Connect with us

Gulf

തൊഴിലാളി അപകടത്തില്‍പെട്ടാല്‍ വിവരമറിയിച്ചില്ലെങ്കില്‍ 10,000 ദിര്‍ഹം പിഴ

Published

|

Last Updated

അബുദാബി: നിര്‍മാണ സ്ഥലത്ത് തൊഴിലാളിക്ക് അപകടം പറ്റിയാല്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കമ്പനികള്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഗുരുതരമായി പരുക്കേല്‍ക്കുന്ന സംഭവങ്ങളുണ്ടായാല്‍ തൊഴില്‍ മന്ത്രാലയത്തെ 24 മണിക്കൂറിനകം അറിയിക്കണം. മൂന്ന് ദിവസം തൊഴിലാളിക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റായി കണക്കാക്കും. തൊഴില്‍ സ്ഥലത്തോ തൊഴില്‍സ്ഥലത്തേക്കുള്ള യാത്രാമധ്യേയോ അപകടം പിണഞ്ഞാല്‍ ഇത് ബാധകമാണ്.
തൊഴില്‍ സ്ഥലത്തുനിന്നുള്ള അലര്‍ജിയോ മറ്റോ കാരണത്താല്‍ അസുഖം ബാധിച്ചാലും തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണമെന്ന് പരിശോധനാ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മഹര്‍ അല്‍ ഉബൈദ് വ്യക്തമാക്കി. രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കണം. ജോലിസ്ഥലത്ത് ഇതിനായി ചില മാനദണ്ഡങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഇവ കമ്പനികള്‍ പാലിക്കണം.
അപകടങ്ങളുണ്ടാകുമ്പോള്‍ 800655 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ ഇ-മെയില്‍ വഴിയോ തൊഴിലാളിയുടെ പേര്, ലേബര്‍ കാര്‍ഡ് നമ്പര്‍, പ്രോപ്പര്‍ട്ടി നമ്പര്‍, അപകടം നടന്ന ദിവസം എന്നിവ അറിയിക്കണം. ചികിത്സയുടെ ചെലവ് തൊഴിലുടമയാണ് വഹിക്കേണ്ടതെന്നും മഹര്‍ അല്‍ ഉബൈദ് വ്യക്തമാക്കി.

Latest