Connect with us

Malappuram

ഫറോക്ക് നഗരസഭ: റിബലുകളുടെ പിന്തുണയെച്ചൊല്ലി തര്‍ക്കം

Published

|

Last Updated

ഫറോക്ക്: നഗരസഭയില്‍ ഭരണത്തിലേറാന്‍ യു ഡി എഫിന് സ്വതന്ത്ര റിബലുകളുടെ പിന്തുണ തേടുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കടും പിടിത്തം മൂലം സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലേറാമെന്ന യു ഡി എഫിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. 16ാം വാര്‍ഡിലെ വടക്കേ ബസാറില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച് വിജയിച്ച ടി നുസ്രത്തിന്റെ പിന്തുണ തേടുന്നതില്‍ കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുണ്ട്. ഇക്കാര്യത്തിനായി കഴിഞ്ഞ ദിവസം മണ്ഡലം കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് ഡിവിഷന്‍ ഭാരവാഹികളുടെ യോഗം ചേര്‍ന്നെങ്കിലും, തീരുമാനമാകാതെ പിരിയുകയായിരുന്നു.
മഹിളാ കോണ്‍ഗ്രസ് നേതാവായ ടി നുസ്രത്തിന് കോണ്‍ഗ്രസിന്റെ സീറ്റ് വിഭജന ചര്‍ച്ചയില്‍ തന്നെ ഡി സി സി സീറ്റ് നല്‍കിയിരുന്നെങ്കിലും, അത് വേണ്ടെന്ന് വെച്ച് മുസ്‌ലിം ലീഗ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു.
ഇതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവിയില്‍ നിന്ന് നുസ്രത്തിനെ സസ്‌പെന്റ് ചെയ്തിരുന്നു. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളും നേരത്തേ തന്നെ പിന്തുണ ഉറപ്പ് നല്‍കിയിരുന്നു. എങ്കിലും കോണ്‍ഗ്രസിനെതിരെ മത്സരിച്ച രണ്ട് സ്ഥാനാര്‍ഥികളെ ഒപ്പം നിര്‍ത്തി ഭരണത്തിലേറാനുള്ള തീരുമാനത്തിനോട് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെയുള്ള വിയോജിപ്പ് ഭരണത്തിലേറാന്‍ വിലങ്ങ് തടിയായിരിക്കുകയാണ്.

സിറാജ് ലേഖകനെ കൈയേറ്റം ചെയ്തു

ഫറോക്ക്: ഫറോക്ക് നഗരസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാര്‍ റിബലുകളുടെ പിന്തുണ തേടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘര്‍ഷം. വാര്‍ത്ത ശേഖരിക്കാനെത്തിയ സിറാജ് റിപ്പോര്‍ട്ടറെ ഒരു വിഭാഗം കൈയേറ്റം ചെയ്തു. യോഗത്തില്‍ റിബലുകളുടെ പിന്തുണ തേടുന്നതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് യോഗം നടക്കുന്ന വ്യാപാര ഭവനിലെത്തിയ സിറാജ് റിപ്പോര്‍ട്ടര്‍ നൗഷാദിനെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. നൗഷാദിന്റെ ക്യാമറ പിടിച്ചു വാങ്ങുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. കേണപേക്ഷിച്ചിട്ടും മൊബൈല്‍ നല്‍കിയില്ല. ഏറെ കഴിഞ്ഞ ശേഷം സീനിയര്‍ നേതാക്കള്‍ ഇടപെട്ടാണ് മൊബൈല്‍ തിരിച്ചു നല്‍കിയത്.

---- facebook comment plugin here -----

Latest