ബി ജെ പിയെ പ്രതിരോധിക്കാന്‍ സി പി എമ്മിന് ബൃഹദ്പദ്ധതി

Posted on: November 12, 2015 6:00 am | Last updated: November 12, 2015 at 12:11 pm
SHARE

cpm--621x414തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കൂടുതല്‍ വോട്ട് ലഭിക്കാനിടയായ സാഹചര്യം പരിശോധിക്കാനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പു വിജയം സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരത്തുന്നതു കള്ളക്കണക്കാണെന്നു യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ ഡി എഫിന് യു ഡി എഫിനേക്കാള്‍ 23,000 വോട്ടു മാത്രമേ അധികം ലഭിച്ചുള്ളൂ എന്നാണു മുഖ്യമന്ത്രി പറയുന്നത്. ഇത് പരാജയം മറയ്ക്കാനുള്ള ശ്രമമാണ്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ചത് 82,73,715 വോട്ടാണ്. യുഡിഎഫിന് 79,46,721ഉം. എല്‍ഡിഎഫിന് അധികമായി ലഭിച്ചത് 3,27,217 വോട്ട്. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 1,55,571 വോട്ടുകളാണ് അധികം ലഭിച്ചതെന്നും അന്ന് നാലു മണ്ഡലങ്ങളില്‍ 400ല്‍ത്താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനു മാത്രമാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്. അന്ന് ജനവിധി യു ഡി എഫിനൊപ്പം എന്നു വിലയിരുത്തിയ മുഖ്യമന്ത്രി ഇന്ന് പരാജയം സമ്മതിക്കാത്തതു പരിഹാസ്യമാണ്.
2004ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടിയാണ്. അന്ന് ആന്റണി കാണിച്ച ധാര്‍മികത ഉമ്മന്‍ചാണ്ടിക്കുണ്ടെങ്കില്‍ അദ്ദേഹം അധികാരത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ ഉണ്ടാവുമെന്നു പ്രഖ്യാപിച്ചിരുന്ന നേട്ടം കൈവരിക്കാന്‍ ബിജെപിക്കായിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 62 വാര്‍ഡുകളില്‍ ബിജെപി മേല്‍ക്കൈ നേടി. എന്നാല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇത് 34 ആയി കുറഞ്ഞു. എസ് എന്‍ ഡി പിയടക്കം 100ഓളം സംഘടനകളുടെ പിന്തുണയുണ്ടെന്നു പറഞ്ഞു വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ബി ജെ പിക്കായിട്ടുണ്ട്. ഇതിനെതിരെ പാര്‍ട്ടി ജാഗ്രത പുലര്‍ത്തും. വര്‍ഗീയതക്കെതിരെ വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനം ശക്തമാക്കും. തിരഞ്ഞെടുപ്പില്‍ ബി ജെപി യുടെ വോട്ടുവര്‍ധിച്ചിട്ടുണ്ട്. ഇക്കാര്യം പാര്‍ട്ടി ഗൗരവമായി പരിശോധിക്കും. 14.28ശതമാനം വോട്ടാണ് ബി ജെ പി നേതൃത്വം നല്‍കുന്ന മുന്നണിക്കു ലഭിച്ചത്. നാലു ശതമാനം വര്‍ധനവാണ് വോട്ടിങ് ശതമാനത്തിലുള്ളത്. ആര്‍ എസ് എസ് ദേശീയ തലത്തില്‍ ഉയര്‍ത്തുന്ന വര്‍ഗീയതയുടെ ഭീഷണിക്കെതിരെ ജാഗ്രത വേണം. കേരളത്തില്‍ ഇടതു കക്ഷികള്‍ വര്‍ഗീയതക്കെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വിപത്തിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലാണു ബിജെപി ശക്തിപ്പെടുന്നത് എന്നത് ഇതിന്റെ തെളിവാണ്.
കേരളത്തില്‍ കോണ്‍ഗ്രസ് ബി ജെ പിയോടു കാണിക്കുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. ഘര്‍വാപസിയോടും കേരള ഹൗസ് സംഭവത്തോടുമുള്ള കോണ്‍ഗ്രസിന്റെ സമീപനവും ആര്‍എസ്എസ്സുകാര്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുന്നതും ഇതിന്റെ തെളിവാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here