തിരൂരങ്ങാടിയിലെ ലീഗില്‍ കലാപക്കൊടി

Posted on: November 12, 2015 9:44 am | Last updated: November 12, 2015 at 9:44 am

തിരൂരങ്ങാടി: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തിരൂരങ്ങാടിയിലെ മുസ്‌ലിംലീഗ് ഘടകത്തില്‍ കലാപക്കൊടി. റിബലുകളുടെ വിജയവും ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ ലീഗിനേറ്റ പരാജയവുമാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. മുസ്‌ലിംലീഗ് നഗരസഭ കമ്മിറ്റിയിലെ ചിലര്‍ക്കെതിരെയാണ് വാര്‍ഡ് തലങ്ങളില്‍ കലാപമുയര്‍ന്നിട്ടുള്ളത്.
നാളിതുവരെയും മുസ്‌ലിംലീഗ് മേലനങ്ങാതെ വിജയം നേടിയിട്ടുള്ള ഒന്നാം ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ഥി ദയനീയമായാണ് പരാജയപ്പെട്ടത്. നേര്‍ക്കുനേരെയുള്ള മത്സരമായിട്ടും പാര്‍ട്ടിക്ക് ഇവിടെ പിടിച്ചുനില്‍ക്കാനായില്ല. പഞ്ചായത്ത് ലീഗ് കമ്മിറ്റിയിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ ഡിവിഷനായിട്ടും ഡിവിഷന്‍ ലീഗിനെ കൈവിട്ടത് നേതാക്കളുടെ കഴിവ് കേടാണെന്ന് അണികള്‍ പറയുന്നു. ലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചില്ല എന്ന് മാത്രമല്ല ചിലര്‍ പാലം വലിക്കുകതന്നെ ചെയ്തു എന്ന് വരെ നേതാക്കളുടെ പേരില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. 12ാം ഡിവിഷനായ കക്കാട് യു ഡി എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ലീഗ് റിബലാണ് വിജയിച്ചത്. ഇവിടെ വാര്‍ഡ് ലീഗ് കമ്മിറ്റി ഒന്നടങ്കം റിബലിനോടൊപ്പമായിരുന്നു.
ഇതിന്റെ പേരില്‍ വാര്‍ഡ് ലീഗ് കമ്മിറ്റിയെ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവിടെയും പഞ്ചായത്ത് ലീഗ് കമ്മിറ്റിയിലെ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെയാണ് ചിലര്‍ രംഗത്ത് വന്നിട്ടുള്ളത്. റിബലിന്റെ വിജയാഹ്ലാദപ്രകടനത്തില്‍ നിന്ന് ലീഗ് നേതാവായ ഒടാപക് ചെയര്‍മാന്റെ വീടിന് മുന്നിലേക്ക് പടക്കമെറിഞ്ഞതാണ് ആരോപണമായിയരുകയും യു ഡി എഫ് പ്രവര്‍ത്തകരും റിബല്‍ അനുകൂലികളും തമ്മില്‍ സംഘട്ടനമുണ്ടാവുകയും ചെയ്തിരുന്നു. ഇതേ ദിവസം തന്നെ 20-ാം ഡിവിഷനില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തില്‍ ഈ നേതാവ് പങ്കെടുത്തത് ഒച്ചപ്പാടാവുകയും ഇദ്ദേഹം പ്രകടനത്തില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെടുകയും ചെയ്തുവത്രെ. അവസാനം ഇദ്ദേഹം മാറിനിന്ന ശേഷമാണ് പ്രകടനം നടന്നത്.
15ാം ഡിവിഷനില്‍ യു ഡി എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച ലീഗ് റിബല്‍ 316 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ലീഗിന്റെ ഉന്നത നേതാക്കളടങ്ങുന്ന കുടുംബത്തില്‍ പെട്ടയാളാണ് ഇവിടെ വിജയിച്ച റിബല്‍. 15ാം ഡിവിഷനിലും പത്താം ഡിവിഷനിലും ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതും 29-12 ഡിവിഷനുകളില്‍ ലീഗിന്റെ റിബലുകളുടെ അരങ്ങേറ്റം മൂലം യു ഡി എഫ് മൂന്നാം സ്ഥാനത്തായതും പാര്‍ട്ടിയില്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ലീഗ് മത്സരിച്ച ഡിവിഷനുകളിലെല്ലാം കോണ്‍ഗ്രസുകാര്‍ വിജയത്തിന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ലീഗിന്റെ റിബലുകള്‍ വ്യാപകമായി രംഗത്തുവന്നത് ലീഗിന് നിഷേധിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്.
ലീഗ് സംസ്ഥാന സെക്രട്ടറിയുടെ ഡിവിഷനില്‍ പോലും ലീഗിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രാദേശിക പ്രവര്‍ത്തകര്‍ പറയുന്നു.