Connect with us

International

അഫ്ഗാനില്‍ തീവ്രവാദികള്‍ വധിച്ചവരുടെ മൃതദേഹങ്ങളുമായി ആയിരങ്ങള്‍ പ്രതിഷേധത്തില്‍

Published

|

Last Updated

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവിധ ഗോത്രങ്ങളില്‍പ്പെട്ട ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹസാറ ഗോത്രത്തിലെ ഏഴ് പേരെ തലയറുത്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്നും സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഏഴ് പേരുടെ മൃതദേഹങ്ങളും വഹിച്ചാണ് ആയിരങ്ങള്‍ തലസ്ഥാനത്ത് ഒരുമിച്ചുകൂടിയത്. പത്ത് വര്‍ഷത്തിലധികം നീണ്ടുനിന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ അധിനിവേശം നിഷ്ഫലമായിരുന്നുവെന്നും അവരുടെ താത്പര്യം മറ്റു ചിലതായിരുന്നുവെന്നും സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇത്തരം പ്രതിഷേധങ്ങള്‍ തെളിയിക്കുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിലെ പശ്തൂണ്‍, താജിക്, ഉസ്ബക്, ഹസാറ വിഭാഗം ഉള്‍പ്പെടെ വ്യത്യസ്ത ഗോത്രവിഭാഗങ്ങളില്‍പ്പെട്ട കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. അഫ്ഗാന്‍ പൗരന്‍മാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തക്ക നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയവര്‍ ആവശ്യപ്പെട്ടു.
ഒരു മാസത്തിലേറെയായി ഇസില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയിരുന്ന ഹസാറ ഗോത്രത്തിലെ ഏഴ് പേരെയാണ് അവര്‍ കൊലപ്പെടുത്തിയതെന്ന് അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കി. സാബൂല്‍ പ്രവിശ്യയിലെ അര്‍ഗന്‍ദാദ് ജില്ലയിലായിരുന്നു ഇവരെ ബന്ദികളാക്കി വെച്ചിരുന്നത്. ഇവിടെ നിന്ന് തന്നെയാണ് ഇവരെ ബന്ദികളാക്കിയിരുന്നതും. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും രണ്ട് പുരുഷന്‍മാരെയും കഴുത്തറുത്താണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. താലിബാന്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച ഗോത്രവിഭാഗത്തിന് കൈമാറുകയായിരുന്നു. ഇവരുടെ മരണത്തില്‍ അനുശോചിച്ച് ഇന്നലെ അഫ്ഗാന്‍ ദേശീയ ദുഖാചരണ ദിനമായി ആചരിച്ചു.
ഇപ്പോള്‍ ഏഴ് പേര്‍ക്ക് സംഭവിച്ചത് നാളെ തങ്ങള്‍ക്കും സംഭവിക്കാമെന്നും അതുകൊണ്ട് തങ്ങളുടെ സുരക്ഷക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സുരക്ഷ തങ്ങളുടെ അവകാശമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അക്രമങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തല്‍ അനിവാര്യമായിരിക്കുന്നു. തീവ്രവാദികള്‍ ഇപ്പോള്‍ കൊല ചെയ്യുന്നത് കുട്ടികളെയും സ്ത്രീകളെയുമാണ്. ഇത് നാളെ ചിലപ്പോള്‍ തങ്ങളുടെ കുട്ടികളാകാം. ഇതിന് പരിഹാരമായി സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ല- പ്രതിഷേധത്തില്‍ പങ്കെടുത്ത മര്‍യം ജമാല്‍ അഭിപ്രായപ്പെട്ടു.
പ്രതിഷേധ റാലിയില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കാബൂള്‍ പോലീസ് മേധാവി അബ്ദുര്‍റഹ്മാന്‍ റഹീം പറഞ്ഞു.

Latest