Connect with us

National

കേരളത്തിനെതിരെ ആര്‍എസ്എസ് മുഖപത്രം

Published

|

Last Updated

കോഴിക്കോട്: കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ലേഖനം. “കേരള: ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി” (കേരളം: ദൈവത്തിന്റെ സ്വന്തം നാടോ, ദൈവമില്ലാത്തവരുടെ നാടോ? ) എന്ന ലേഖനത്തിലാണ് കേരളത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുടെ കെട്ടഴിച്ചിരിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിയമാധ്യാപകന്റേതെന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളാ ഹൗസിലെ ബീഫ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ലേഖനം.

ന്യൂനപക്ഷങ്ങളേയും ദളിതുകളേയും കമ്യൂണിസ്റ്റുകാരേയും ആക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങളുണ്ട് ലേഖനത്തില്‍. കേരളത്തിലെ മലപ്പുറം സൗദി അറേബ്യയുടെ ചെറുപതിപ്പാണ്. സഊദിയിലെ അറബികളുടെ ഫണ്ട് ഇവര്‍ക്ക് സ്വീകരിക്കാം. ജില്ലയിലെ എല്ലാ മുക്കിലും മൂലയിലും ഗോഹത്യ നടക്കുന്നുണ്ട്. ഇവിടെ ഹിന്ദുക്കള്‍ ഭൂമി വില്‍ക്കുന്നുണ്ടെങ്കില്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രമേ നല്‍കാവൂ എന്നതാണ് അലിഖിത നിയമമെന്ന് ലേഖനം പറയുന്നു. കേരളത്തിലെ ബിന്‍ലാദനായി കണക്കാക്കുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് നിരവധി സ്‌ഫോടനക്കേസുകളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ കര്‍ണാടകയിലെ ജയിലിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് അതികായര്‍ ആദരിക്കുന്ന കൂട്ടാളിയാണ് മഅ്ദനിയന്നും ലേഖനത്തില്‍ പറയുന്നു. തീവ്ര മതമൗലിക വാദിയായ സി എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന്റെ ഇസ്‌ലാമിക ഭരണം ആദ്യമായി നടപ്പിലാക്കിയതും കേരളത്തിലാണെന്നും ലേഖനം വിലയിരുത്തുന്നു.

ഇഎംഎസ് കേരളത്തിലെ ദളിതരെ പ്രീണിപ്പിക്കാനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. മഹാത്മാ ഗാന്ധിയെ ഹിന്ദു മതമൗലികവാദിയായി ചിത്രീകരിച്ചു. സ്വയം പ്രഖ്യാപിത ദളിത് നേതാവായ കാഞ്ച ഇളയ്യയുടെ വീക്ഷണങ്ങളോട് അദ്ദേഹം പൂര്‍ണമായും യോജിച്ചു. ഗോമാംസം ഭക്ഷിക്കുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തെളിവുകളില്ലാതെ ആര്‍എസ്എസ് തീവ്രവാദ സംഘടനയാണെന്ന് ഇഎംഎസ് എപ്പോഴും പറഞ്ഞിരുന്നു.ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ സി.പി.ഐ.എം അനുഭാവികളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഹിന്ദുക്കളായ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കാറല്‍ മാര്‍ക്‌സ്, ലെനിന്‍, മാവോ എന്നിവരുടെ ഹിംസാത്മകമായ ആശയങ്ങള്‍ ഉപയോഗിച്ച് ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന സനാതന ധര്‍മത്തെയും ദേശീയ ചിന്താഗതിയെയും ആക്രമിക്കുകയാണ്. ഇങ്ങനെയാണ് ഇസ്‌ലാമിക മൗലികവാദത്തിന്റെ മണ്ണായി കേരളം മാറിയതെന്നും ലേഖനം പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകം നടക്കുന്ന സ്ഥലം കേരളമാണെന്നും ലേഖനം പറയുന്നു. എറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സ്ഥലം, ഏറ്റവും അധികം മാനസിക രോഗികള്‍ ഉള്ള സ്ഥലം, ഏറ്റവും കൂടുതല്‍ ഡിവോഴ്‌സ് നടക്കുന്ന സ്ഥലം,
വിവാഹേതര ബന്ധം ഏറ്റവും കൂടിയ സ്ഥലം തുടങ്ങിയ വിശേഷണങ്ങളും കേരളത്തിന് ലേഖനം നല്‍കുന്നു. രാജ്യത്തെ ഹിന്ദുക്കളുടെ വികാരങ്ങളെ പുഛിച്ചുകൊണ്ട് ദല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് വിളമ്പുന്നതും ദല്‍ഹി പോലീസിനെ കോടതി കയറ്റുമെന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ കേരള മുഖ്യമന്ത്രിയുടെ ഭീഷണിയും കേരളത്തിന്റെ മാത്രം അസാധാരണമായ മാംസാഹാര ഭക്ഷണശീലവുമായി ബന്ധപ്പെടുത്തേണ്ടതാണെന്നും ലേഖനം പറയുന്നു. ലേഖനത്തില്‍ രണ്ടിടത്ത് കേരളാ മുഖ്യമന്ത്രിയെ കമ്യൂണിസ്റ്റുകാരനായാണ് പറയുന്നത്.

Latest