നേരിട്ടുള്ള വിദേശ നിക്ഷേപം അടുത്ത വര്‍ഷം നിലവില്‍ വരും

Posted on: November 12, 2015 9:29 pm | Last updated: November 12, 2015 at 9:29 pm
SHARE

qatarദോഹ : ഖത്വറിലെ ആഭ്യന്തര വിപണി വിദേശ നിക്ഷേപകര്‍ക്കായി കൂടുതല്‍ തുറന്നു കൊടുക്കാന്‍ നിയമം ഭേദഗതി ചെയ്യുന്നു. വിദേശ നിക്ഷേപം ആകര്‍ഷിച്ച് രാജ്യത്തെ സമ്പദ് മേഖലയെ പുഷ്ടിപ്പെടുത്തുക ലക്ഷ്യം വെച്ചാണ് ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അടുത്ത വര്‍ഷം നിയമ നിര്‍മാണത്തിനു തയാറെടുക്കുന്നത്. സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്.
അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ യാഥാര്‍ഥ്യമാകുന്ന രീതിയില്‍ പുതിയ ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ നിയമം നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് യൂസുഫ് അല്‍ ജെയ്ദ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ക്കറ്റിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതാകും നിയമം. ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് സ്വന്തം നിയമങ്ങളും നിയന്ത്രണങ്ങളും നികുതി വ്യവസ്ഥയുമുണ്ട്. ബിസിനസ് ഇന്‍ഫ്രാസ്ട്രക്ചറും സെന്ററിന്റെതാണ്. 100 ശതമാനം വിദേശ നിക്ഷേപവും ലാഭം പൂര്‍ണമായും എടുക്കാനും അനുവദിക്കുന്ന രീതിയിലുള്ള നിയമമാണ് സെന്റര്‍ തയാറാക്കുന്നത്.
ഖത്വറിന്റെ നീക്കം മേഖലയിലെ മറ്റു ഫിനാന്‍ഷ്യല്‍ സെന്ററുകളില്‍ നിന്നും കനത്ത മത്സരം നേരിടാന്‍ ഇടയാക്കും. പ്രധാനമായും ദുബൈയോടാണ് മത്സരിക്കേണ്ടി വരുക. എണ്ണ വിലയിടിഞ്ഞ പശ്ചാത്തലത്തില്‍ ബദല്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ രാജ്യം നിര്‍ബന്ധിക്കപ്പെടന്ന സാഹചര്യത്തില്‍ സ്വീകരിക്കുന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് വിദേശ നിക്ഷേപത്തിനായി രാജ്യത്തെ വിപണി തുറന്നു കൊടുക്കുന്നത്. പുതിയ നിയമം വന്നാല്‍ കമ്പനികള്‍ക്ക് ഖത്വറില്‍ ഓഹരി ലിസ്റ്റ് ചെയ്യാന്‍ കഴിയും. ബോണ്ട് ഇറക്കുന്നതിനും മറ്റു സാമ്പത്തിക വ്യവഹാരങ്ങള്‍ക്കും സാധിക്കുമെന്നും യൂസുഫ് അല്‍ ജെയ്ദ പറഞ്ഞു.
നിയമ നടപടികളെ നേരിടുന്നതിനും കമ്പനികള്‍ക്ക് സൗകര്യപ്രദമായ മാര്‍ഗങ്ങള്‍ വ്യവസ്ഥ ചെയ്യും. അറബിക്കു പുറമേ ഇംഗ്ലീഷും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള വ്യവഹാര ഭാഷയായി പരിഗണിക്കും. സ്റ്റേറ്റ് നിയമം അനുസരിച്ചാണ് കമ്പനി സ്ഥാപിച്ചതെങ്കില്‍ സ്റ്റേറ്റ് നിയമം അനുസരിച്ചും ഫിനാന്‍ഷ്യല്‍ സെന്റര്‍ നിയമം അനുസരിച്ചാണെങ്കില്‍ അവിടെയുമായിരിക്കും പരിഹാരം. കൂടുതല്‍ നേരിട്ടുള്ള നിക്ഷേപം നടത്തേണ്ടതുണ്ടെങ്കില്‍ അതുപോലെ മികച്ച സുരക്ഷിതത്വം ആവശ്യമുണ്ടെങ്കില്‍ അതു പരിഗണിച്ചു കൊണ്ടു തന്നെയാണ് പുതിയ നിയമത്തിലേക്കു പോകുന്നതെന്ന് യൂസുഫ് വ്യക്തമാക്കി. നിക്ഷേപ സൗഹൃദവും നിക്ഷേപ സ്വാതന്ത്ര്യവും ഇത് ഉറപ്പു നല്‍കും.
ഈ വര്‍ഷം രണ്ടു റഗുലേറ്റഡ് കമ്പനികള്‍ക്കും 60 നോണ്‍ റഗുലേറ്റഡ് കമ്പനികള്‍ക്കുമാണ് സെന്റര്‍ ലൈസന്‍സ് നല്‍കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35 ശമതാനം വര്‍ധനയാണിത്. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്വറിന്റെ ശ്രമങ്ങള്‍ തുടര്‍ന്നു വരുകയാണ്. ഇത് ത്വരിതപ്പെടുത്തുന്നതിന് ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ മുഖ്യമായ പങ്കു വഹിക്കും. സര്‍ക്കാറിന്റെ ഭാഗത്തു നിന്നും രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കുന്നതിനായി വലിയ പിന്തുണ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. നേരത്തേ പ്രാദേശിക സമൂഹത്തില്‍ നിന്നും ചില തടസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി സര്‍ക്കാര്‍ സര്‍വ പിന്തുണയും നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.