തകര്‍ന്ന റോഡുകള്‍; സര്‍വീസ് നടത്താനാകാതെ ജന്റം ബസുകള്‍

Posted on: November 12, 2015 9:53 am | Last updated: November 12, 2015 at 9:53 am
SHARE

കല്‍പ്പറ്റ: ജന്റം ബസുകള്‍ ഓടാന്‍ തുടങ്ങിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ പകുതി ദിവസം മാത്രമാണ് നാലുബസ്സുകളും ഓടിയത്.ടാറ്റയുടെ ബസ്സായതിനാല്‍ ജില്ലയിലെ കുണ്ടും കുഴിയും കുന്നുകളും നിറഞ്ഞ വഴികളില്‍ മൈലേജ് കുറവാണ്. മെയിന്റനന്‍സ് കൂടുതലുമാണ്. ജന്റം നോണ്‍ എസി ബസ്സുകള്‍ വന്നനാള്‍ മുതല്‍ അടിക്കടി തകരാറിലാണ്. കാര്യക്ഷമമായി കെ എസ് ആര്‍ ടി സിക്ക് സര്‍വീസ് നടത്താനാവുന്നില്ല. ജന്റം പദ്ധതിയില്‍പെടുത്തി ജില്ലക്കനുവദിച്ച നോണ്‍ എ സി ബസ്സുകള്‍ കെ എസ് ആര്‍ ടി സിക്ക് ബാധ്യതയാവുന്നു. ചെലവു കൂടുതലും വരുമാനം കുറവുമായതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് കോര്‍പറേഷനുണ്ടാവുന്നത്. ഈ ബസ്സുകളാണെങ്കില്‍ മിക്ക ദിവസവും കട്ടപ്പുറത്തുമായിരിക്കും. നിസ്സാര തകരാറിനു പോലും ദിവസങ്ങളോളം കട്ടപ്പുറത്തിടേണ്ടി വരികയാണ്. ടാറ്റയുടെ വാഹനമായതിനാല്‍ അവരുടെ മെക്കാനിക്കെത്തിയാല്‍ മാത്രമേ റിപ്പയര്‍ ചെയ്യാനും കഴിയുന്നുളളൂ.നാലു ബസ്സുകളാണ് ജില്ലയില്‍ ഓടുന്നത്. ബത്തേരി, മാനന്തവാടി ഡിപ്പോകളിലായി രണ്ടു വീതം ബസുകളാണ് ഉള്ളത്. മാനന്തവാടിയില്‍നിന്ന് നിരവില്‍പുഴയിലേക്കും കല്‍പ്പറ്റയിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. ബത്തേരി ഡിപ്പോയില്‍നിന്ന് കല്‍പ്പറ്റ,ബത്തേരിപുല്‍പ്പള്ളി, അമ്പലവയല്‍ചൂള്ളിയോട്‌വടുവഞ്ചാല്‍വൈത്തിരി എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. സാധാരണ ബസ്സുകള്‍ക്ക് 70 ലിറ്റര്‍ ഡീസലടിച്ചാല്‍ 300 കിലോമീറ്റര്‍ മൈലേജ് കിട്ടുന്നിടത്ത് ജന്റം ബസ്സുകള്‍ക്ക് 115 ലിറ്റര്‍ അടിക്കേണ്ടി വരികയാണ്. 25 ലിറ്ററോളം ഡീസല്‍ അധികം വേണ്ടി വരികയാണ്. ജനറം ബസ്സുകള്‍ ഓടുന്ന എല്ലാ റൂട്ടിലും കനത്ത നഷ്ടമാണുണ്ടാവുന്നത്. എണ്ണച്ചെലവിനുസരിച്ചുള്ള കലക്ഷന്‍ എവിടെയും ലഭിക്കുന്നില്ല. മെയിന്റനന്‍സ് ചെലവും തൊഴിലാളികളുടെ കൂലിയും കൂട്ടുമ്പോള്‍ ദിനംപ്രതി വലിയ നഷ്ടത്തിലാണ് ഓടുന്നത്. പൊതുവേ നഷ്ടത്തിലായ കെഎസ്ആര്‍ടിസിക്ക് ജന്റം ബസ്സുകള്‍ കനത്ത ആഘാതമാണേല്‍പ്പിക്കുന്നത്. ബത്തേരിയില്‍ ഈ ബസ്സുകള്‍ക്ക് ആറായിരത്തോളം രൂപയാണ് കലക്ഷന്‍ ലഭിക്കുന്നത്. അത്രതന്നെ എണ്ണച്ചെലവും വരുന്നുണ്ട്. മാനന്തവാടിയിലും ഇതേ സ്ഥിതിയാണ്. നിരവില്‍പുഴ ഭാഗത്തേക്ക് പോകുന്ന ബസ്സാണെങ്കില്‍ റോഡിന്റെ ശോചനീയാവസ്ഥ കാരണം മിക്ക ദിവസവും കട്ടപ്പുറത്താവുകയാണ്. ദിവസങ്ങളോളം കഴിഞ്ഞാണ് പുറത്തിറക്കുക. മിക്കപ്പോഴും സര്‍വീസ് റദ്ദാക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇവയെ ആശ്രയിക്കാനുമാവുന്നില്ല. പൊതുവേ വലിപ്പം കുറഞ്ഞ സീറ്റായതിനാല്‍ ദൂരയാത്രകള്‍ക്ക് സുഖപ്രദവുമല്ല.