ആര്‍ എസ് പി കോണ്‍ഗ്രസുമായി അകലുന്നു

Posted on: November 12, 2015 10:19 am | Last updated: November 12, 2015 at 9:56 pm

rsp-leadersകൊല്ലം: യുഡിഎഫുമായുള്ള ആര്‍എസ്പി ബന്ധത്തില്‍ വിള്ളല്‍. ആര്‍എസ്പിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വം നല്‍കാത്തതിലുള്ള അതൃപ്തി ആര്‍എസ്പി പരസ്യമായി പ്രകടിപ്പിച്ചു. ചര്‍ച്ച നടത്താതെയാണ് കോണ്‍ഗ്രസ് ഇക്കാര്യം തീരുമാനിച്ചത്. മാധ്യമ വാര്‍ത്തകളിലൂടെയാണ് ദേവസ്വം ബോര്‍ഡില്‍ പുതിയ അംഗങ്ങളെ തീരുമാനിച്ചത് അറിഞ്ഞതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ആര്‍എസ്പി ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അംഗത്വം നല്‍കാത്തതില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും ഇത് കോണ്‍ഗ്രസിനെ അറിയിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. സംഘടനാ മര്യാദയുടെ ഭാഗമായി രേഖാമൂലം ദേവസ്വം ബോര്‍ഡ് അംഗത്വം ആവശ്യപ്പെട്ടതാണ്. അംഗത്വം നല്‍കുന്നില്ലെങ്കില്‍ അത് അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇത് അറിയിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന ആരോപണവും നേരത്തെ ആര്‍എസ്പിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. ഇനിയും യുഡിഎഫില്‍ തുടരുന്നത് പാര്‍ട്ടിയുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.