അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ്

Posted on: November 12, 2015 2:28 pm | Last updated: November 12, 2015 at 2:37 pm

atlas ramachandranദുബൈ: വായ്പ വാങ്ങി വഞ്ചിച്ചുവെന്ന കേസില്‍ അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എം രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ്. ദുബൈ കീഴ് കോടതിയാണ് ശിക്ഷ വിധിച്ചത്. മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. 3.4 കോടി ദിര്‍ഹമിന്റെ വണ്ടിച്ചെക്ക് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ദുബൈ പോലീസ് കേസെടുത്തത്.

അറ്റ്‌ലസ് ജ്വല്ലറിയുടെ ആസ്തികളില്‍ ചിലത് വില്‍പന നടത്തി ബാധ്യത തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഗള്‍ഫിലും ഇന്ത്യയിലും നിരവധി ജ്വല്ലറികളുള്ള ശൃംഖലയാണ് അറ്റ്‌ലസിന്റേത്. വണ്ടിച്ചെക്ക് കേസില്‍ രാമചന്ദ്രന്റെ മകളും പോലീസ് കസ്റ്റഡിയിലുണ്ട്.
വിധി കേള്‍ക്കാന്‍ രാമചന്ദ്രന്റെ ഭാര്യ കോടതിയിലെത്തിയിരുന്നു. വിധി കേട്ട് ഇവര്‍ പൊട്ടിക്കരഞ്ഞു.
ഏതാനും മാസം മുമ്പാണ് അറ്റ്‌ലസ് ഗ്രൂപ്പ് കടക്കെണിയില്‍ പെട്ടത്. മുംബൈയിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പണം നിക്ഷേപിച്ചതിലെ അപാകതയാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത് മറികടക്കാന്‍ ബേങ്കുകളില്‍ നിന്ന് വന്‍തുക വായ്പ വാങ്ങിയിരുന്നു. എന്നാല്‍ യഥാസമയം തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ബേങ്കുകള്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷപ്പെടുത്താന്‍ മാസ് ഗ്രൂപ്പ് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു.
യു എ ഇയിലും ഒമാനിലും ഉള്‍െപ്പടെ 18 ശാഖകളാണ് അറ്റ്‌ലസിനുള്ളത്. ഒമാനില്‍ ആശുപത്രിയും ഉണ്ട്. യു എ ഇയില്‍ ദുബൈയില്‍ മാത്രം 12 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെയുള്ള ജീവനക്കാരില്‍ ചിലര്‍ക്ക് ശമ്പളം വൈകിയിരുന്നു. ജി സി സിയിലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരില്‍ ഒരാളായിരുന്ന രാമചന്ദ്രന്റെ പതനം കമ്പോളവൃത്തങ്ങളെ ഏറെ ആശ്ചര്യപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലും രാമചന്ദ്രന്‍ നിക്ഷേപം നടത്തിയിരുന്നു.