്ങള്‍ അതിവേഗ വികസനം നേടിക്കൊണ്ടിരിക്കുന്നു. ഒപ്പം വിമാനങ്ങളും യാത്രക്കാരും വര്‍ധിക്കുന്നു. ഇപ്പോള്‍ തന്നെ വ്യോമപാതയിലെ തിരക്ക് നിയന്ത്രിക്കാന്‍ പാടുപെടേണ്ടി വരുന്നുണ്ടെന്നും ഇത് വിമാനങ്ങള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതും വൈകാന്‍ ഇടയാക്കുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാഖ്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ അസ്വസ്ഥകളെത്തുടര്‍ന്ന് മിലിറ്ററി വിമാനങ്ങള്‍ വ്യോമപാത ഉപയോഗിക്കുന്നതും യാത്രാ വിമാനങ്ങള്‍ക്ക് ചെറിയ ഇടവഴി മാത്രം ഉപയോഗിക്കേണ്ട സ്ഥിതിയുണ്ടാക്കുന്നു. ഐ എസിന്റെ ഭീഷണി നിലനിന്നതിനെത്തുടര്‍ന്ന് ഇറാഖിലെ വ്യോമപാത ഒഴിവാക്കി വിമാനങ്ങള്‍ സഊദി അറേബ്യ, ഇറാന്‍ വഴി തിരിച്ചു വിട്ടിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ക്ക് വിമാനങ്ങള്‍ക്ക് ഇന്ധനച്ചെലവു വര്‍ധിക്കാന്‍ ഇടവരുത്തും. സഞ്ചാര പാത ലഭിക്കാന്‍ വേണ്ടി വിമാനങ്ങള്‍ കാത്തു നില്‍ക്കുന്നതിനും കൂടുതല്‍ ഇന്ധനം ഉപയോഗിക്കേണ്ടി വരുന്നു. എങ്കിലും സാഹചര്യം മാനേജ് ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍ വ്യോമഗതാഗതക്കുരുക്കു സംബന്ധിച്ച് ആരും ബോധവാന്‍മാരല്ലെന്നതാണ് പ്രശ്‌നം.
ഗള്‍ഫ് ആകാശത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി രാജ്യങ്ങള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എയര്‍സ്‌പെയ്‌സ് പുനക്രമീകരിക്കുമെന്ന് യു എ ഇ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. വ്യോമഗതാഗതം ഇരട്ടിയാകാനുള്ള സാധ്യത പരിഗണിച്ചാണ് യു എ ഇയുടെ നീക്കം. അടുത്ത പത്തു വര്‍ഷത്തിനകം മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് എയര്‍ ട്രാഫിക്കിംഗ് കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ വികസിപ്പിക്കുന്നതിനായി 16.3 ബില്യന്‍ ഡോളര്‍ ചെലവിടേണ്ടി വരുമെന്ന് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന എയര്‍ ട്രാഫിക് മാനേജ്‌മെന്റ് കമ്പനിയായ നാറ്റ്‌സ് നിരീക്ഷിക്കുന്നു. യൂറോപ്പില്‍ 41 രാജ്യങ്ങള്‍ സംയുക്തമായി വ്യോമപാത നിയന്ത്രിക്കുന്ന യൂറോ കണ്‍ട്രോള്‍ മാതൃകയില്‍ മിഡില്‍ ഈസ്റ്റിലും സംയോജിത സംവിധാനം വേണമെന്നാണ് ടിന്‍ ക്ലാര്‍ക്കിന്റെ നിര്‍ദേശം.
ഗള്‍ഫിലെ ഭൂമിശാസ്ത്രവും ആകാശത്തെ സുരക്ഷാ പ്രശ്‌നങ്ങളും പ്രശ്‌നങ്ങളാണെന്നും യമനിലെ യുദ്ധത്തെത്തുടര്‍ന്ന് വിമാനങ്ങള്‍ ഇറാന്‍ വഴി തിരിച്ചു വിട്ടപ്പോള്‍ എട്ടു മിനിട്ടു വരെയാണ് ഓരോ വിമാനവും വൈകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here