അസഹിഷ്ണുതക്കെതിരെ ഇടതുപാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Posted on: November 12, 2015 5:08 am | Last updated: November 12, 2015 at 12:08 am
SHARE

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷുണതക്കെതിരെ ഇടതുപാട്ടികള്‍ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. അടുത്ത മാസം ഒന്ന് മുതല്‍ ആറ് വരെ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ ആര്‍ എസ് എസിന്റെ വര്‍ഗീയ പ്രചാരണത്തിനെതിരെ വ്യത്യസ്ത തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ആറ് ഇടതുപക്ഷ സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചു. സി പി ഐ ആസ്ഥാനമായ അജോയ് ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സി പി ഐ (എം), സി പി ഐ, സി പി ഐ (എം എല്‍) ആര്‍ എസി പി. ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, എസ് യു സി ഐ (സി) തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ആര്‍ എസ് എസും ഹിന്ദുത്വ സംഘടനകളും വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ രാജ്യവ്യാപകമായി ആറ് ഇടതുപാര്‍ട്ടികള്‍ യോജിച്ച് പ്രചാരണം നടത്തുമെന്ന് ഒന്നിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍ എസ് എസും ബി ജെ പിയും കെട്ടഴിച്ചുവിട്ട വര്‍ഗീയവിദ്വേഷ പ്രചാരണത്തിനും ധ്രുവീകരണത്തിനും എതിരായി ധീരമായ ശബ്ദമുയര്‍ത്തിയ എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, ചലച്ചിത്രകാരന്മാര്‍, ചരിത്രകാരന്മാര്‍ എന്നിവരെ ഇടതുപക്ഷ സംഘടനകള്‍ അഭിനന്ദിക്കുന്നതായും യോഗം വിലയിരുത്തി. ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളെ അപലപിക്കുന്നതായും പ്രസ്താവന കുറ്റപ്പെടുത്തി. അസഹിഷ്ണുതക്കെതിരെ ഇടുപക്ഷ സംഘടനകളാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. കേരള ഹൗസ് ബീഫ് വിവാദത്തിലടക്കം ആദ്യ പ്രതികരണം നടത്തിയത് ഇടതു പാര്‍ട്ടികളായിരുന്നു. ഇടതുപക്ഷ ചിന്താഗതിക്കാരാണ് രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നവെന്ന പ്രചാരണം നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചിരുന്നു. ഇത് കേരളത്തിലടക്കം തിരഞ്ഞെടുപ്പുകളില്‍ ഇടുപക്ഷ സംഘടനകള്‍ക്ക് അനുകൂലമായ വിധിയെഴുത്തിനു കാരണമായിട്ടുണ്ടെന്നും വിലയിരുത്തുന്നുണ്ട്. സംഘടനകളെ യോജിപ്പിച്ച് രാജ്യത്ത് ഇടതുപക്ഷ മുന്നണി ശക്തിപ്പെടുത്തികയെന്ന ലക്ഷ്യവും മുന്നില്‍ കണ്ടാണ് ഇടതു പാര്‍ട്ടികളുടെ പുതിയ പ്രക്ഷോഭം.
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള , എസ് സുധാകര്‍ റെഡ്ഡി, എ ബി ബര്‍ദന്‍, ഡി രാജ, ദീപാങ്കര്‍ ഭട്ടാചാര്യ, ജി ദേവരാജന്‍, അബനി റോയ്, കൃഷ്ണ ചക്രവര്‍ത്തി, പ്രാണ്‍ശര്‍മ എന്നിവരാണ് വിവധ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here