പോലീസ് മര്‍ദിച്ചെന്ന പരാതി; റിപ്പോര്‍ട്ടുമായി ഹാജരാകാന്‍ സി ഐക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം

Posted on: November 12, 2015 9:50 am | Last updated: November 12, 2015 at 9:50 am
SHARE

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദപ്രകടനം നടക്കവെ കോഴിക്കോട് വെള്ളയില്‍ പുതിയതുറ ബീച്ചില്‍ സ്ത്രീകളടക്കമുള്ളവരെ പോലീസ് മര്‍ദിച്ചെന്ന പരാതിയിന്മേല്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നടക്കാവ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കേരള വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടുമായി നവംബര്‍ 17 ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ടെത്താനും കമ്മീഷന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചു. സംഭവം സംബന്ധിച്ച് ലഭിച്ച ആറ് പരാതികളിന്മേല്‍ അന്ന് കമ്മീഷന്‍ ഹിയറിംഗ് നടത്തും.
നവംബര്‍ ഏഴിന് പുതിയതുറ ബീച്ചില്‍ വൈകീട്ട് ലീഗ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനം നടത്തവെയാണ് പോലീസുമായി സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് വൈകുന്നേരത്തോടെ സ്ഥലത്തെത്തിയ പോലീസ് സംഘം സമീപത്തെ വീടുകളില്‍ കയറി സ്ത്രീകളടക്കമുള്ളവരെ മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.
വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീന റഷീദ് സംഭവസ്ഥലവും മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചിരുന്നു. മര്‍ദനമേറ്റതായി ആറ് സ്ത്രീകള്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. നമസ്‌കരിക്കുന്നതിനിടെ പോലും മര്‍ദിച്ചതായി പരാതിയിലുണ്ട്. മത്സ്യത്തൊഴിലാളികളായ സ്ത്രീകളുടെ വാഹനങ്ങള്‍ തകര്‍ത്തതായും വീട് തകര്‍ത്തതായും പരാതികളില്‍ പറയുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് സി ഐയോട് സമഗ്രറിപ്പോര്‍ട്ടുമായി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here