പി വി ജോണിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

Posted on: November 12, 2015 9:56 am | Last updated: November 12, 2015 at 10:01 am
SHARE

johnമാനന്തവാടി: കോണ്‍ഗ്രസ് നേതാവ് പി വി ജോണിന്റെ തോല്‍വിക്ക് കാരണം സില്‍വി തോമസും വി കെ ജോസും ലേഖ രാജീവും ചേര്‍ന്ന് നടത്തിയ കാലുവാരലാണെന്ന് ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ജോണ്‍ തയ്യാറാക്കിയ കത്തില്‍ പറയുന്നതായി മകന്‍ വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
കെ എല്‍ പൗലോസും സില്‍വി തോമസും ചേര്‍ന്നാണ് പുത്തന്‍പുരയില്‍ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. റിബല്‍ സ്ഥാനാര്‍ഥിക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് ഡിസിസി പ്രസിഡന്റിനോട് സില്‍വി തോമസ് നിര്‍ദേശിച്ചിരുന്നു. തന്നെ തോല്‍പ്പിക്കുമെന്നും അതോടെ അവന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും പോളിംഗിന്റെ തലേദിവസം മാനന്തവാടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വക്കീലിനോട് സില്‍വി പറഞ്ഞതായി ജോണ്‍ കത്തില്‍ എഴുതിയിട്ടുണ്ട്. ഈ രാഷ്ട്രീയവഞ്ചകരോട് പ്രതികരിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഈ പ്രവൃത്തി ചെയ്യുന്നത്. മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഈ ഗതിയുണ്ടാകരുതെന്നും അദേഹം കത്തില്‍ പറയുന്നുണ്ട്.
കെ എല്‍ പൗലോസും സില്‍വി തോമസും ചേര്‍ന്ന് ജില്ലയിലെ കോണ്‍ഗ്രസിനെ നശിപ്പിക്കാതിരിക്കാന്‍ പി വി ബാലചന്ദ്രന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ അബ്രാഹാം തുടങ്ങിയ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും കത്തിലെഴുതിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ സബ്കലക്ടര്‍ ഓഫീസിലെത്തിയ മകന്‍ വര്‍ഗിസ് പി ജോണിനോട് ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിയും അനുവദിച്ചാല്‍ മാത്രമേ കത്ത് നല്‍കാനാവൂ എന്നാണ് സബ്കലക്ടര്‍ പറഞ്ഞത്. അതനുസരിച്ച് പോലീസ് മേധാവികള്‍ക്ക് സബ്കലക്ടര്‍ ദൂതന്‍ മുഖേന കത്ത് നല്‍കിയിരുന്നു. പകല്‍ നാലുമണിയോടെയാണ് കത്ത് ബന്ധുക്കള്‍ക്ക് വായിച്ച് കേള്‍പ്പിച്ചത്. കാറിന്റെ താക്കോലും മൊബൈല്‍ ഫോണും ബന്ധുക്കള്‍ക്ക് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here