Connect with us

Kerala

മന്ത്രി ബാബുവിനെതിരെ മാണി; തനിക്കെതിരെ മൊഴിയില്ലെന്ന ബാബുവിന്റെ വാദം പൊളിയുന്നു

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ കെ എം മാണി രംഗത്ത്. മന്ത്രി ബാബുവിനെതിരെ നേരിട്ട് കോഴ കൊടുത്തു എന്ന ആരോപണമാണ് ഉയര്‍ന്നത്. എന്നാല്‍ തനിക്കെതിരെയുള്ളത് ബിജു രമേശിന്റെ കേട്ടുകേള്‍വികള്‍ മാത്രമാണ്. എന്നിട്ടും ബാബുവിനെതിരെ എന്തു നടപടിയെടുത്തു എന്ന് മാണി ചോദിച്ചു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മാണി ബാബുവിനെതിരെ രംഗത്തെത്തിയത്.

അതിനിടെ ബാര്‍കോഴക്കേസില്‍ ബിജു രമേശ് ബാബുവിനെതിരെ നല്‍കിയ മൊഴിയുടെ പകര്‍പ്പുകള്‍ പുറത്തുവന്നു. മന്ത്രി കെ ബാബുവിനെതിരായ മൊഴികള്‍ വിജിലന്‍സ് അവഗണിച്ചതിന്റെ തെളിവുകളും ചാനലുകള്‍ പുറത്തുവിട്ടു. രണ്ട് സാക്ഷിമൊഴികളാണ് വിജിലന്‍സ് കണക്കിലെടുക്കാതിരുന്നത്. ബാബു പണം ആവശ്യപ്പെട്ടെന്ന് തെളിയിക്കാനാകുന്ന സാക്ഷിമൊഴികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ മൊഴികള്‍ വിജിലന്‍സ് അവഗണിക്കുകയായിരുന്നു. ഡിവൈഎസ്പി എംഎന്‍ രമേശ് നടത്തിയ ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചാനലുകള്‍ പുറത്തുവിട്ടു.പത്തു കോടി രൂപയാണ് ബാബുവിന് നല്‍കിയതായി പറയപ്പെടുന്നത്. വഞ്ചിയൂരിലെ വിജിലന്‍സ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ക്വിക് വെരിഫിക്കേഷനില്‍ രണ്ട് സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു.