Connect with us

Palakkad

ഷൊര്‍ണ്ണൂര്‍ നഗരസഭ: വി വിമല ചെയര്‍പേഴ്‌സണ്‍; വൈസ് ചെയര്‍മാന്‍ ആര്‍ സാനു

Published

|

Last Updated

പാലക്കാട്: നഗരസഭ ചെയര്‍പേഴ്‌സനായി വി വിമലയേയും വൈസ് ചെയര്‍മാനായി ആര്‍. സാനുവിനേയും സി പി എം തീരുമാനിച്ചതായി സൂചന. ഇവരുടെ സ്ഥാനാര്‍ഥിത്വം ജില്ലാ കമ്മിറ്റി കൂടി അംഗീകരിച്ച ശേഷമാണു പ്രഖ്യാപിക്കുക.
ചെയര്‍പഴ്‌സനെ പാര്‍ട്ടി ജില്ല കമ്മിറ്റിയാണു നിശ്ചയിക്കുക. ഈ സ്ഥാനത്തേക്ക് വിമലയുടെ പേര് മാത്രമേ പരിഗണിക്കുന്നുള്ളൂ.
വൈസ് ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് 17ന് ചേരുന്ന സി പി എം ഏരിയാ കമ്മിറ്റിയിലാണ് അന്തിമ തീരുമാനമുണ്ടാകുക. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ ചെയര്‍പഴ്‌സന്‍ സ്ഥാനം നഷ്ടപ്പെട്ട വിമലക്ക് നിയോഗം പോലെയാണു സ്ഥാനം ലഭിക്കുന്നത്. എം ആര്‍ മുരളിയുടെ ജെ വി എസിനൊപ്പം നിലയുറപ്പിച്ച അവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
വൈസ് ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന ആര്‍ സാനു കൗണ്‍സിലില്‍ പുതുമുഖമാണ്. പിഷാരടീസ് ഗ്രൂപ്പിന്റെ ഉടമയാണ്. ഇവരുടെ സ്ഥാനങ്ങള്‍ സംബന്ധിച്ച് പൊതുവില്‍ പാര്‍ട്ടിയില്‍ സമവായമുണ്ടായതാണ് സൂചനകള്‍.
മുന്‍ ചെയര്‍മാന്‍ എം നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നു പറഞ്ഞ് കേട്ടിരുന്നു. കുളപ്പുള്ളി യുപി സ്‌കൂളില്‍നിന്ന് വിരമിച്ച അധ്യാപികയായ വി വിമല നേരത്തെ നഗരസഭ കൗണ്‍സില്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. യുവജന പ്രാതിനിധ്യം അടക്കമുള്ള ഘടകങ്ങളാണു സാനുവിന് അനുകൂലമായത്.
ശ്രീകൃഷ്ണപുരംപഞ്ചായത്ത് പ്രസിഡന്റ്മാരെ തിരഞ്ഞെടുക്കാനുള്ള കൂടിയാലോചനകള്‍ മുന്നണികള്‍ക്കിടയിലും പാര്‍ട്ടികള്‍ക്കുള്ളിലും സജീവമായി. കാര്യശേഷിയും പൊതുസമ്മതനുമായവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്തിരുത്താനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി അരവിന്ദാക്ഷന്‍ തന്നെയാകും പ്രസിഡന്റെന്ന് സൂചനയുണ്ട്.
ശ്രീകൃഷ്ണപുരം പ!ഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന ഭരണ സമിതിയിലെ സ്ഥിരം സമിതി അധ്യക്ഷനും മുന്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായിരുന്ന സി എന്‍ ഷാജുശങ്കറും പൂക്കോട്ടുകാവില്‍ ഡി വൈ എഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന കെ ജയദേവനും പ്രസിഡന്റായേക്കുമെന്നാണ് സൂചന.
വെള്ളിനേഴിയില്‍ കെ ശ്രീധരന്റെയും, പി കെ ശശിധരന്റെയും പേരുകളാണ് കേള്‍ക്കുന്നത്. വനിതാ സംവരണമായ കരിമ്പുഴയില്‍ ലീഗിലെ ഷീബാ പാട്ടത്തൊടി പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി രാജരത്‌നം വൈസ് പ്രസിഡന്റുമാകാനാണ് സാധ്യത.

---- facebook comment plugin here -----

Latest